വേനലവധിക്കുശേഷം സ്‌കൂളുകള്‍ ഇന്നു തുറക്കും; കുട്ടികളെ വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങള്‍

Wait 5 sec.

തിരുവനന്തപുരം | രണ്ടുമാസത്തെ വേനല്‍ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. കുട്ടികളെ വരവേല്‍ക്കാനുള്ള വിപുലമായ ഒരുക്കങ്ങള്‍ സ്‌കൂളുകളില്‍ പൂര്‍ത്തിയായി. 44 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഇത്തവണ സ്‌കൂളുകളിലേക്ക് എത്തുക. ഇതില്‍ മൂന്ന് ലക്ഷത്തോളം കുരുന്നുകള്‍ ഒന്നാം ക്ലാസിലേക്ക് പുതുതായി പ്രവേശനം തേടും.പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പട്ടം ഗവണ്‍മെന്റ് മോഡല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും. വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ അധ്യക്ഷത വഹിക്കും. സംസ്ഥാനതല ഉദ്ഘാടനത്തിന് പുറമേ എല്ലാ ജില്ലകളിലും ജില്ലാതലത്തിലും പ്രാദേശിക സ്‌കൂള്‍തലത്തിലും വിപുലമായ പ്രവേശന പരിപാടികളാണ് നടക്കുക. ഒപ്പം വേദികളില്‍ സൈബര്‍ സുരക്ഷ പ്രതിജ്ഞയുമെടുക്കും. പട്ടം സ്‌കൂളുകളില്‍ പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി ഷംസുദ്ദീന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.പഠനസമയം ഉറപ്പാക്കാന്‍ വിദ്യാഭ്യാസ കലണ്ടറും തയ്യാറായിട്ടുണ്ട്.എല്‍ പി സ്‌കൂളുകളില്‍ 800 മണിക്കൂറാണ് അധ്യയന സമയം. യു പിയില്‍ 1,000 മണിക്കൂറും ഹൈസ്‌ക്കൂളില്‍ 1,200 മണിക്കൂറുമായിരിക്കും അധ്യയന സമയം. ഇതുപ്രകാരം എല്‍ പി സ്‌കൂളുകളില്‍ ശനിയാഴ്ച പ്രവൃത്തിദിനമുണ്ടാകില്ല. എന്നാല്‍ യു പിയില്‍ മൂന്ന് ശനിയാഴ്ചയും ഹൈസ്‌ക്കൂളില്‍ ഏഴ് ശനിയാഴ്ചയും പ്രവൃത്തിദിനമുണ്ടാകും.