കൈയിൽ ക്രിക്കറ്റ് ബാറ്റുമായി രാജസ്ഥാൻ റോയൽസിന്റെ ജഴ്സി നമ്പർ 03 ഗ്രൗണ്ടിലേക്ക് ഇറങ്ങുമ്പോൾ ലോകത്തിലെ ഏറ്റവും മികച്ച ബൗളർമാരെയാണ് നേരിട്ടത്. ജസ്പ്രീത് ബുംറ, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്, ജോഷ് ഹേസൽവുഡ് തുടങ്ങിയ ഒന്നാം നിര ഫാസ്റ്റ് ബൗളർമാർ എറിഞ്ഞ ആദ്യ പന്തുകളിൽ തന്നെ ഫോറോ സിക്സോ അടിച്ച് ആ കൊച്ച് മിടുക്കൻ എല്ലാവരെയും ഞെട്ടിച്ചു. പിന്നീട് അങ്ങോട്ട് സീസൺ മുഴുവൻ ചരിത്ര റെക്കോർഡുകൾ തകർക്കുന്ന ഓട്ടത്തിലായിരുന്നു താരം. സീസണിൽ ഓറഞ്ച് ക്യാപ്പിനോടൊപ്പം ആദ്യമായി 5 ടൈറ്റിൽസും നേടുന്ന ടൂർണമെന്റിലെ ഏറ്റവും മൂല്യമുള്ള കളിക്കാരനായി മാറി. പേര് വൈഭവ് സൂര്യവംശി. പ്രായം വെറും 15 മാത്രം. എന്നാൽ ഐപിഎൽ 2026 കണ്ട ആരും ഇനി ഒരിക്കലും അവനെ മറക്കില്ല. ഐപിഎൽ 2025ൽ അരങ്ങേറ്റം കുറിച്ച താരം, തുടങ്ങിയ ആദ്യ വർഷം തന്നെ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ലേലത്തിന് രാജസ്ഥാൻ റോയൽസ് 1.1 കോടി രൂപയ്ക്ക് വാങ്ങുമ്പോൾ 13 വയസ്സും, ആദ്യ കളിക്ക് ഇറങ്ങുമ്പോൾ 14 വയസ്സ് 23 ദിവസം മാത്രമായിരുന്നു വൈഭവിന്. അതോടെ ഐപിഎൽ ചരിത്രത്തിൽ തന്നെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് നേടി. ആദ്യ പന്തിൽ തന്നെ അത്യുഗ്രൻ സിസ്‌കർ അടിച്ചുകൊണ്ടായിരുന്നു വൈഭവ് ടൂർണമെന്റിലേക്ക് ചുവടുവെച്ചത്. അരങ്ങേറ്റ മത്സരത്തിൽ തന്നെ ഭയമില്ലാത്ത ബാറ്റിംഗ് ശൈലി കൊണ്ടും തകർപ്പൻ ഫോറുകളിലൂടെയും ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാൻ ഈ ഇടംകയ്യൻ ബാറ്റർക്ക് സാധിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ ആ അനുഭവസമ്പത്ത് കൂടിയാണ് ഈ സീസണിൽ റെക്കോർഡുകൾ തൂക്കാൻ വൈഭവിന് കരുത്തായത്.ക്രിക്കറ്റ് ലോകത്ത് ഒരുപാട് പ്രതിഭകൾ പലപ്പോഴായി വന്നിട്ടുണ്ട്. എന്നാൽ പതിനഞ്ച് വയസ്സുള്ള ഒരു കുട്ടി വന്ന് ചരിത്രത്തെ മുഴുവനും മാറ്റി എഴുതുന്നത് ഇതാദ്യമായാണ്. രാജസ്ഥാൻ റോയൽസ് ടീമിനായി കളിച്ച വൈഭവ് ഈ സീസണിൽ ഉണ്ടാക്കിയ തരംഗം ചെറുതല്ല. വെറും ഒരു കളിക്കാരൻ എന്നതിനപ്പുറം വലിയൊരു വിസ്മയമായി ഈ താരം മാറി. സ്റ്റേഡിയത്തിലും ടെലിവിഷന് മുന്നിലും ഇരുന്ന