18 വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു കഴിഞ്ഞ വർഷം ആദ്യമായി കിരീടം സ്വന്തമാക്കിയത്. മത്സരത്തിന്റെ വിജയാഹ്ലാദങ്ങൾക്ക് ശേഷം ഡ്രസിങ് റൂമിലെത്തിയ വിരാട് കോഹ്ലി ടീം ക്യാപ്റ്റനെ കുറിച്ച് പറഞ്ഞതിങ്ങനെ. ‘Injury replacement to IPL-winning captain… bloody hell, that’s a turnaround’ എന്ന്. ഈ ഒരു വാചകത്തിലുണ്ടായിരുന്നു രജത് പാട്ടിദാറിന്റെ ഐപിഎൽ കരിയറും.റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ചരിത്രം തന്നെ മാറ്റിയെഴുതിയ ക്രിക്കറ്ററാണ് മധ്യപ്രദേശ് ബാറ്റർ രജത് പാട്ടിദാർ. ഐപിഎല്ലിൽ ഒരിക്കൽ റിലീസ് ചെയ്യപ്പെട്ട, മെഗാ ഓക്ഷനിൽ അൺസോൾഡായ കഥയും രജത്തിനുണ്ട്. അവിടെ നിന്നാണ് തനിക്ക് ലഭിച്ച അവസരത്തെ കരിയറാക്കി ആ മനുഷ്യൻ മാറ്റിയത്.2021ൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമിനായി അരങ്ങേറ്റം കുറിച്ച പട്ടിദാർക്ക് വളരെ കുറച്ച് അവസരങ്ങൾ മാത്രമാണ് ലഭിച്ചത്. ആ സീസണിലാകട്ടെ വലിയ പ്രകടനങ്ങളൊന്നും കാഴ്ചവെക്കാൻ കഴിഞ്ഞതുമില്ല. അതിന്റെ ഫലം രജത്തിനെ റിലീസ് ചെയ്യലായിരുന്നു.ALSO READ: അഹമ്മദാബാദിൽ ഇന്ന് കലാശപ്പോര്: രണ്ടാം ഐപിഎൽ കിരീടം ലക്ഷ്യമിട്ട് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും2022 മെഗാ ലേലത്തിലും ഈ കളിക്കാരനെ ആരും വാങ്ങിയില്ല. ഒരു ഐപിഎൽ താരത്തിന്റെ സ്വപ്നം അവിടെ അവസാനിച്ചെന്നായിരുന്നു പലരുടെയും വിലയിരുത്തൽ. പക്ഷേ ആ കഥയ്ക്കൊരു ട്വിസ്റ്റുണ്ട്. ലുവ്നിഥ് സിസോദിയയ്ക്ക് പരുക്ക് പറ്റിയപ്പോൾ രജത് പാട്ടിദാറിനെ ആർസിബി വീണ്ടും വിളിച്ചു. ഇഞ്ചുറി റിപ്ലേസ്മെന്റായി ഒരു ബാക്കപ്പ് ഓപ്ഷനായി മാത്രം.ആ സീസണിലെ എലിമിനേറ്റർ മത്സരം. വിരാട് കോഹ്ലിയുടെ റൺസ് മഴ കാത്തിരുന്നവർക്ക് രജത് പാട്ടിദാറാണ് ദൃശ്യ വിരുന്നൊരുക്കിയത്. 54 പന്തിൽ പുറത്താകാതെ 112 റൺസ്, 12 ഫോറുകൾ, 7 സിക്സറുകൾ. പ്ലേ ഓഫ്സ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ചുറികളിലൊന്ന്.2022ൽ രജത് കളിച്ചത് വെറും 7 മത്സരങ്ങൾ മാത്രം. നേടിയത് 333 റൺസ്. 152-ലധികം സ്ട്രൈക്ക് റേറ്റ്. ഒരു സെഞ്ച്വറിയും രണ്ടു അർധസെഞ്ചുറികളും. അടുത്ത രണ്ടു സീസണുകളിലും നല്ല പ്രകടനം. 2023ൽ 418 റൺസ്. 