കോഴിക്കോട് | വിദ്യാര്‍ഥികള്‍ സ്ഥിരോത്സാഹത്തോടെ മൂല്യാധിഷ്ഠിത വിജ്ഞാന ഗവേഷണങ്ങള്‍ക്ക് തയ്യാറാവണമെന്ന് സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. ജാമിഅ മദീനതുന്നൂറിന് കീഴില്‍ രാജ്യത്തെ വിവിധ സ്റ്റേറ്റ്, ഇന്റര്‍-സ്റ്റേറ്റ് ക്യാമ്പസുകളിലെ പുതിയ അധ്യയന വര്‍ഷത്തിന്റെ പഠനാരംഭ ചടങ്ങായ ‘അല്‍ ഫാതിഹ’ ഉദ്ഘാടനച്ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പുതിയകാല വിദ്യാര്‍ഥികള്‍ ലക്ഷ്യം തെറ്റാതെ വിജ്ഞാന സമ്പാദ്യം ജീവിതത്തിന്റെ ഭാഗമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ജൂനിയര്‍, സീനിയര്‍ സ്‌കൂളുകളിലെ സയന്‍സ് ആന്‍ഡ് ടെക്‌നോളജി, സിവില്‍ സര്‍വീസ്, ഫിനാന്‍സ് ആന്‍ഡ് മാനേജ്‌മെന്റ്, അറബിക് ലിറ്ററേച്ചര്‍ വിഭാഗങ്ങള്‍ക്കും എം ബി ബി എസ്, ലോ, ബി സി എ, ബി ബി എ, ഇക്കണോമിക്‌സ്, സോഷ്യോളജി, ഹിസ്റ്ററി, സൈക്കോളജി, അറബിക് ലിറ്ററേച്ചര്‍ തുടങ്ങിയ ബിരുദ കോഴ്‌സുകള്‍ക്കുമായി പ്രവേശനം നേടിയ വിദ്യാര്‍ഥികളാണ് ചടങ്ങില്‍ പങ്കെടുത്തത്.കേരളത്തിലെ 30-ലധികം ക്യാമ്പസുകള്‍ക്ക് പുറമെ ഡല്‍ഹി, പഞ്ചാബ്, പശ്ചിമ ബംഗാള്‍, ബിഹാര്‍, പൂനെ, ഇന്‍ഡോര്‍, മൈസൂരു, ബെംഗളൂരു, ഊട്ടി, കൊടക്, കീളക്കര, മംഗളൂരു, ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും അധ്യാപകരും ഓണ്‍ലൈനായും നേരിട്ടും ചടങ്ങില്‍ സംബന്ധിച്ചു.സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി പ്രാരംഭ പ്രാര്‍ഥന നിര്‍വഹിച്ചു. പ്രൊ. അബ്ദു സ്വബൂര്‍ ബാഹസന്‍ അവേലത്ത് ഉദ്ഘാടനം ചെയ്തു. ജാമിഅ മദീനതുന്നൂര്‍ റെക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി വിഷണറി ടോക്ക് അവതരിപ്പിച്ചു. വീരാന്‍ കുട്ടി ഫൈസി എകരൂല്‍, സി പി ഉബൈദുല്ല സഖാഫി പ്രസംഗിച്ചു.ഫിനിഷിങ് വിദ്യാര്‍ഥികള്‍ക്കുള്ള സ്വഹീഹുല്‍ ബുഖാരി ഗ്രന്ഥ പാരായണത്തിന് സുല്‍ത്താനുല്‍ ഉലമ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന ബാച്ചിലര്‍ വിദ്യാര്‍ഥികളുടെ ‘അല്‍ ബിദായ’ പഠനാരംഭ ചടങ്ങില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല ഫത്ഹുല്‍ മുഈന്‍ ഗ്രന്ഥം പാരായണം ചെയ്ത് തുടക്കം കുറിച്ചു.ഈയിടെയായി അക്കാദമിക്, ഗവേഷണ, മത്സരപരീക്ഷാ രംഗങ്ങളില്‍ ശ്രദ്ധേയ നേട്ടങ്ങള്‍ കൈവരിച്ച നൂറാനി അലുംനികളെയും ജാമിഅ മദീനതുന്നൂര്‍ വിദ്യാര്‍ഥികളെയും ചടങ്ങില്‍ സുല്‍ത്താനുല്‍ ഉലമ ആദരിച്ചു. പുതുതായി ആരംഭിക്കുന്ന മര്‍കസ് ഡല്‍ഹി, അല്‍ മദീനതുല്‍ മുനവ്വറ മംഗളൂരു, അല്‍ മുനവ്വറ എജ്യൂവാലി കരുവന്‍പൊയില്‍ ക്യാമ്പസുകളുടെ പ്രഖ്യാപനവും ചടങ്ങില്‍ നടന്നു. ഡല്‍ഹി മര്‍കസ്, ആന്‍ഡമാന്‍ മര്‍കസ് എന്നിവിടങ്ങളിലേക്ക് ഫിനിഷിങ് പഠനത്തിനായി പോകുന്ന വിദ്യാര്‍ഥികള്‍ക്കുള്ള യാത്രയയപ്പോടെ പരിപാടി സമാപിച്ചു.