കോടിക്കണക്കിന് ക്രിക്കറ്റ് പ്രേമികൾ ഒരുപോലെ ഈ ബാറ്റിംഗ് കണ്ട് കൈയടിച്ചു. ഐപിഎൽ 2026 എന്ന സീസൺ ഇനി അവന്റെ പേരിലാവും അറിയപ്പെടുക എന്ന് ആരാധകർ ഉറപ്പിച്ചു പറയുന്നു. ലോക ഇതിഹാസങ്ങളെ ഞെട്ടിച്ച പ്രകടനംവൈഭവിന്റെ കളി കണ്ട് ലോക ക്രിക്കറ്റിലെ ഇതിഹാസങ്ങൾ പോലും അത്ഭുതപ്പെട്ടു. മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ വൈഭവിനെ നേരിട്ട് കണ്ട് പ്രശംസിച്ചു. ഒരു സ്വാഭാവിക കളിയല്ല വൈഭവിന്റേതെന്ന് സച്ചിൻ വിശേഷിപ്പിച്ചു. സൂര്യവംശിയെ ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റിൽ കാണുന്നതിനെ കുറിച്ച് സച്ചിൻ കൂട്ടിച്ചേർത്തു. സച്ചിൻ ടെണ്ടുൽക്കർ“ഞാൻ ഒരു സെലക്ടറല്ല. എന്നാൽ ഞാൻ മാത്രമല്ല, എല്ലാവരും അവനെ ഏതെങ്കിലും ഘട്ടത്തിൽ ഇന്ത്യൻ ജേഴ്സിയിൽ കാണാൻ ആഗ്രഹിക്കും. അത് എപ്പോൾ സംഭവിക്കുമെന്ന് എനിക്കറിയില്ല. പക്ഷേ ഒരു ആവേശകരമായ പ്രതിഭയ്ക്ക് പ്രോത്സാഹനം ആവശ്യമാണ്. അവൻ നന്നായി കളിക്കുന്നുണ്ടെങ്കിൽ, നമ്മൾ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും വേണം. എല്ലാത്തിനുമുപരി അദ്ദേഹത്തിന്റെ ക്രിക്കറ്റ് ആസ്വദിക്കുകയും വേണം, നിരന്തരം അദ്ദേഹത്തിന്റെ മേൽ സമ്മർദ്ദം ചെലുത്തരുത്.”മുൻ ഇന്ത്യൻ താരം വിരേന്ദ്ര സെവാഗ് ‘സൂര്യനെപ്പോലെയാണ് വൈഭവ് ബാറ്റ് ചെയ്യുന്നത്’ എന്നാണ് തന്റെ എക്സ് അക്കൗണ്ടിൽ കുറിച്ചത്. വൈഭവിന്റെ സിക്സറുകൾ കണ്ട് ഞെട്ടിപ്പോയെന്നും, ലേലത്തിൽ തനിക്കൊരു അവസരം ലഭിച്ചാൽ 30 കോടി രൂപ ഒരു മടിയും കൂടാതെ നൽകുമെന്നും സെവാഗ് പറഞ്ഞു. ഇത്രയും ചെറിയ പ്രായത്തിൽ ഭയമില്ലാതെ കളിക്കുന്ന വൈഭവ് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിയാണെന്ന് മുൻ താരം യൂസുഫ് പഠാൻ കുറിച്ചു. രാജ്സ്ഥാൻ റോയൽസ് ടീമിന്റെ ഹെഡ് കോച്ച് കുമാർ സങ്കക്കാര വൈഭവിന്റെ കളി ആദ്യമായി നെറ്റ്സിൽ കണ്ട നിമിഷം ഓർത്തെടുത്തു. ജോഫ്ര ആർച്ചർ ഉൾപ്പെടെയുള്ള വലിയ ഫാസ്റ്റ് ബൗളർമാരുടെ പന്തുകളെ വളരെ എളുപ്പത്തിലാണ് വൈഭവ് നേരിട്ടതെന്ന് അദ്ദേഹം പറഞ്ഞു. ഓരോ തവണ ബാറ്റ് ചെയ്യുമ്പോഴും ഒരു തോക്കുപൊട്ടുന്ന ശബ്ദമാണ് കേട്ടതെന്നും, അത് മനോഹരമായ കാഴ്ചയായിരുന്നു എന്നും സങ്കക്കാര തന്റെ എക്സ് അക്കൗണ്ടിൽ എഴുതി.