കണ്ണൂർ | ബസുകളിൽ വിദ്യാർഥികൾക്കുള്ള യാത്രാ കൺസെഷൻ കാർഡ് ഈ അധ്യയന വർഷം മുതൽ ഡിജിറ്റലാകുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലുള്ള സംവിധാനം ഏർപ്പെടുത്തുന്നത്. സർക്കാർ, എയ്ഡഡ്, സ്വയംഭരണ പദവിയുള്ളതും സ്വകാര്യ- സമാന്തര സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളതുമായ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും ഡിജിറ്റൽ കാർഡ് അനുവദിക്കാനാണ് തീരുമാനം.അതത് വിദ്യാഭ്യാസ സ്ഥാപനമാണ് ഇക്കാര്യത്തിൽ പ്രഥമ നടപടി സ്വീകരിക്കേണ്ടത്. മോട്ടോർ വാഹന വകുപ്പിന്റെ എം വി ഡി ലീഡ്‌സ് എന്ന വെബ്‌സൈറ്റിൽ കയറി സ്ഥാപനം രജിസ്റ്റർ ചെയ്യുന്നതാണ് ആദ്യഘട്ടം. ഇതിന് ശേഷം ആ സ്ഥാപനത്തിലെ വിദ്യാർഥി എം വി ഡി ലീഡ്‌സ് എന്ന ആപ്പ് ഫോണിൽ ഡൗൺലോഡ് ചെയ്ത് മൊബൈൽ നമ്പറും പാസ്സ്‌പോർട്ട് വലുപ്പത്തിലുള്ള ഫോട്ടോയും മറ്റു വിവരങ്ങളും അപ്്ലോഡ് ചെയ്ത് കാർഡിന് അപേക്ഷിക്കണം.വിദ്യാർഥിയുടെ അപേക്ഷ ആദ്യം സ്ഥാപന മേധാവിക്കാണ് ലഭിക്കുക. സ്ഥാപന മേധാവി അപ്രൂവ് ചെയ്തശേഷം ആർ ടി ഒക്ക് ഫോർവേഡ് ചെയ്യും. ആർ ടി ഒ തലത്തിൽ കൂടി പരിശോധിച്ച് അർഹതപ്പെട്ടതാണെന്ന് ബോധ്യമായാലാണ് കൺസെഷൻ കാർഡ് അനുവദിക്കുക.