കോഴിക്കോട് | പരിസ്ഥിതി സൗഹൃദ യാത്രകളുടെ പ്രാധാന്യം വിളിച്ചോതി ജൂൺ മൂന്നിന് ലോക സൈക്ലിങ് ദിനം ആഘോഷിക്കുമ്പോൾ, സൈക്ലിങ്ങിനെ ജീവിതചര്യയാക്കി മാറ്റിയിരിക്കുകയാണ് അഭിലാഷ് പുത്തഞ്ചേരി. ‘സീറോ കാർബൺ, സീറോ കലാമിറ്റി’ എന്ന സന്ദേശം ഉയർത്തിപ്പിടിച്ച്, ഈയിടെ സമാപിച്ച ഒരു മാസത്തെ ശ്രീലങ്കൻ സൈക്കിൾ പര്യടനം ഐക്യത്തിന്റെയും പരിസ്ഥിതി അവബോധത്തിന്റെയും വലിയ സന്ദേശമാണ് പകർന്നുനൽകിയത്.കേവലം വിനോദയാത്രകൾ മാത്രമല്ല, സാമൂഹിക പ്രതിബദ്ധതയുള്ള ദൗത്യങ്ങളും സൈക്കിളിലൂടെ ഇദ്ദേഹം ഏറ്റെടുത്തിട്ടുണ്ട്. കേരളത്തിലെ പതിനാല് ജില്ലകളിലൂടെ നടത്തിയ ലഹരിവിരുദ്ധ ബോധവൽക്കരണ സൈക്കിൾ റാലി ഇതിനൊരു മികച്ച ഉദാഹരണമാണ്. കോഴിക്കോട് എക്സൈസ് ഡിവിഷന്റെ സഹകരണത്തോടെ നടത്തിയ ഈ ദൗത്യം വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.തന്റെ സൈക്കിൾ യാത്രാ അനുഭവങ്ങൾ പുസ്തകരൂപത്തിൽ തയ്യാറാക്കാനുള്ള ഒരുക്കത്തിലാണിദ്ദേഹം. ഇന്ധനക്ഷാമവും പരിസ്ഥിതി മലിനീകരണവും രൂക്ഷമായ സമകാലിക ലോകത്തിൽ, സൈക്കിൾ ഉപയോഗിക്കുന്നതിലൂടെ ഒരു പരിധിവരെ പരിഹാരം കണ്ടെത്താമെന്ന് ഇദ്ദേഹം ഓർമ്മിപ്പിക്കുന്നു.ജീവിതശൈലീ രോഗങ്ങൾക്കെതിരെയുള്ള ബോധവൽക്കരണവുമായി തിരുവനന്തപുരത്തേക്ക് വേറിട്ടൊരു കാൽനടയാത്ര നടത്താനുള്ള തയ്യാറെടുപ്പിലാണ് ഈ സഞ്ചാരി.