2024-ൽ 428 റൺസ് അതിനിടയിലും പരുക്കുകൾ രജത് പാട്ടിദാറിനെ വേട്ടയാടി.2025ൽ ആർസിബി അവരുടെ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചു. ഒരു സൂപ്പർ താരത്തെ പ്രതീക്ഷിച്ചവരെല്ലാം ഞെട്ടി. ക്യാപ്റ്റൻ രജത് പാട്ടീദാർ. ശാന്തത, ധൈര്യം, ടീമിനെ ഒരുമിച്ച് നിർത്താനുള്ള നേതൃപാടവം എന്നിവയാകാം ആർസിബി മാനേജ്മെന്റിനെ രജത് പാട്ടിദാറെന്ന പേരിലേക്ക് എത്തിച്ചത്.ക്യാപ്റ്റനെ തെരഞ്ഞെടുത്തപ്പോൾ ‘ആരാണ് ഇവൻ? അയ്യേ ഇവനോ?’ എന്നെല്ലാം ആരാധകരുടെ ഇടയിൽ നിന്നുപോലും വിമർശനങ്ങൾ ഉയർന്നിരുന്നു. ആ സീസണിൽ ക്യാപ്റ്റനായ പട്ടിദാർ ബാറ്റ് കൊണ്ടും തിളങ്ങി. 17 മത്സരങ്ങൾ, 578 റൺസ് 152ലധികം സ്ട്രൈക്ക് റേറ്റ് ഇതിനെല്ലാം ഉപരി 18 വർഷമായി കാത്തിരുന്ന ആർസിബിക്ക് അദ്ദേഹം ആദ്യ ഐപിഎൽ കിരീടം സമ്മാനിച്ചു.ALSO READ: പാരീസ് സെയിന്റ്-ജർമെയിൻ വീണ്ടും യൂറോപ്യൻ രാജാക്കന്മാർ; ആഴ്‌സണലിനെ മറികടന്നത് പെനാൽറ്റി ഷൂട്ട് ഔട്ടിലൂടെഅപ്പോൾ ക്രിസ് ഗെയ്‌ലോ, എ ബി ഡിവിലിയേഴ്‌സോ ടീമിലില്ല. വിരാട് കോഹ്‌ലിക്ക് പോലും സാധിക്കാതെ പോയത്, ഒരു ഇഞ്ചുറി റിപ്ലേസ്മെന്റായി ടീമിലെത്തിയ താരം ക്യാപ്റ്റനായി നേടിക്കൊടുത്തു. ഈ സീസണിലും രജത് പാട്ടിദാറെന്ന ക്യാപ്റ്റൻ റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിനെ ഉയർന്ന നെറ്റ് റൺ റേറ്റോടെ ടേബിൾ ടോപിലെത്തിച്ചു.ഗുജറാത്തിനെതിരായ ക്വാളിഫയർ ഒന്നിൽ വെറും 33 പന്തിൽ പുറത്താകാതെ 93 റൺസും നേടി. സീസണിൽ ഏറ്റവുമധികം സിക്സ് നേടിയ ക്യാപ്റ്റനെന്ന നേട്ടവും രജത് പാട്ടിദാറിന് സ്വന്തം. 254 റൺസാണ് ആർസിബി ആ മത്സരത്തിൽ നേടിയത്.പ്ലേ ഓഫ് ചരിത്രത്തിലെ ഏറ്റവും വലിയ ടീം സ്കോറുകളിൽ ഒന്ന്. ഇനി ഫൈനൽ പോരാട്ടമാണ്. എതിരാളികൾ ഗുജറാത്ത് ടൈറ്റൻസ് തന്നെ. അഹമ്മദാബാദിൽ രജത് പാട്ടിദാർ റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിനായി ചരിത്രം ആവർത്തിക്കുമോയെന്ന് കണ്ടു തന്നെ അറിയണം. എങ്കിൽ ഐപിഎൽ സാക്ഷ്യം വഹിക്കുക റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിന്റെ മറ്റൊരു യുഗമാകും.The post ഇഞ്ചുറി റീപ്ലേസ്‌മെന്റിൽ നിന്ന് ഐപിഎൽ കിരീടമുയർത്തിയ ക്യാപ്റ്റൻ; ആർസിബിയുടെ സ്വന്തം രജത് പാട്ടിദാർ appeared first on Kairali News | Kairali News Live.