സംസ്ഥാനത്തെ സ്‌കൂളുകളില്‍ നാളെ പുതിയ അധ്യയന വര്‍ഷത്തിനു തുടക്കമാകുകയാണ്. ഒന്നാം ക്ലാസ്സിലേക്ക് കാലെടുത്തുവെക്കുന്ന കുഞ്ഞുങ്ങള്‍ തൊട്ട് പൊതുപരീക്ഷകള്‍ക്കും ഉപരിപഠനത്തിനും തയ്യാറെടുക്കുന്ന കുട്ടികള്‍ വരെ പുതിയ സ്വപ്നങ്ങളുമായാണ് സ്‌കൂളുകളിലെത്തുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളും കോളജുകളും ഡിജിറ്റല്‍ സംവിധാനങ്ങളോടെ അത്യാധുനിക കേന്ദ്രങ്ങളാക്കി മാറ്റുമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവന വിദ്യാര്‍ഥികളുടെ സ്വപ്നങ്ങള്‍ക്ക് കൂടുതല്‍ നിറം പകരുന്നതാണ്.ഒരു സമൂഹത്തിന്റെ ഭാവി രൂപപ്പെടുത്തുന്നത് ക്ലാസ്സ് മുറികളാണെന്നതിനാല്‍ ഓരോ അധ്യയന വര്‍ഷവും വിദ്യാഭ്യാസ മേഖലയെക്കുറിച്ചുള്ള ഗൗരവമായ വിലയിരുത്തലിനുള്ള അവസരമായിത്തീരണം. കഴിഞ്ഞ ഒരു ദശകത്തിനിടെ സ്‌കൂള്‍ വിദ്യാഭ്യാസരംഗത്തെ അടിസ്ഥാന വികസന മേഖലയില്‍ വന്‍പുരോഗതിയുണ്ടായി. പൊതുവിദ്യാഭ്യാസ യജ്ഞം പോലുള്ള പദ്ധതികളിലൂടെ നിരവധി സ്‌കൂളുകളിൽ പുതിയ കെട്ടിടങ്ങള്‍ ഉയര്‍ന്നുവന്നു. കമ്പ്യൂട്ടര്‍ ലാബുകള്‍, ശാസ്ത്ര ലാബുകള്‍, മെച്ചപ്പെട്ട ലൈബ്രറികള്‍, ശുചിമുറികള്‍, കുടിവെള്ള സൗകര്യങ്ങള്‍ തുടങ്ങിയവയില്‍ കാര്യമായ പുരോഗതി കൈവരിച്ചു. ഈ അടിസ്ഥാന വികസനം പക്ഷേ എല്ലാ സ്‌കൂളുകളിലും എത്തിയിട്ടില്ല. തീരദേശ മേഖലകള്‍, മലയോര പ്രദേശങ്ങള്‍, ആദിവാസി ഗ്രാമങ്ങൾ തുടങ്ങി പിന്നാക്ക മേഖലകളിലെ സ്‌കൂളുകള്‍ ഇപ്പോഴും പരിമിതികളാല്‍ വീര്‍പ്പ് മുട്ടുകയാണ്. കെട്ടിടങ്ങളുടെ അപര്യാപ്തത, അധ്യാപകക്ഷാമം, കളിസ്ഥലമില്ലായ്മ, ഡിജിറ്റല്‍ സൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങിയ പ്രശ്‌നങ്ങള്‍ പല സ്‌കൂളുകളിലും അവശേഷിക്കുന്നു.കെട്ടിടങ്ങള്‍ ഹൈടെക്കാക്കുന്നതിനൊപ്പം കുട്ടികളുടെ പഠന നിലവാരം ഉയരുന്നുണ്ടോ എന്ന കാര്യവും ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്. പഠനനിലവാരത്തില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുൻപന്തിയിലാണെങ്കിലും ചില സര്‍വേകളും പഠനങ്ങളും നല്‍കുന്ന മുന്നറിയിപ്പ് കാണാതെ പോകരുത്. സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഭാഷാപ്രാവീണ്യത്തിലും ഗണിതശേഷിയിലും ആശങ്കകള്‍ അവശേഷിക്കുന്നുവെന്നാണ് “ദേശീയ നേട്ട സര്‍വേ’ (എൻ എ എസ്)’ പോലുള്ള പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. കുട്ടികളുടെ പഠന നിലവാരക്കുറവിനെക്കുറിച്ച് ഇതിനിടെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ തന്നെ വെട്ടിത്തുറന്നു പറയുകയുണ്ടായി.ശരിയായി എഴുതാനും വായിക്കാനും അറിയാത്തവരാണ് ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് കടുന്നുവരുന്നവരിൽ പലരും. മാര്‍ക്കുകള്‍ വാരിക്കോരി നല്‍കുന്ന മൂല്യനിര്‍ണയ രീതി യഥാര്‍ഥ അക്കാദമിക് നിലവാരത്തെ മൂടിവെക്കാന്‍ മാത്രമേ സഹായിക്കുകയുള്ളൂ.