തിരുവനന്തപുരം നഗരത്തിൽ അരമണിക്കൂറോളം നീണ്ടുനിന്ന മഴയിൽ തന്നെ പ്രധാന റോഡുകളും വ്യാപാര കേന്ദ്രങ്ങളും വെള്ളത്തിനടിയിലായ സംഭവം തിരുവനന്തപുരം കോർപ്പറേഷന്റെ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ പൂർണമായും പരാജയപ്പെട്ടുവെന്നതിന്റെ വ്യക്തമായ തെളിവാണെന്ന് എൽ.ഡി.എഫ് പാർലിമെന്ററി പാർട്ടി നേതാവ് അഡ്വ. ദീപക് എസ്.പി ആരോപിച്ചു.തമ്പാനൂർ, കിഴക്കേക്കോട്ട, പഴവങ്ങാടി, ആക്കുളം-ഉള്ളൂർ റോഡ് ഉൾപ്പെടെയുള്ള നഗരത്തിന്റെ പ്രധാന ഭാഗങ്ങൾ വെള്ളക്കെട്ടിലായതോടെ ജനജീവിതവും ഗതാഗത സംവിധാനവും മണിക്കൂറുകളോളം സ്തംഭിച്ചു. ലോകപ്രശസ്തമായ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് മുൻവശത്തെ റോഡ് വരെ വെള്ളത്തിനടിയിലാകുകയും ആമയിഴഞ്ചാൻ തോട് കരകവിഞ്ഞ് മലിനജലം പൊതുനിരത്തിലേക്ക് ഒഴുകുകയും ചെയ്തത് തലസ്ഥാന നഗരത്തിന്റെ ചരിത്രത്തിൽ തന്നെ നാണക്കേടുണ്ടാക്കുന്ന സംഭവമാണെന്നും അദ്ദേഹം പറഞ്ഞു.മുട്ടറ്റം വരെ ഉയർന്ന മലിനജലത്തിലൂടെയാണ് സ്ത്രീകളും കുട്ടികളും വയോജനങ്ങളുമടക്കമുള്ള സാധാരണ ജനങ്ങൾ സഞ്ചരിക്കേണ്ടി വന്നത്. ദുർഗന്ധം മൂലം പല പ്രദേശങ്ങളിലും നിൽക്കാൻ പോലും കഴിയാത്ത സാഹചര്യമുണ്ടായി. സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രമായ നഗരത്തിന്റെ ഹൃദയഭാഗത്ത് ഇത്തരമൊരു അവസ്ഥ രൂപപ്പെട്ടത് കോർപ്പറേഷന്റെ കാര്യക്ഷമതയില്ലായ്മയുടെയും ഭരണപരമായ അനാസ്ഥയുടെയും നേർക്കാഴ്ചയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.മാലിന്യ നിർമാർജന സംവിധാനത്തിന്റെ സമ്പൂർണ തകർച്ചയുടെ തെളിവാണ് മഴവെള്ളത്തിനൊപ്പം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തിയ മാലിന്യക്കൂമ്പാരങ്ങൾ. പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് അവശിഷ്ടങ്ങളും പൊതുനിരത്തിലേക്ക് ഒഴുകിയെത്തിയ ദൃശ്യങ്ങൾ കേരളം മുഴുവൻ കണ്ടു. ഓടകളും തോടുകളും കനാലുകളും സമയബന്ധിതമായി ശുചീകരിക്കുകയും മാലിന്യനീക്കം കാര്യക്ഷമമായി നടപ്പാക്കുകയും ചെയ്തിരുന്നുവെങ്കിൽ ഇത്തരം സാഹചര്യം ഒഴിവാക്കാനാകുമായിരുന്നു. നഗരത്തിലെ മാലിന്യ സംസ്കരണ-ശുചീകരണ സംവിധാനങ്ങൾ എത്രത്തോളം തകർന്നിരിക്കുകയാണെന്നതിന്റെ നേർക്കാഴ്ചയാണ് ഇന്നുണ്ടായ സംഭവങ്ങളെന്നും അദ്ദേഹം പറഞ്ഞു.ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷമുള്ള നഗര ശുചീകരണവുമായി ബന്ധപ്പെട്ട ഗുരുതര വീഴ്ചകൾ കേരളം കണ്ടതാണ്. അന്ന് ഉയർന്ന വിമർശനങ്ങളിൽ നിന്ന് ഒരു പാഠം പോലും ഉൾക്കൊള്ളാൻ കോർപ്പറേഷൻ തയ്യാറായില്ല. മഴക്കാലം ആരംഭിക്കുന്നതിന് മുൻപ് ഓടകൾ, തോടുകൾ, കനാലുകൾ എന്നിവ സമഗ്രമായി ശുചീകരിക്കണമെന്നും വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് ഉറപ്പാക്കണമെന്നും നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഫലപ്രദമായ നടപടികൾ സ്വീകരിച്ചില്ല. കോടിക്കണക്കിന് രൂപ ചെലവഴിച്ചതായി അവകാശപ്പെടുമ്പോഴും അതിന്റെ യാതൊരു ഫലവും നിലത്ത് കാണാനില്ലെന്നും അദ്ദേഹം വിമർശിച്ചു.മഴക്കാല മുന്നൊരുക്കങ്ങളെക്കുറിച്ച് സംസ്ഥാന സർക്കാർ നിരന്തരം അവലോകന യോഗങ്ങൾ നടത്തുകയും മുന്നറിയിപ്പുകൾ നൽകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തലസ്ഥാന നഗരത്തിലെ ഈ ദയനീയ കാഴ്ചകൾ അരങ്ങേറിയത്. ശക്തമായ മഴ ആരംഭിക്കുന്നതിന് മുമ്പ് തന്നെ നഗരം വെള്ളത്തിലാകുന്നുവെങ്കിൽ വരും ദിവസങ്ങളിലെ കനത്ത മഴയിൽ സ്ഥിതി എത്രത്തോളം ഗുരുതരമാകുമെന്ന ആശങ്ക ജനങ്ങളിൽ ശക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.