വൈഭവ് മുൻപ് അണ്ടർ 19 ലോകകപ്പ് ഫൈനലിൽ 199 റൺസ് എടുത്ത വലിയ ഇന്നിങ്സിനെ മുൻ താരം ഇർഫാൻ പഠാൻ അഭിനന്ദിച്ചിരുന്നു. വലിയ മത്സരങ്ങളിൽ തിളങ്ങാൻ വൈഭവിന് പ്രത്യേക കഴിവുണ്ടെന്ന് ഇർഫാൻ പഠാൻ പറഞ്ഞു. വരും കാലങ്ങളിൽ ട്വന്റി-20 ക്രിക്കറ്റിലെ ഓപ്പണിംഗ് ബാറ്റിംഗിന്റെ പുതിയ മാതൃകയായി വൈഭവ് മാറുമെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ പ്രവചിച്ചു. ഡബ്ല്യുഡബ്ല്യുഇ സൂപ്പര്‍ താരം ഡ്രൂ മക്കിന്റയര്‍ പോലും വൈഭവിനെ അഭിനന്ദിച്ച് രംഗത്ത് വന്നു. മുൻ കേന്ദ്ര ധനകാര്യമന്ത്രി പി. ചിദംബരവും വൈഭവിനെ അഭിനന്ദിച്ച് രംഗത്ത് വന്നിരുന്നു. വൈഭവ് തന്റെ ഇന്നിങ്സിലെ എല്ലാ റൺസ് മുഴുവനായും ഫോറുകളിലൂടെയും സിക്സറുകളിലൂടെയും മാത്രം നേടുന്ന ഒരു ദിവസം കാണാൻ താൻ ആഗ്രഹിക്കുന്നു എന്ന് അദ്ദേഹം എക്സ് അക്കൗണ്ടിൽ കുറിച്ചു.അതേസമയം വൈഭവ് എന്ന വലിയ പ്രതിഭയെ നമ്മൾ കാത്തുസൂക്ഷിക്കണം എന്ന് മുൻ ഇന്ത്യൻ ഫീൽഡിംഗ് കോച്ച് ശിശിർ ഹട്ടങ്കടി ഓർമ്മിപ്പിച്ചു. വലിയ മത്സരങ്ങളിൽ വൈഭവ് സന്തോഷം നൽകുന്നതുപോലെ ചിലപ്പോൾ നിരാശയും തന്നേക്കാം. അതുകൊണ്ട് മോശം സമയങ്ങളിൽ ആരാധകർ ഈ പതിനഞ്ച്കാരന് ഒപ്പം ക്ഷമയോടെ നിൽക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.റെക്കോർഡുകൾ തൂക്കി ചരിത്രം തിരുത്തിഐപിഎൽ 2026 സീസണിൽ റെക്കോർഡുകളുടെ വലിയൊരു നിരയാണ് വൈഭവ് സൂര്യവംഷി സ്വന്തമാക്കിയത്. ഒരു സീസണിൽ അഞ്ച് പ്രധാന അവാർഡുകൾ നേടുന്ന ആദ്യത്തെ കളിക്കാരനായി വൈഭവ് മാറി. മികച്ച റൺസ് വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയ വൈഭവ്, ഐപിഎൽ ചരിത്രത്തിൽ ടൂർണമെന്റിലെ ഏറ്റവും മൂല്യമുള്ള കളിക്കാരനുള്ള അവാർഡും (MVP) മികച്ച യുവതാരത്തിനുള്ള അവാർഡും (Emerging Player) ഒരുമിച്ച് നേടുന്ന ആദ്യ താരം കൂടിയാണ്.ഈ ഒരു സീസൺ കൊണ്ട് മാത്രം ആകെ 776 റൺസ് അടിച്ചുകൂട്ടിയ വൈഭവ് സൂര്യവംഷി തകർത്ത പ്രധാന റെക്കോർഡുകൾ താഴെ പറയുന്നവയാണ്.വേഗതയേറിയ 1,000 റൺസ് (പന്തുകളുടെ അടിസ്ഥാനത്തിൽ): വെറും 440 പന്തുകളിൽ നിന്നാണ് വൈഭവ് ഈ നേട്ടം സ്വന്തമാക്കിയത്. ആന്ദ്രേ റസ്സൽ 545 പന്തുകളിൽ ഉണ്ടാക്കിയ റെക്കോർഡാണ് വൈഭവ് തകർത്തത്.