തിരുവനന്തപുരം | പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെച്ചൊല്ലി ഭരണമുന്നണിയിലെ പ്രധാന കക്ഷികളായ സിപിഐഎം സിപിഐ തർക്കം മുറുകുന്നു. ഈ പശ്ചാത്തലത്തിൽ പ്രശ്നപരിഹാരത്തിനായി ഇരുപാർട്ടികളുടെയും നേതാക്കൾ ഇന്ന് നിർണായക ചർച്ച നടത്തും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമായാണ് കൂടിക്കാഴ്ച നടത്തുന്നത്.പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐയ്ക്ക് നൽകാൻ കഴിയില്ലെന്ന നിലപാടിലാണ് സിപിഐഎം ഉറച്ചുനിൽക്കുന്നത്. എന്നാൽ ഉപനേതൃസ്ഥാനം ലഭിക്കണമെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് സിപിഐയും വ്യക്തമാക്കുന്നു. സ്ഥാനം ലഭിക്കുന്നതുവരെ എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗങ്ങളിൽ പങ്കെടുക്കില്ലെന്നാണ് സിപിഐയുടെ തീരുമാനം. കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ ഉപനേതൃസ്ഥാനം നൽകാനാകില്ലെന്ന് എം വി ഗോവിന്ദൻ പരസ്യമായി പ്രഖ്യാപിച്ചതോടെയാണ് ഇരുപാർട്ടികളും തമ്മിലുള്ള ഭിന്നത രൂക്ഷമായത്.നാളെ സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരാനിരിക്കെയാണ് ഇന്ന് രണ്ട് പ്രമുഖ നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്. അതേസമയം, പ്രതിപക്ഷ ഉപനേതൃസ്ഥാനവുമായി ബന്ധപ്പെട്ട് ബിനോയ് വിശ്വം സ്വീകരിക്കുന്ന നിലപാടുകൾക്കെതിരെ സിപിഐയ്ക്കുള്ളിൽ തന്നെ വിമർശനം ഉയർന്നിട്ടുണ്ട്. ഈ വിഷയം തുടക്കത്തിൽ തന്നെ പരസ്യമായി ഉന്നയിക്കേണ്ടതില്ലായിരുന്നു എന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ.SummaryA crucial meeting will be held today between CPIM State Secretary MV Govindan and CPI State Secretary Binoy Viswam to resolve the ongoing dispute over the opposition deputy leader position. While CPI insists on securing the post and has decided to boycott LDF parliamentary party meetings until then, CPIM has openly rejected their demand. The bilateral talk comes just a day ahead of CPI’s state secretariat meeting, amid internal criticism within CPI regarding the handling of the issue.