കേവലം പരീക്ഷയിലെ ജയവും സര്‍ട്ടിഫിക്കറ്റും തൊഴിലും മാത്രമായിരിക്കരുത് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. നല്ല പൗരന്മാരെ വാര്‍ത്തെടുക്കുക കൂടിയായിരിക്കണം. തൊഴില്‍ നേടാനുള്ള ഉപാധി എന്നതിനപ്പുറം ഉത്തമ പൗരന്മാരെ വാര്‍ത്തെടുക്കുക പരമ ലക്ഷ്യമായിരിക്കണം. കേവലം കുറേ വിവരങ്ങള്‍ മനഃപാഠമാക്കി പരീക്ഷാ ഹാളില്‍ മാര്‍ക്കുകളാക്കി മാറ്റുന്ന യന്ത്രങ്ങളല്ല നമുക്ക് വേണ്ടത്. സഹജീവികളോട് കരുണയും സാമൂഹിക പ്രതിബദ്ധതയും ജനാധിപത്യമൂല്യങ്ങളോട് ബഹുമാനവുമുളള തലമുറയെയാണ്.സ്വന്തം വീടിന്റെയും ക്ലാസ്സ് മുറികളുടെയും അതിരുകള്‍ക്കപ്പുറം സമൂഹത്തിലെ ചലനങ്ങള്‍ നിരീക്ഷിക്കാനും അനീതികള്‍ക്കെതിരെ പ്രതികരിക്കാനും കുട്ടികള്‍ക്ക് കഴിയണം. വ്യത്യസ്ത അഭിപ്രായങ്ങളോട് സഹിഷ്ണുതാപരമായ നിലപാട് സ്വീകരിക്കാനും ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമുള്ള ജനാധിപത്യ മര്യാദകള്‍ വിദ്യാലയ അന്തരീക്ഷത്തില്‍ നിന്നു തന്നെ കുട്ടികള്‍ ശീലിക്കേണ്ടതുണ്ട്. സഹജീവി സ്‌നേഹം, മുതിര്‍ന്നവരോടുള്ള ആദരവ്, പരിസ്ഥിതി ബോധം, ശാസ്ത്രബോധം തുടങ്ങിയ മൂല്യങ്ങള്‍ പാഠപുസ്തകങ്ങളുടെ വരികളില്‍ ഒതുങ്ങാതെ ജീവിതചര്യയാക്കി മാറ്റാന്‍ സഹായകമായിരിക്കണം അധ്യാപന രീതികള്‍.അടിസ്ഥാനപരമായ പഠന നിലവാരത്തകര്‍ച്ചയും വിദ്യാര്‍ഥിലോകം നേരിടുന്ന യഥാര്‍ഥ പ്രതിസന്ധിയും പരിഹരിക്കുന്നതിനു പകരം, ബാഹ്യമായ ചില മാറ്റങ്ങളിലൂടെ “വിപ്ലവം’ സൃഷ്ടിക്കാന്‍ വിദ്യാഭ്യസ വകുപ്പ് നടത്തുന്ന ശ്രമങ്ങള്‍ പലപ്പോഴും വിവാദങ്ങള്‍ക്കിടയായിട്ടുണ്ട്. “ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം’ ഉദാഹരണം. വിദ്യാലയങ്ങളില്‍ ലിംഗനീതി നടപ്പാക്കുക എന്ന വ്യാജേന വിദ്യാര്‍ഥികളുടെ വസ്ത്രധാരണത്തില്‍ ഏകീകരണം കൊണ്ടുവരാന്‍ വിദ്യാഭ്യാസ വകുപ്പ് കാണിച്ച ബദ്ധപ്പാട് വന്‍തോതിലുള്ള എതിര്‍പ്പുകള്‍ക്കു വഴിവെച്ചു. ശക്തമായ സാമൂഹിക പ്രതിരോധത്തെ തുടര്‍ന്ന് ഒടുവില്‍ ആ പരിഷ്‌കാരം ഉപേക്ഷിക്കേണ്ടി വരികയും ചെയ്തു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുക, സൈബര്‍ ഇടങ്ങളിലെ അപകടങ്ങളെക്കുറിച്ചുളള ബോധവത്കരണം, വിദ്യാലയ പരിസരങ്ങളെപ്പോലും വിഴുങ്ങിക്കൊണ്ടിരിക്കുന്ന മാരക വിപത്തില്‍ നിന്ന് വിദ്യാര്‍ഥികളെ രക്ഷിക്കാനുള്ള മാര്‍ഗങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലാണ് പുതിയ അധ്യയന വര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അധികൃതര്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടത്. പ്ലസ് ടു കഴിഞ്ഞാലുടന്‍ ലക്ഷക്കണക്കിന് വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിനായി കേരളം വിട്ടുപോകുന്നത്. നമ്മുടെ സര്‍വകലാശാലകളിലെ പഠന നിലവാരത്തകര്‍ച്ചയും തൊഴില്‍രാഹിത്യവുമാണ് ഈ കൂട്ടപ്പലായനത്തിന് ഹേതു. സ്‌കൂള്‍തലം മുതല്‍ തന്നെ ആഗോള നിലവാരത്തിലൂള്ള അക്കാദമിക് മികവ് ഉറപ്പാക്കേണ്ടതിന്റെ അനിവാര്യതയിലേക്കാണ് ഇത് ഉത്തരവാദപ്പെട്ടവരുടെ ശ്രദ്ധക്ഷണിക്കുന്നത്. ഉപരിപ്ലവങ്ങളായ മാറ്റങ്ങളിലൂടെയോ വിവാദ പരിഷ്‌കാരങ്ങളിലൂടെയോ വിദ്യാഭ്യാസ മേഖലയെ നവീകരിക്കാനാകില്ല. യഥാര്‍ഥ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞും സാമൂഹികാന്തരീക്ഷം മനസ്സിലാക്കിയും നടപ്പാക്കുന്ന പരിഷ്‌കാരങ്ങളാണ് സംസ്ഥാനത്തിനാവശ്യം.വിദ്യാഭ്യാസത്തിന്റെ മതനിരപേക്ഷ സ്വഭാവം സംരക്ഷിക്കപ്പെടുന്നുണ്ടെന്നു ഉറപ്പ് വരുത്തുകയും വേണം.