വയോധികയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 19 വര്‍ഷം കഠിന തടവ്

Wait 5 sec.

കോട്ടയം  | തനിച്ചുതാമസിച്ചിരുന്ന 68 വയസ്സുള്ള വയോധികയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 19 വര്‍ഷം കഠിന തടവും 17,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പിഴത്തുകയുടെ പകുതി അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നല്‍കാനും കോടതി ഉത്തരവിട്ടു.കറുകച്ചാല്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി ശ്രീ. രഞ്ജിത്ത് കൃഷ്ണന്‍ ശിക്ഷ വിധിച്ചത്.കോട്ടയം ജില്ലയിലെ കങ്ങഴ വില്ലേജില്‍ കാനംകര കൊന്നയ്ക്കല്‍ ഭാഗത്ത് തടത്തില്‍പ്പറമ്പില്‍ അനി ടി കെ (47) ആണ് കേസിലെ പ്രതി. അതിജീവിതയുടെ കിടപ്പുമുറിയില്‍ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്തിയെന്ന കുറ്റം തെളിഞ്ഞതായി കോടതി കണ്ടെത്തുകയായിരുന്നു.കേസിന്റെ വിചാരണയ്ക്കിടെ പ്രോസിക്യൂഷന്‍ 16 സാക്ഷികളെയും 23 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി.എസ്. മനോജ് ഹാജരായി .കേസിന്റെ അന്വേഷണത്തിന് മുഖ്യചുമതല വഹിച്ചിരുന്നത് കറുകച്ചാല്‍ പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടറായിരുന്ന റിച്ചാര്‍ഡ് വര്‍ഗീസ് ആയിരുന്നു. അന്വേഷണ സംഘം ശേഖരിച്ച തെളിവുകളും സാക്ഷിമൊഴികളും അടിസ്ഥാനമാക്കിയാണ് കോടതി പ്രതിയെ കുറ്റക്കാരനായി കണ്ടെത്തി ശിക്ഷ വിധിച്ചത്.