ഇന്നിങ്സുകളുടെ അടിസ്ഥാനത്തിൽ: വെറും 23 ഇന്നിങ്സുകളിൽ നിന്ന് ഈ നാഴികക്കല്ല് പിന്നിട്ട വൈഭവ്, ലെൻഡൽ സിമ്മൺസിന്റെ റെക്കോർഡിനൊപ്പം എത്തി. ഈ പട്ടികയിൽ ഷോൺ മാർഷിന് (21 ഇന്നിങ്സുകൾ) തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്താണ് താരം.ഒരു സീസണിൽ ഏറ്റവും കൂടുതൽ സിക്സറുകൾ: ഈ സീസണിൽ മാത്രം വൈഭവ് 72 സിക്സറുകളാണ് അടിച്ചുകൂട്ടിയത്. ക്രിസ് ഗെയ്‌ലിന്റെ 13 വർഷം പഴക്കമുള്ള റെക്കോർഡാണ് ഇവിടെ തകർന്നത്.ഒരു സീസണിൽ ഏറ്റവും കൂടുതൽ ബൗണ്ടറികൾ: ഫോറുകളും സിക്സറുകളും ഉൾപ്പെടെ ആകെ 135 ബൗണ്ടറികൾ അടിച്ചെടുത്ത് താരം ജോസ് ബട്ലറുടെ റെക്കോർഡും മറികടന്നു.ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചുറി ജേതാവ്: പുരുഷന്മാരുടെ ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി വൈഭവ് മാറി. രാജസ്ഥാൻ റോയൽസ് ടീമിനായി താരം ഈ സീസണിൽ രണ്ട് സെഞ്ചുറികൾ നേടി.പവർപ്ലേയിലെ പുതിയ ചരിത്രം: ഒരു ട്വന്റി-20 ടൂർണമെന്റിന്റെ പവർപ്ലേ ഓവറുകളിൽ മാത്രം 500 runs തികയ്ക്കുന്ന ലോകത്തിലെ ആദ്യത്തെ കളിക്കാരനായി വൈഭവ് മാറി.ഗ്ലെൻ മാക്സ്‌വെൽ പന്ത്രണ്ട് വർഷം മുൻപ് ഉണ്ടാക്കിയ വേഗതയേറിയ 96 റൺസ് റെക്കോർഡിനൊപ്പം വൈഭവ് എത്തി. വെറും കുറഞ്ഞ പന്തുകളിൽ നിന്നാണ് വൈഭവ് ഈ നേട്ടം സ്വന്തമാക്കിയത്. ആ മത്സരത്തിൽ ഹൈദരാബാദ് ടീമിനെതിരെ വൈഭവ് നടത്തിയ കളി ക്രിക്കറ്റ് ചരിത്രത്തിൽ എക്കാലവും ഓർക്കപ്പെടും. വിരേന്ദർ സെവാഗ്, ആന്ദ്രേ റസ്സൽ തുടങ്ങിയ വലിയ കളിക്കാരുടെ റെക്കോർഡുകലാണ് വൈഭവ് നിസ്സാരമായി തകർത്തത്. ഈ ഒരു സീസൺ കൊണ്ട് മാത്രം ആകെ 776 റൺസ് ആണ് ഈ പതിനഞ്ച് കാരൻ അടിച്ചുകൂട്ടിയത്.Vaibhav Sooryavanshi breaks records in ipl 2026, who is this fifteen year oldവൈഭവിനെ വീഴ്ത്താൻ വല വീശിയ ബൗളർമാർ ജസ്പ്രിത് ബുംറ, പാറ്റ് കമ്മിൻസ്, മിഷേൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ് തുടങ്ങിയ ഒന്നാം നിര ഫാസ്റ്റ് ബൗളർമാർ എറിഞ്ഞ ആദ്യ പന്തുകളിൽ തന്നെ ബൗണ്ടറികൾ അടിച്ച് വൈഭവ് അവരെ ഞെട്ടിച്ചിരുന്നു. ഏത് വലിയ ബൗളർക്കെതിരെയും വളരെ എളുപ്പത്തിൽ റൺസ് നേടാൻ വൈഭവിന് കഴിഞ്ഞിരുന്നു എങ്കിലും ഈ പതിനഞ്ച് കാരന്റെ ചില ചെറിയ ബലഹീനതകൾ മനസ്സിലാക്കി ചില ബൗളർമാർ കളിയിൽ വിജയം കണ്ടെത്തി. കാഗിസോ റബാഡയെപ്പോലുള്ള ഫാസ്റ്റ് ബൗളർമാർ വൈഭവിന് കൂടുതൽ റൺസ് എടുക്കാൻ സ്ഥലം നൽകാതെ ശരീരത്തിന് നേരെ ആക്രമണാത്മകമായി ഷോർട്ട് പിച്ച് പന്തുകൾ എറിഞ്ഞ് വിജയം കണ്ടു. രണ്ടാം ക്വാളിഫയർ മത്സരത്തിനിടയിൽ റബാഡ എറിഞ്ഞ അത്തരമൊരു പന്ത് വൈഭവിന്റെ ഹെൽമറ്റിൽ വന്ന് ഇടിച്ചിരുന്നു. എല്ലാത്തരം പന്തുകളെയും അനായാസം നേരിട്ട വൈഭവ് അല്പം ശാന്തനായി കാണപ്പെട്ടത് കൃത്യതയാർന്ന യോർക്കറുകൾക്കും അപ്രതീക്ഷിതമായി എത്തുന്ന ഫുൾ ടോസ് പന്തുകൾക്കും മുന്നിലാണ്. അതുപോലെ തന്നെ സ്പിൻ ബൗളർമാർക്കെതിരെ 228.57 എന്ന ഉയർന്ന സ്ട്രൈക്ക് റേറ്റ് നിലനിർത്തുമ്പോഴും ചില മിസ്റ്ററി സ്പിന്നർമാരുടെ പന്തുകൾ മനസ്സിലാക്കാൻ ഇന്നിങ്സിന്റെ തുടക്കത്തിൽ ഈ യുവതാരം ബുദ്ധിമുട്ടിയിരുന്നു.ഗ്രൗണ്ടിലെ ചിരിയും കണ്ണീരും പിച്ചിലെ കളി മാത്രമല്ല വൈഭാവിനെ ജനപ്രിയനാക്കിയത്. സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞ കളിക്കളത്തിലെ കുസൃതികളും താരത്തെ ആരാധകർക്കിടയിൽ പ്രിയങ്കരൻ ആക്കി. സിനിമ സംവിധായകൻ ശേഖർ കപൂർ വൈഭവിന്റെ മുഖത്തെ ഭാവങ്ങളെക്കുറിച്ച് പറഞ്ഞതിങ്ങനെ,ശേഖർ കപൂർ“തന്റെ സിനിമയിൽ അഭിനയിപ്പിക്കാൻ തക്ക ഭംഗിയുള്ള മുഖമാണ് വൈഭവിന്റേത്”എന്നാൽ കളിയിൽ എപ്പോഴും സന്തോഷം മാത്രമല്ലല്ലോ ഉള്ളത്. ഓരോ തവണ വിക്കറ്റ് വീണ് ഔട്ട് ആവുമ്പോഴും വൈഭവ് നിര കണ്ണുകളോടെയാണ് ക്രീസ് വിട്ട് പോവുന്നത്. രാജസ്ഥാൻ റോയൽസ് ടീം ടൂർണമെന്റിൽ നിന്നും പുറത്തായപ്പോഴും വൈഭവ് കരഞ്ഞു. കണ്ണ് നിറഞ്ഞുകൊണ്ട് ആരാധകരോട് വൈഭവ് ക്ഷമ ചോദിച്ചു. തോൽവി തന്നെ ഒരുപാട് വേദനിപ്പിക്കുന്നു എന്ന് വൈഭവ് പറഞ്ഞു. പക്ഷെ അവിടെയും അവനെ സ്നേഹിക്കുന്നവർ അവനെ പിന്തുണച്ച്. അവന്റെ കണ്ണുനീരിലും ആരാധകർ കൂടെ നിന്നു. ആ പതിനഞ്ച്കാരന്റെ സങ്കടം കണ്ട് ക്രിക്കറ്റ് ലോകം മുഴുവൻ അവനെ ആശ്വസിപ്പിച്ചു. തോൽവികളിൽ നിന്ന് പഠിച്ച് കൂടുതൽ ശക്തനായി വരാൻ ആരാധകർ താരത്തോട് ആവശ്യപ്പെട്ടു.