ഗോമാംസവുമായി ബന്ധപ്പെട്ട് വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ ഹിന്ദുത്വ വര്‍ഗീയവാദി നടത്തിയ ഹീനമായ ശ്രമം പോലീസിന്റെ ജാഗ്രത മൂലം പരാജയപ്പെട്ട സംഭവം കഴിഞ്ഞ ദിവസം യു പിയില്‍ നിന്ന് റിപോര്‍ട്ട് ചെയ്യുകയുണ്ടായി. തന്റെ വീടിനു മുമ്പില്‍ ആരോ ഇറച്ചിപ്പൊതി ഉപേക്ഷിച്ചതായി മീററ്റിലെ ഒരു യുവാവ് പോലീസില്‍ പരാതി നല്‍കി. പോലീസെത്തി പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി സമീപത്തെ സി സി ടി വി പരിശോധിച്ചപ്പോള്‍ അമ്പരപ്പിക്കുന്ന ദൃശ്യമാണ് കാണാനായത്. പരാതിക്കാരനായ യുവാവ് തന്നെ രാത്രിയില്‍ ആരുമറിയാതെ വീട്ടുപടിക്കല്‍ മാംസം കൊണ്ടുവെക്കുന്ന ദൃശ്യമാണ് സി സി ടി വിയില്‍ കണ്ടത്. തുടര്‍ന്ന് പോലീസ് ചോദ്യം ചെയ്യലില്‍ അയാള്‍ കുറ്റം സമ്മതിച്ചു. പ്രദേശത്ത് വര്‍ഗീയ അസ്വാരസ്യമുണ്ടാക്കുകയായിരുന്നു പരാതിക്കാരന്റെ ലക്ഷ്യം. നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ച കുറ്റത്തിന് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുകയാണ് പോലീസ്.ഉത്തര്‍പ്രദേശ് നഗരമായ ഗാസിയാബാദിലെ ക്ഷേത്രത്തില്‍ ഗോമാംസമെന്ന വ്യാജേന പോത്തിറച്ചി വെച്ച് വര്‍ഗീയ സംഘര്‍ഷത്തിനു ശ്രമിച്ച രണ്ട് ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അറസ്റ്റിലായിരുന്നു. ഹോളി ദിനാഘോഷത്തിന്റെ തൊട്ടുതലേന്നാണ് യോഗേഷ് ചൗധരി, ശിവം എന്നീ ഹിന്ദുത്വ യുവാക്കള്‍ ലോഹിയ നഗറിലെ ശിവ് ചണ്ഡി ക്ഷേത്രത്തിലെ വളപ്പിലെ ഗോശാലയില്‍ പോത്തിറച്ചി വെച്ച ശേഷം, ക്ഷേത്രത്തില്‍ ആരോ ഗോമാംസം കൊണ്ടിട്ടുവെന്ന് പ്രചാരണം നടത്തിയത്. താമസിയാതെ ഹിന്ദുത്വ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവരികയും പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും ചെയ്തു. പോലീസ് എത്തി അന്വേഷണം നടത്തിയപ്പോള്‍ സമീപത്തൊന്നും മൃഗങ്ങളെ അറുത്ത സൂചന കണ്ടെത്താനായില്ല. സംശയം തോന്നിയ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. വര്‍ഗീയ കലാപം സൃഷ്ടിക്കലായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പോലീസ് വ്യക്തമാക്കി.ഹൈദരാബാദിലെ തപ്പച്ചബുത്ര ഹനുമാന്‍ ക്ഷേത്രത്തിലെ ശിവലിംഗത്തിനു സമീപം കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ മാംസത്തിന്റെ കഷ്ണം കാണപ്പെട്ടത് വലിയ കോലാഹലങ്ങള്‍ക്കിടയാക്കിയിരുന്നു. മുസ്ലിംകളാണ് ഇതിനു പിന്നിലെന്ന് ബി ജെ പി. എം എല്‍ എ അടക്കം പ്രചാരണം നടത്തി. പ്രശ്നം വര്‍ഗീയ സംഘര്‍ഷത്തിലേക്ക് നീങ്ങവെ, ഒരു പൂച്ചയാണ് തെരുവില്‍ നിന്ന് മാംസം ക്ഷേത്രവളപ്പില്‍ കൊണ്ടിട്ടതെന്ന് സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് പോലീസ് കണ്ടെത്തി. ആദ്യം തെരുവുനായ കടിച്ചുകൊണ്ടുവന്ന മാംസം പിന്നീട് പൂച്ച ക്ഷേത്രത്തിനകത്തേക്ക് കൊണ്ടുപോകുകയായിരുന്നു.