പ്രസവത്തിന് പിന്നാലെ യുവതി ആശുപത്രിയില്‍ നിന്ന് വലിച്ചെറിഞ്ഞ കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുക്കും

Wait 5 sec.

ആലപ്പുഴ | ഹരിപ്പാട് പ്രസവത്തിന് പിന്നാലെ 19 വയസ്സുകാരി വലിച്ചെറിഞ്ഞ കുഞ്ഞിനെ ശിശുക്ഷേമ സമിതി (CWC-Child Welfare Committee) ഏറ്റെടുക്കും. രണ്ടുമാസം ഇവിടെ നിര്‍ത്തിയ ശേഷം മാതാവ് കുഞ്ഞിനെ ആവശ്യപ്പെട്ടാല്‍ വിട്ടുനല്‍കും. കുഞ്ഞിനെ വേണ്ടെന്ന് യുവതി സി ഡബ്ല്യു സിയെ അറിയിച്ചിരുന്നു.വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതി കുഞ്ഞിന് പാല്‍ കൊടുക്കാന്‍ പോലും തയ്യാറാകുന്നില്ല. താന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും വയറ്റില്‍ കൊഴുപ്പ് അടിഞ്ഞതാണെന്നാണ് കരുതിയതെന്നുമാണ് പെണ്‍കുട്ടി ഡി ഡബ്ല്യു സിക്ക് മൊഴി നല്‍കിയിട്ടുള്ളത്. യുവതിക്കെതിരെ വധശ്രമത്തിന് കേസെടുത്ത പോലീസ്, അവിവാഹിതയായ പെണ്‍കുട്ടി മാനഹാനി ഭയന്ന് കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് എഫ്‌ഐ ആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.എറണാകുളത്ത് പഠനത്തിനൊപ്പം ജോലി ചെയ്യുന്നതിനിടെ, പരിചയപ്പെട്ട ഇതര സംസ്ഥാനക്കാരനായ യുവാവുമായി അടുപ്പമുണ്ടായിരുന്നുവെന്നും യുവതി പറയുന്നു. എന്നാല്‍ അടുത്ത കാലത്തായി അയാളുമായി ബന്ധമില്ലെന്നും താന്‍ ഗര്‍ഭിണിയായതും പ്രസവിച്ചതുമൊന്നും അയാള്‍ അറിഞ്ഞിട്ടുണ്ടാകില്ലെന്നും അധികൃതരോട് യുവതി വ്യക്തമാക്കി.ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിലാണ് യുവതി പ്രസവിച്ചത്. കടുത്ത വയറുവേദനയുണ്ടെന്ന് പറഞ്ഞ് പെണ്‍കുട്ടി കുടുംബത്തോടൊപ്പം ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തുകയായിരുന്നു. പരിശോധനയില്‍ ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നിയിരുന്നു. എന്നാല്‍, ഇത് സമ്മതിക്കാതിരുന്ന പെണ്‍കുട്ടി പരിശോധനയുമായി സഹകരിക്കാന്‍ തയ്യാറായില്ല. വേദന കുറയാനുള്ള മരുന്ന് നല്‍കിയിട്ടും ഫലമുണ്ടാകാതിരുന്നതിനാല്‍ നിരീക്ഷണത്തില്‍ തുടരാന്‍ നിര്‍ദേശം നല്‍കി. അര്‍ധരാത്രിയോടെ പെണ്‍കുട്ടി ശുചിമുറിക്കുള്ളില്‍ പ്രസവിക്കുകയായിരുന്നു. തുടര്‍ന്ന് പൊക്കിള്‍ കൊടി സ്വയം മുറിച്ച് മാറ്റിയ ശേഷം കുട്ടിയെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു. കരച്ചില്‍ കേട്ട ആശുപത്രി ജീവനക്കാരാണ് കുഞ്ഞിനെ രക്ഷിച്ചത്. മാതാവും കുഞ്ഞും അപകടനില തരണം ചെയ്തിട്ടുണ്ട്.