പൂജപ്പുര ശ്രീചിത്ര റിസർച്ച് സെന്ററിന്റെ മതിൽ ഇടിഞ്ഞുവീണതും വിവിധ പ്രദേശങ്ങളിലെ കടകളിലും വീടുകളിലും വെള്ളം കയറിയതും ഗ്രാമീണ മേഖലകളിൽ വൈദ്യുതി ബന്ധം തകരാറിലായതും സാഹചര്യത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. നഗര ദുരന്തനിവാരണ സംവിധാനവും മഴക്കാല മുന്നൊരുക്കങ്ങളും എത്രത്തോളം അപര്യാപ്തമാണെന്ന് ഇതിലൂടെ വ്യക്തമാകുന്നതായും അദ്ദേഹം പറഞ്ഞു.Also read: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത, ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേ‍ർട്ട്സംസ്ഥാനത്തിന്റെ ഭരണ, സാംസ്കാരിക, വിദ്യാഭ്യാസ, ആരോഗ്യ, വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ രാജ്യത്തിനകത്തും പുറത്തും ശ്രദ്ധിക്കപ്പെടുന്ന നഗരമാണ് തിരുവനന്തപുരം. എന്നാൽ കോർപ്പറേഷന്റെ കെടുകാര്യസ്ഥതയും ഭരണപരമായ അലംഭാവവും കാരണം ചെറിയ മഴയിൽ പോലും നഗരം വെള്ളക്കെട്ടിലാകുകയും മലിനജലം പൊതുനിരത്തിലേക്ക് ഒഴുകുകയും ചെയ്യുന്നത് തലസ്ഥാന നഗരത്തിന്റെ യശസ്സിനും പ്രതിച്ഛായയ്ക്കും ഗുരുതരമായ ക്ഷതമാണ് വരുത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനങ്ങളുടെ ജീവനും ആരോഗ്യവും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ കോർപ്പറേഷൻ ഗുരുതര വീഴ്ചയാണ് വരുത്തിയിരിക്കുന്നത്. രോഗവ്യാപന സാധ്യത കണക്കിലെടുത്ത് അടിയന്തര ആരോഗ്യ പ്രതിരോധ നടപടികൾ സ്വീകരിക്കണം. സ്കൂൾ പ്രവേശന സമയമായതിനാൽ വിദ്യാർത്ഥികളെയും നിലവിലെ സാഹചര്യം പ്രതികൂലമായി ബാധിക്കും. കടകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിയതോടെ വ്യാപാരികൾക്കും വഴിയോര കച്ചവടക്കാർക്കും വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടായത്. നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. തലസ്ഥാന നഗരത്തിന്റെ സമ്പദ്ഘടനയെ പോലും ബാധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.നിലവിലെ സാഹചര്യത്തിൽ ദ്രുതകർമ സേനയെ അടക്കം വിന്യസിച്ച് അടിയന്തര രക്ഷാപ്രവർത്തനങ്ങളും ശുചീകരണ പ്രവർത്തനങ്ങളും നടത്തണം. നഗരത്തെ ഈ ദുരിതാവസ്ഥയിൽ നിന്ന് മോചിപ്പിക്കാൻ ശാസ്ത്രീയവും ദീർഘകാലാടിസ്ഥാനത്തിലുള്ളതുമായ പദ്ധതികൾ സർക്കാർ അടിയന്തരമായി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.Also read: വിഡി സതീശന് സുപ്രീംകോടതിയേക്കാൾ വിശ്വാസം ബിജെപി നിയന്ത്രിക്കുന്ന കേന്ദ്ര ഏജൻസികളെ: കെ കെ രാഗേഷ്“100 ദിവസം കൊണ്ട് മാറാത്തത് മാറും”, “ബ്ലൂപ്രിന്റ് തയ്യാറാണ്”, “ഇൻഡോർ മാതൃകയിലെ വികസനം” തുടങ്ങിയ അവകാശവാദങ്ങളുമായി ദിവസേന വാർത്താസമ്മേളനങ്ങൾ നടത്തുന്ന മേയർ, കിഴക്കേക്കോട്ടയിലും തമ്പാനൂരിലും ഉണ്ടായ വെള്ളക്കെട്ട് കോർപ്പറേഷന്റെ വീഴ്ചയല്ലെന്ന വിചിത്ര വാദമാണ് ഇപ്പോൾ മുന്നോട്ടുവയ്ക്കുന്നത്. സി.എസ്.ആർ ഫണ്ടുകളിലേക്കാണ് മേയർക്കും സംഘത്തിനും നോട്ടമെന്നും നിലവിൽ നടക്കുന്ന സ്വച്ഛ് സർവേക്ഷൻ സർവേകളിൽ കേന്ദ്ര ഏജൻസികൾക്ക് തെറ്റായ കണക്കുകൾ നൽകുകയാണെന്നും ജനങ്ങളെ കബളിപ്പിക്കാൻ “റീൽസ് നാടകങ്ങൾ” അരങ്ങേറുകയാണെന്നും അഡ്വ. ദീപക് എസ്.പി ആരോപിച്ചു.The post തിരുവനന്തപുരം കോർപ്പറേഷന്റെ മഴക്കാലപൂർവ ശുചീകരണം പരാജയം; നഗരത്തെ ദുരിതക്കയത്തിലാഴ്ത്തി ഭരണവീഴ്ച: അഡ്വ. ദീപക് എസ് പി appeared first on Kairali News | Kairali News Live.