ആരാധകരുടെ പ്രതികരണങ്ങൾആളുകൾ വൈഭവിനെ പ്രായബേധമന്യേ ആരാധിച്ചു. പുതിയ തലമുറയ്ക്ക് വൈഭവ് ഒരു ഹീറോയാണ്. മുതിർന്നവർക്ക് കരുതലും വാത്സല്യവും നിറഞ്ഞ സ്നേഹമാണ് താരത്തോട്. സാമൂഹ്യ മാധ്യമങ്ങളിൽ വൈഭവിന്റെ ഷോട്സ് വലിയ രീതിയിൽ പ്രചരിച്ച് ടെക്നിക്കൽ ചർച്ചാവിഷയമായി മാറി. പതിനഞ്ച് വയസ്സിൽ ഇത്രയും വലിയ സമ്മർദ്ദങ്ങളെ അതിജീവിക്കാൻ വൈഭവിന് എങ്ങനെ കഴിയുന്നു എന്നാണ് ആരാധകർ ചോദിക്കുന്നത്. സ്റ്റേഡിയത്തിൽ വൈഭവ് ബാറ്റ് ചെയ്യാൻ ഇറങ്ങുമ്പോൾ ഉണ്ടാകുന്ന ബഹളം വലിയ കളിക്കാർക്ക് ലഭിക്കുന്നതിന് തുല്യമായിരുന്നു. കമ്പനികൾ വൈഭവിന്റെ ബാറ്റിന് മുകളിൽ തങ്ങളുടെ പേര് വെക്കാൻ വലിയ തുക ഓഫർ ചെയ്ത് മുന്നോട്ട് വന്നു. ബ്ലാങ്ക് ചെക്ക് വരെ ഓഫർ ലഭിച്ച വാർത്തകൾ പുറത്തുവന്നു. അത്രത്തോളം വലിയ ബ്രാൻഡ് മൂല്യമാണ് ഈ കുട്ടിതാരം ഒറ്റ സീസൺ കൊണ്ട് ഉണ്ടാക്കിയത്.ക്രിക്കറ്റിന് പുറത്തെ ജീവിതംബിഹാറിലെ വൈശാലി ജില്ലയിലുള്ള ഒരു സാധാരണ കുടുംബത്തിലാണ് വൈഭവ് സൂര്യവംഷി ജനിച്ചതും വളർന്നതും. വളരെ ചെറിയ പ്രായത്തിൽ തന്നെ ക്രിക്കറ്റിനോട് വലിയ താല്പര്യം കാണിച്ച വൈഭവിനെ കുടുംബം പൂർണ്ണമായി പിന്തുണച്ചു. വൈഭവിന്റെ അച്ഛൻ സഞ്ജീവ് സൂര്യവംഷി ഒരു കർഷകനാണ്. തന്റെ ഉള്ളിലെ ക്രിക്കറ്റ് പ്രതിഭയെ ആദ്യം തിരിച്ചറിഞ്ഞത് അച്ഛനായിരുന്നു എന്നാണ് വൈഭവ് ഒരു അഭിമുഖത്തിൽ പറഞ്ഞത്. മകന് കൃത്യമായ പരിശീലനം നൽകാൻ ഒരു ക്രിക്കറ്റ് അക്കാദമി അച്ഛൻ വീട്ടിൽ തന്നെ ഒരുക്കി നൽകുകയായിരുന്നു. അമ്മയും സഹോദരങ്ങളും അടങ്ങുന്ന കുടുംബം തന്നെയാണ് വൈഭവിന്റെ ഏറ്റവും വലിയ കരുത്ത്. കളിക്കളത്തിലെ തിരക്കുകൾക്കിടയിലും വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോകാൻ വൈഭവ് ശ്രദ്ധിക്കാറുണ്ട്. എന്നാൽ നിലവിൽ ഐപിഎൽ കാരണം പത്താം ക്ലാസ് പരീക്ഷ എഴുതാൻ വൈഭവിന് സാധിച്ചിരുന്നില്ല. ഇത് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയും ആരാധകർ ട്രോളും മീംസും ഇറക്കി താരത്തെ കളിയാക്കുകയും ചെയ്തു. ബിഹാറിലെ പ്രാദേശിക ടൂർണമെന്റുകളിൽ കളിച്ചുകൊണ്ടാണ് വൈഭവ് കരിയർ ആരംഭിച്ചത്. പതിനാലാം വയസ്സിൽ ഹേമന്ത് ട്രോഫിയിലും റഞ്ജി ട്രോഫിയിലും കളിച്ചതാണ് വൈഭവിന്റെ കരിയറിൽ വലിയ വഴിത്തിരിവായത്.