നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ മരണം; കുറ്റം സമ്മതിച്ച് രണ്ടാനച്ഛന്‍

Wait 5 sec.

തിരുവനന്തപുരം | നെടുമങ്ങാട് ഒന്നര വയസുകാരന്‍ അര്‍ഷിദിനെ കൊലപ്പെടുത്തിയത് താന്‍ തന്നെയാണെന്ന് സമ്മതിച്ച് രണ്ടാനച്ഛന്‍ അഷ്‌കര്‍. പോലീസ് ചോദ്യം ചെയ്യലിലാണ് അഷ്‌കര്‍ കുറ്റം സമ്മതിച്ചത്. ഭക്ഷണം കൊടുക്കുന്നതിനിടെ കുഞ്ഞ് നിര്‍ത്താതെ കരഞ്ഞപ്പോള്‍ തലയില്‍ ശക്തമായി അടിക്കുകയായിരുന്നുവെന്നാണ് അഷ്‌കറിന്റെ മൊഴി. തുടര്‍ന്ന് കുഞ്ഞ് അബോധാവസ്ഥയിലായെന്നും പ്രതി പറഞ്ഞു.കുഞ്ഞിന്റെ തലക്ക് പിന്നില്‍ ശക്തമായ ക്ഷതമേറ്റതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. ജനനേന്ദ്രിയത്തിലുള്‍പ്പെടെ ശരീരമാസകലം മര്‍ദനത്തിന്റെ മുറിവുകളും പാടുകളും കൈകാലുകളിലും മുതുകിലും പൊള്ളലേറ്റതിന്റെ അടയാളങ്ങളും കണ്ടെത്തി. കുഞ്ഞിന്റെ കൈകള്‍ ഒടിഞ്ഞിരുന്നു. ഇത് പ്രതിയുടെ ആക്രമത്തിലാണോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്. പ്രതി പതിവായി കുഞ്ഞിനെ മര്‍ദിച്ചിരുന്നുവെന്ന വിലയിരുത്തലിലാണ് പോലീസ്. സംഭവത്തില്‍ കുഞ്ഞിന്റെ മാതാവ് അഖിലയുടെ പങ്കും പോലീസ് അന്വേഷിക്കുന്നുണ്ട്.അഖിലയെയും പങ്കാളി അഷ്‌കറിനെയും മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് തീരുമാനം. കുഞ്ഞിന്റെ സംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞ ദിവസം രാത്രി പിതാവ് അഖിലിന്റെ വീട്ടില്‍ നടത്തിയിരുന്നു.