മാസപ്പടിക്കേസില്‍ ഇ ഡി അന്വേഷണത്തിന് സ്റ്റേ ഇല്ല

Wait 5 sec.

കൊച്ചി | മാസപ്പടിക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണത്തിന് സ്റ്റേ ഇല്ല. അന്വേഷണവുമായി ഇ ഡിക്ക് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ഇ ഡി അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സി എം ആര്‍ എല്‍) സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി തള്ളി. കേസില്‍ അടിയന്തരമായി ഇടപെടാന്‍ കഴിയില്ലെന്ന് കോടതിവ്യക്തമാക്കി.ഇതോടെ സി എം ആര്‍ എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതുള്‍പ്പെടെയുള്ള തുടര്‍ നടപടികളിലേക്ക് വേഗത്തില്‍ കടക്കാന്‍ അന്വേഷണ ഏജന്‍സിക്ക് വഴിയൊരുങ്ങി.കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇ ഡി നടത്തുന്ന അന്വേഷണങ്ങളും നല്‍കിയ സമന്‍സുകളും ചോദ്യം ചെയ്താണ് സി എം ആര്‍ എല്‍ കോടതിയെ സമീപിച്ചത്. എഫ് ഐ ആര്‍ പോലുമില്ലാതെയാണ് ഇ ഡി അന്വേഷണം ആരംഭിച്ചതെന്നും അന്വേഷണം പൂര്‍ണമായും അധികാരപരിധിക്ക് പുറത്താണെന്നും നിയമവിരുദ്ധമാണെന്നുമാണ് സി എം ആര്‍എല്‍ അപ്പീലില്‍ പ്രധാനമായും ഉന്നയിക്കുന്ന വാദം. അതിനാല്‍ കോടതിയുടെ അന്തിമ ഉത്തരവ് വരുന്നത് വരെ നിലവിലെ അന്വേഷണങ്ങളും തുടര്‍നടപടികളും നിര്‍ത്തിവെക്കണമെന്നും ഹരജിയില്‍ കമ്പനി ആവശ്യപ്പെട്ടിരുന്നു.ഒന്നര വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് അന്വേഷണം തുടരാന്‍ ഇ ഡിക്ക് ഹൈക്കോടതി സിംഗിള്‍ ബെഞ്ചില്‍ നിന്ന് അനുകൂല ഉത്തരവ് ലഭിച്ചത്. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസങ്ങളില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതി ഉള്‍പ്പെടെ 12 ഇടങ്ങളില്‍ ഇ ഡി റെയ്ഡ് നടത്തുകയും നിര്‍ണായക രേഖകള്‍ കണ്ടെടുക്കുകയും ചെയ്തിരുന്നു. ഈ രേഖകള്‍ ചൂണ്ടിക്കാട്ടിയാണ് സി എം ആര്‍ എല്‍ വാദങ്ങളെ ഹൈക്കോടതിയില്‍ ഇഡി പ്രതിരോധിച്ചത്.പിണറായി വിജയന്റെ മകള്‍ ടി വീണയ്ക്ക് ഈ വിധി നിര്‍ണായകമാണ്. നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് സിഎംആര്‍എല്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചിരുന്നെങ്കിലും അവിടെ നിന്നും തിരിച്ചടിയാണുണ്ടായത്. ഈ ഉത്തരവിനെതിരെയാണ് ജസ്റ്റിസുമാരായ രാജാ വിജയരാഘവന്‍, കെ.വി ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിലേക്ക് പുതിയ അപ്പീലുമായി സിഎംആര്‍എല്‍ എത്തിയത്.