ബെയ്‌റൂത്തില്‍ ഇസ്‌റാഈല്‍ ആക്രമണം വ്യാപിപ്പിച്ചാല്‍ പ്രത്യാഘാതം കടുത്തതായിരിക്കുമെന്ന് ഇറാന്‍; പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി

Wait 5 sec.

തെഹ്‌റാന്‍ | പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി. ബെയ്‌റൂത്തിലും അതിന്റെ തെക്കന്‍ പ്രവിശ്യകളിലും ആക്രമണം വ്യാപിപ്പിക്കുമെന്ന പ്രഖ്യാപനം ഇസ്‌റാഈല്‍ നടപ്പാക്കിയാല്‍ പ്രത്യാഘാതം കടുത്തതായിരിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയതോടെയാണിത്. വടക്കന്‍ ഇസ്‌റാഈലിലെ നിവാസികളോട് പ്രദേശം വിട്ടുപോകാന്‍ ഇറാന്റെ ഖതം അല്‍-അന്‍ബിയ സെന്‍ട്രല്‍ ഹെഡ്ക്വാട്ടേഴ്‌സ് ആവശ്യപ്പെട്ടു.ഇറാനും യു എസും തമ്മിലുള്ള വെടിനിര്‍ത്തല്‍ ലബനാന്‍ ഉള്‍പ്പെടെ എല്ലാ മേഖലകള്‍ക്കും ബാധകമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. വെടിനിര്‍ത്തല്‍ ഒരു മേഖലയില്‍ ലംഘിച്ചാല്‍ അത് എല്ലാ മേഖലയിലെയും ലംഘനമാണെന്നും അദ്ദേഹം പ്രതികരിച്ചു.ഇറാനുമായി നല്ല ധാരണ രൂപപ്പെടുത്താന്‍ കഴിഞ്ഞുവെന്നാണ് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടത്. എന്നാല്‍, കൂടുതല്‍ കര്‍ശനമായി വ്യവസ്ഥകള്‍ അടിച്ചേല്‍പ്പിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നതായാണ് യു എസ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.അതിനിടെ, മേഖലയിലെ സംഘര്‍ഷാവസ്ഥ അവസാനിപ്പിക്കാനുള്ള നയതന്ത്ര ഇടപെടല്‍ തുടരാനും ലബനാനിലെ വെടിനിര്‍ത്തല്‍ നിലനിര്‍ത്തുന്നതിനുള്ള ശ്രമങ്ങളെ പിന്തുണക്കാനും പാകിസ്താനോട് ഇറാന്‍ ആവശ്യപ്പെട്ടു. ഇസ്‌ലാമാബാദ് പുറത്തിറക്കിയ ഒരു പ്രസ്താവനയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.