കണ്ണീരോര്‍മകളില്‍ നോവടക്കി പാങ്ങ് സ്‌കൂളില്‍ പ്രവേശനോത്സവം

Wait 5 sec.

മലപ്പുറം | നോവിന്റെ അക്ഷരമുറ്റത്ത് പ്രതീക്ഷയുടെ ഇളം പുഞ്ചിരികളുമായി വീണ്ടുമൊരു പ്രവേശനോത്സവം. വാഹനാപകടം കവര്‍ന്നെടുത്ത പ്രിയപ്പെട്ട അഞ്ച് അധ്യാപകരുടെയും ജീവനക്കാരുടെയും ഓര്‍മകള്‍ കണ്ണീരായി പെയ്തിറങ്ങിയ ഇന്നലെകളെ ഓര്‍മകളിലേക്ക് വിട്ട് പുസ്തകസഞ്ചിയുമേന്തി അവര്‍ സ്‌കൂള്‍ കവാടം കടന്ന് ഒരിക്കല്‍ കൂടിയെത്തി. ഏപ്രില്‍ 17ന് വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം പാങ്ങ് ജി എല്‍ പി സ്‌കൂളിലെ അഞ്ച് അധ്യാപകര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ദുരന്തത്തിന്റെ ഓര്‍മകള്‍ കുഞ്ഞുമനസ്സുകളെ ഒട്ടും പരുക്കേല്‍പ്പിക്കാതിരിക്കാന്‍ നാട് മുഴുവന്‍ ഒരുമിച്ച് ആഘോഷപൂര്‍വമായ പ്രവേശനോത്സവമാണ് നടത്തിയത്. വര്‍ണാഭമായ തൊപ്പികളും ബലൂണുകളും മിഠായികളുമായി കുട്ടികളെ വിദ്യാലയത്തിലേക്ക് സ്വീകരിച്ചു.വേര്‍പിരിഞ്ഞുപോയ അധ്യാപകരുടെ സ്നേഹത്തണല്‍ ഒട്ടും കുറയാതെ വിദ്യാര്‍ഥികളെ ചേര്‍ത്തുപിടിക്കാന്‍ പുതിയ നാല് അധ്യാപകരും അവര്‍ക്കൊപ്പം ചേര്‍ന്നു. പ്രാദേശിക കലാകാരന്മാര്‍ ചുമരുകളില്‍ വര്‍ണചിത്രങ്ങള്‍ വരച്ച് സ്‌കൂളിന്റെ മുഖഛായ തന്നെ മാറ്റിയിരുന്നു. മുഖ്യാതിഥിയായി എത്തിയ നാടന്‍പാട്ട് കലാകാരന്‍ അതുല്‍ നറുകരയുടെ പാട്ടുകള്‍ കുട്ടികളില്‍ ആവേശം പകര്‍ന്നു. ശേഷം കുട്ടികളുടെ കലാപരിപരിപാടികളും നടന്നു.കെ എസ് ടി എയുടെ ‘സ്മൃതിലയം’ പദ്ധതിയിലൂടെ പ്രീ-പ്രൈമറി വിഭാഗത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കുറുവ ഗ്രാമപഞ്ചായത്ത് 30 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ശീതീകരിച്ച ക്ലാസ്സ് മുറികളും ഇന്‍ഡോര്‍ കളിയിടങ്ങളും ഒരുങ്ങും. പാങ്ങ് ജി യു പി സ്‌കൂള്‍ പി ടി എ ഒന്നാം ക്ലാസ്സുകാര്‍ക്കും പാങ്ങ് സര്‍വീസ് സഹകരണ ബേങ്ക് ബാക്കിയുള്ള വിദ്യര്‍ഥികള്‍ക്കും ആവശ്യമായ ബാഗ്, യൂനിഫോം, പഠനോപകരണങ്ങള്‍ എന്നിവ സൗജന്യമായി വിതരണം ചെയ്തു.വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ പ്രധാനാധ്യാപിക അജിത, അധ്യാപകരായ റംല, സുഹ്റ, ആശ, മജീദ് എന്നിവരും പാചകക്കാരി സാജിതയും സ്‌കൂള്‍ ബസ് ഡ്രൈവര്‍ നൗഷാദലിയുമടക്കം 10 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അപകടത്തില്‍ മരിച്ച സ്‌കൂളിലെ പാചകത്തൊഴിലാളി സാജിതയുടെ മകന്‍ ഷഹദില്‍ പരുക്കിനിടയിലും ആംബുലന്‍സില്‍ സ്‌കൂളിലെത്തി. കെ എസ് കെ എം യു പി സ്‌കൂളിലെ ഏഴാംക്ലാസ്സ് വിദ്യാര്‍ഥിയായ ഷഹദിലും ഉമ്മയോടൊപ്പം യാത്ര പോയിരുന്നു. അത്ഭുതകരമായാണ് ഷഹദില്‍ രക്ഷപ്പെട്ടത്. പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം മഞ്ഞളാംകുഴി അലി എം എല്‍ എ നിര്‍വഹിച്ചു. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വി ജുവൈരിയ അധ്യക്ഷത വഹിച്ചു.