ഗോമാംസത്തിന്റെയും പശുസംരക്ഷണത്തിന്റെയും പേരില്‍ രാജ്യത്ത് അരങ്ങേറുന്ന ആള്‍ക്കൂട്ടക്കൊലകളുടെയും വര്‍ഗീയ സംഘര്‍ഷങ്ങളുടെയും പിന്നാമ്പുറങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഈ സംഭവങ്ങള്‍. മിക്ക സംഭവങ്ങളിലും കള്ളപ്രചാരണങ്ങള്‍ നടത്തിയും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചുമാണ് ഹിന്ദുത്വര്‍ അക്രമങ്ങള്‍ അഴിച്ചുവിടുന്നത്. മേല്‍വിവരിച്ച സംഭവങ്ങളില്‍ സി സി ടി വി മുഖേന സത്യം പുറത്തുവന്നിരുന്നില്ലെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ. സമാധാനപരമായി ജീവിക്കുന്ന നിരവധി പേര്‍ പെട്ടെന്നൊരു ദിവസം വര്‍ഗീയ ഭ്രാന്തന്മാരായി മുദ്രയടിക്കപ്പെടുമായിരുന്നു. നിരവധി മുസ്ലിംകള്‍ ആക്രമിക്കപ്പെടുകയും മുസ്ലിം വീടുകളും കടകളും തകര്‍ക്കപ്പെടുകയും ചെയ്യുമായിരുന്നു. ഒരേ മനസ്സോടെയും പരസ്പര സഹകരണത്തോടെയും കഴിഞ്ഞിരുന്ന പ്രദേശത്തെ രണ്ട് സമുദായങ്ങള്‍ക്കിടയില്‍ അനൈക്യവും ഭിന്നതയും ഉടലെടുക്കും. അയല്‍ക്കാരെ പോലും സംശയത്തോടെ വീക്ഷിക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടും. ഈ അവിശ്വാസം വരുംതലമുറകളിലേക്ക് കൂടി പടരുന്നതോടെ സാമൂഹിക സൗഹൃദത്തിന്റെ അടിത്തറ തന്നെ ഇല്ലാതാകും.കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗോമാംസത്തിന്റെ പേരിലോ പശുക്കടത്ത് ആരോപിച്ചോ നടന്നുവരുന്ന അതിക്രമങ്ങളിലും ആള്‍ക്കൂട്ട കൊലപാതകങ്ങളിലും വ്യാജവാര്‍ത്തകള്‍ക്കും അടിസ്ഥാനമില്ലാത്ത കിംവദന്തികള്‍ക്കും വലിയ പങ്കുണ്ട്. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലല്ല പല ആള്‍ക്കൂട്ട ആക്രമങ്ങളിലും പ്രതികള്‍ അക്രമത്തിനു മുതിര്‍ന്നത്. സോഷ്യല്‍ മീഡിയ വഴിയോ വാമൊഴിയായോ പ്രചരിപ്പിക്കപ്പെട്ട വ്യാജവാര്‍ത്തകള്‍ കേട്ടാണ്. ഉത്തര്‍പ്രദേശിലെ മുഹമ്മദ് അഖ്ലാഖിന്റെ വീട്ടില്‍ പശു ഇറച്ചി സൂക്ഷിച്ചതായി തൊട്ടടുത്ത ക്ഷേത്രത്തില്‍ നിന്ന് മൈക്കിലൂടെ വളിച്ചുപറഞ്ഞതിനു പിന്നാലെയായിരുന്നല്ലോ 2015 സെപ്തംബറില്‍ ഹിന്ദുത്വര്‍ അദ്ദേഹത്തെ വീട്ടില്‍ കയറി തല്ലിക്കൊന്നത്. ആത്മീയ കേന്ദ്രങ്ങള്‍ പോലും വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് വഴിമരുന്നിടുന്ന ദുരവസ്ഥ. യു പി സര്‍ക്കാറിന്റെ വെറ്ററിനറി വിഭാഗം പിന്നീട് നടത്തിയ പരിശോധനയില്‍ അത് പശു ഇറച്ചിയല്ല, ആട്ടിറച്ചിയായിരുന്നുവെന്ന് വ്യക്തമായി. പെട്ടെന്ന് തീവ്രമായ വൈകാരിക പ്രകോപനമുണ്ടാക്കാന്‍ ബോധപൂര്‍വം ചമക്കുന്നതാണ് ഗോമാംസവുമായി ബന്ധപ്പെട്ട് ഉയരുന്ന പല വാര്‍ത്തകളും.നുണപ്രചാരണങ്ങള്‍ കേവലം വാക്കുകളല്ല, മനുഷ്യജീവനെടുക്കാന്‍ ശേഷിയുള്ള ആയുധങ്ങളായി മാറുകയാണ്. പലപ്പോഴും സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളിലൂടെയാണ് വ്യാജവാര്‍ത്തകള്‍ അതിവേഗം സമൂഹത്തില്‍ പ്രചരിക്കുന്നതും ആളുകള്‍ വൈകാരികമായി പ്രതികരിക്കുന്നതും. സോഷ്യല്‍ മീഡിയയില്‍ വരുന്ന സന്ദേശങ്ങളുടെ സത്യാവസ്ഥ പരിശോധിക്കാന്‍ മിക്കയാളുകളും ശ്രമിക്കാറില്ല. മാത്രമല്ല ഉടനടി അത് മറ്റുള്ളവരിലേക്ക് ഫോര്‍വേഡ് ചെയ്യുന്നതിലൂടെ, ഒരു വലിയ നുണയെ നിമിഷനേരം കൊണ്ട് ലക്ഷക്കണക്കിനാളുകളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. സമൂഹങ്ങള്‍ക്കിടയിലെ പരസ്പര വിശ്വാസമാണ് ജനാധിപത്യ ഇന്ത്യയുടെ ഏറ്റവും വലിയ കരുത്ത്. ആ വിശ്വാസത്തിന്റെ വേരുകള്‍ക്കാണ് വ്യാജവാര്‍ത്തകളിലൂടെയും കെട്ടിച്ചമച്ച ആരോപണങ്ങളിലൂടെയും ചിലര്‍ കോടാലി വെക്കുന്നത്. ഇത്തരം വ്യാജപ്രചാരകര്‍ക്കെതിരെ ഭരണകൂടവും നിയമപാലകരും ശക്തമായ നടപടി സ്വീകരിക്കേണ്ടതുണ്ട്.