താരത്തിന്റെ പ്രണയ ജീവിതവും ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. കമന്റേറ്റർ ഹർഷ ഭോഗ്ലെയുമായുള്ള സംവാദവും വൈഭവിന്റെ രസകരമായ മറുപടിയും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി.ഹർഷ ഭോഗ്ലെ: നിങ്ങളുടെ ഗേൾഫ്രണ്ടിനെ എത്രത്തോളം സ്നേഹിക്കുന്നുണ്ട്?വൈഭവ്: നിങ്ങൾ ഭാര്യയെ സ്നേഹിക്കുന്നതിനേക്കാളും അധികം.ഹർഷ ഭോഗ്ലെ: താങ്കൾക്ക് തോന്നുന്നില്ലേ പ്രണയത്തെക്കാളും ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധ കൊടുക്കണമെന്ന്?വൈഭവ്: താങ്കൾക്ക് തോന്നുന്നില്ലേ എന്റെ പ്രണയത്തെക്കാളും ക്രിക്കറ്റിനെ കുറിച്ചുള്ള ചോദ്യങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കണമെന്ന്?ഇന്ത്യൻ ടീമിന്റെ ഭാവി?ഇനി വരാനിരിക്കുന്ന സീസണുകളിലും ഇന്ത്യൻ ടീമിലും വൈഭവ് എന്ത് മാറ്റങ്ങൾ ഉണ്ടാക്കും? വൈഭവിന്റെ വരവ് ഇന്ത്യൻ ടീമിലെ ചില മുതിർന്ന കളിക്കാരുടെ സ്ഥാനത്തിന് ഭീഷണിയാകുമോ? പ്രധാനമായും ഓപ്പണിംഗ് സ്ഥാനത്ത് കളിക്കുന്ന ലെഫ്റ്റ്-ഹാൻഡ് ബാറ്റ്സ്മാൻമാർക്കാവും ഇത് വെല്ലുവിളിയാവുന്നത്. യശസ്വി ജയ്‌സ്വാളും അഭിഷേക് ശർമ്മയുമാണ് നിലവിലെ ടീമിൽ പ്രധാന ഇടംകൈയ്യൻ ഓപ്പണിംഗ് ബാറ്റ്‌സ്മാൻമാർ. കൂടാതെ, എല്ലാ ഫോർമാറ്റുകളിലും ലെഫ്റ്റ്-ഹാൻഡ് ഓപ്പണിംഗ് ഓപ്ഷനായി സായ് സുദർശനുമുണ്ട്. സഞ്ജു സാംസന്റെയും ഋഷഭ് പന്തിന്റെയും സ്ഥാനമാറ്റങ്ങൾക്കും ഇത് കാരണമായേക്കാം എന്ന ചർച്ചകളും ആരാധകർക്കിടയിൽ സജീവമാണ്. യുവതാരങ്ങളെ വളർത്തിക്കൊണ്ടു വരാൻ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ആഗ്രഹിക്കുന്നുണ്ട്. ടെസ്റ്റ് ക്രിക്കറ്റിലും ട്വന്റി-20 ക്രിക്കറ്റിലും ഒരേപോലെ തിളങ്ങാൻ വൈഭവിന് കഴിയും. വരാനിരിക്കുന്ന വലിയ ടൂർണമെന്റുകളിൽ വൈഭവ് ഇന്ത്യൻ ജേഴ്സിയിൽ കളിക്കുന്നത് കാണാൻ ആരാധകർ കാത്തിരിക്കുകയാണ്. ഈ കളി ഒരു തുടക്കം മാത്രമാണ്. വരും വർഷങ്ങളിൽ ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ താരമായി വൈഭവ് സൂര്യവംഷി മാറും എന്നതിൽ തർക്കമില്ല. പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്ന് ഈ പതിനഞ്ചുകാരൻ തെളിയിച്ചു കഴിഞ്ഞു. ചരിത്രം ഇനി വൈഭവിന് പിന്നാലെ സഞ്ചരിക്കും.