പരീക്ഷണ കാലം

Wait 5 sec.

ന്യൂഡല്‍ഹി | വിദ്യാര്‍ഥികളെ വലച്ച് സി ബി എസ് ഇ. പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രതിസന്ധി തുടരുന്നു. പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷ നല്‍കേണ്ട സൈറ്റ് ഇതുവരെ പ്രവര്‍ത്തനക്ഷമമായില്ല. ഇന്നലെ പുലര്‍ച്ചെ മുതല്‍ അപേക്ഷ നല്‍കാന്‍ കാത്തിരുന്ന വിദ്യാര്‍ഥികള്‍ക്ക് സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് പോര്‍ട്ടല്‍ തുറക്കാന്‍ കഴിഞ്ഞില്ല. സൈറ്റ് അപ്‌ഡേറ്റ് ചെയ്യാനുള്ള നടപടി തുടരുകയാണെന്നും പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്നും സി ബി എസ് ഇ അധികൃതര്‍ പ്രതികരിച്ചുവെങ്കിലും ഇന്നലെ രാത്രി വൈകിയും സൈറ്റ് പ്രവര്‍ത്തനക്ഷമമായില്ല.സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയുടെ ഫലവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ കഴിഞ്ഞ മാസം 29നാണ് സുതാര്യവും തടസ്സരഹിതവുമായ പ്രക്രിയ ഉറപ്പാക്കുന്നതിനായി, ഉത്തരക്കടലാസുകളുടെ പരിശോധനക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള പോസ്റ്റ്- റിസള്‍ട്ട് പോര്‍ട്ടല്‍ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് സി ബി എസ് ഇ അറിയിച്ചത്. വെരിഫിക്കേഷന്‍, പുനര്‍മൂല്യനിര്‍ണയ പ്രക്രിയകള്‍ക്കുള്ള ഫീസ്് നൂറ് രൂപയായി കുറക്കുകയും ചെയ്തിരുന്നു. ഓരോ ചോദ്യത്തിനും പുനഃപരിശോധന നടത്തുന്നതിനുള്ള ഫീസ് 25 രൂപയായി നിശ്ചയിച്ചിരുന്നു.നടപടിയുമായി മന്ത്രാലയംസി ബി എസ് ഇ പരീക്ഷാ വിവാദത്തില്‍ നടപടിയുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. പരീക്ഷാ മൂല്യനിര്‍ണയത്തിലെ വീഴ്ചയില്‍ മന്ത്രാലയം ആഭ്യന്തര അന്വേഷണം ആരംഭിച്ചു. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. മൂല്യനിര്‍ണയത്തിലടക്കം വന്ന വീഴ്ചകള്‍ പരിശോധിക്കാനാണ് ആഭ്യന്തര അന്വേഷണം.വിവാദ കമ്പനിയായ കോംപ്റ്റിന് കരാര്‍ നല്‍കിയതില്‍ റിപോര്‍ട്ട് തേടി. ടെന്‍ഡര്‍ നടപടികളുടെ വിശദാംശങ്ങള്‍ ശേഖരിച്ചു. കമ്പനിക്ക് അനുകൂലമായി ടെന്‍ഡര്‍ വ്യവസ്ഥകള്‍ അടക്കം തിരുത്തിയെന്ന ആരോപണങ്ങള്‍ക്കിടെയാണ് മന്ത്രാലയം ഇടപെടുന്നത്. അതിനിടെ, വിഷയം വിദ്യാഭ്യാസ പാര്‍ലിമെന്ററി സമിതി ഇന്ന് പരിഗണിക്കും.രാജിക്ക് മുറവിളിസി ബി എസ് ഇ, നീറ്റ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നുമുള്ള ആവശ്യം ശക്തമാകുന്നു. കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തി. രാജ്യത്തെ വിദ്യാഭ്യാസ മേഖലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വീഴ്ചയാണിതെന്നും ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്നും കോണ്‍ഗ്രസ്സ് നേതാവ് പവന്‍ ഖേര വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.തെരുവിലിറങ്ങാന്‍ ‘പാറ്റപ്പാര്‍ട്ടി’ന്യൂഡല്‍ഹി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സമരത്തിനൊരുങ്ങി സാമൂഹിക മാധ്യമത്തിലെ കൂട്ടായ്മയായ കോക്രോച്ച് ജനതാ പാര്‍ട്ടി (സി ജെ പി). ഇതിനായി സി ജെ പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ വിദേശത്തു നിന്ന് ഡല്‍ഹിയിലെത്തും.ഈ മാസം ആറിന് ഇന്ത്യയില്‍ എത്തുമെന്ന് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയില്‍ അഭിജിത് ദീപ്‌കെ അറിയിച്ചു. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് നേരിട്ട് പാര്‍ലിമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് പോകുമെന്നും പ്രതിഷേധിക്കാന്‍ അനുമതി തേടുമെന്നും വീഡിയോയില്‍ പറഞ്ഞു. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് സി ജെ പി സ്ഥാപകന്‍ അറിയിച്ചത്.