പശ്ചിമ ബംഗാളില്‍ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ നടപ്പാക്കിയ കന്നുകാലി കശാപ്പ് നിയന്ത്രണങ്ങള്‍, വിഭജന രാഷ്ട്രീയം എങ്ങനെയാണ് ഒരു സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറയെ തകര്‍ക്കുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണമായി മാറുകയാണ്. ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യമിട്ട് പൊടിതട്ടിയെടുക്കപ്പെട്ട പഴയ നിയമങ്ങള്‍ ഇപ്പോള്‍ ഭരണകൂടത്തിന്റെ തന്നെ ഉറച്ച വോട്ട് ബേങ്കുകള്‍ക്ക് വലിയൊരു സാമ്പത്തിക ബാധ്യതയായി മാറിയിരിക്കുന്നു. മുസ്ലിം സമൂഹം ഈ പ്രതിസന്ധിയെ നേരിടാന്‍ സ്വീകരിച്ച ‘റിവേഴ്‌സ് സൈക്കോളജി’ അല്ലെങ്കില്‍ ക്രിയാത്മകമായ പ്രതിഷേധ മാര്‍ഗം ബംഗാളിന്റെ ഗ്രാമീണ സമ്പദ് വ്യവസ്ഥയെ വലിയൊരു പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്.1950ലെ പശ്ചിമ ബംഗാള്‍ മൃഗകശാപ്പ് നിയന്ത്രണ നിയമം കര്‍ശനമായി നടപ്പാക്കാനുള്ള സര്‍ക്കാറിന്റെ നീക്കമാണ് ഈ പ്രത്യാഘാതങ്ങള്‍ക്ക് ആധാരം. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം കശാപ്പ് ചെയ്യപ്പെടുന്ന മൃഗത്തിന് കുറഞ്ഞത് 14 വയസ്സ് പ്രായമുണ്ടായിരിക്കണം. കൂടാതെ, വെറ്ററിനറി ഡോക്ടറുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. സര്‍ക്കാര്‍ അംഗീകൃത കശാപ്പ് ശാലകളില്‍ വെച്ച് മാത്രമേ അറവ് പാടുള്ളൂ എന്ന നിബന്ധനയും നിലവിലുണ്ട്. പ്രായോഗികമായി നടപ്പാക്കാന്‍ ബുദ്ധിമുട്ടുള്ള ഈ നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്ക് ആറ് മാസം തടവോ 1,000 രൂപ പിഴയോ ശിക്ഷയായി ലഭിക്കാം. ബലിപെരുന്നാളിനോട് അനുബന്ധിച്ചുള്ള കന്നുകാലി വിപണിയെ ലക്ഷ്യം വെച്ചുള്ള ഈ നീക്കം വിപണിയിലെ സ്വാഭാവിക ക്രയവിക്രയങ്ങളെ പൂര്‍ണമായും അട്ടിമറിച്ചിരിക്കുകയാണ്.സംഘ്പരിവാര്‍ കാലങ്ങളായി ഉയര്‍ത്തുന്ന ‘ഗോമാതാ’ വികാരത്തെ മുസ്ലിം സമൂഹം രാഷ്ട്രീയ ആയുധമായി തിരിച്ചടിക്കുന്ന കാഴ്ചയാണ് ബംഗാളിലെ ചന്തകളില്‍ ഇന്ന് കാണുന്നത്. പശുക്കളെ വില്‍ക്കാന്‍ എത്തുന്ന കര്‍ഷകരോട്, ‘നിങ്ങളുടെ മാതാവായ പശുവിനെ വില്‍ക്കരുത്, പകരം വീട്ടില്‍ കൊണ്ടുപോയി സംരക്ഷിക്കൂ’ എന്ന് പറഞ്ഞ് മുസ്ലിം യുവാക്കള്‍ പശുക്കളെ തിരിച്ചയക്കുന്നു. ഞങ്ങള്‍ പശുക്കളെ വാങ്ങിയാല്‍ ജയിലിലാകുമെന്നും അതിനാല്‍ ആടുകളെയോ എരുമകളെയോ ബലി നല്‍കാമെന്നുമാണ് അവരുടെ നിലപാട്. ഫുര്‍ഫുറ ശരീഫിലെ പീര്‍സാദ ഉള്‍പ്പെടെയുള്ള പ്രമുഖ മുസ്ലിം പണ്ഡിതന്മാര്‍ ഇതിന് ആഹ്വാനം നല്‍കിയതോടെ, മുമ്പ് നൂറുകണക്കിന് കന്നുകാലികള്‍ വിറ്റഴിഞ്ഞിരുന്ന ചന്തകള്‍ ഇന്ന് വിജനമായി മാറിയിരിക്കുന്നു.ഈ പുതിയ സാഹചര്യം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് ബി ജെ പിയുടെ ഉറച്ച പിന്തുണക്കാരായ ‘ഘോഷ്’ കമ്മ്യൂണിറ്റിയെയാണ്. ബംഗാളിലെ കന്നുകാലി കര്‍ഷകരിലും വില്‍പ്പനക്കാരിലും മഹാഭൂരിപക്ഷവും ഈ വിഭാഗത്തില്‍പ്പെട്ട ഹിന്ദുക്കളാണ്. ഒരു പശു സാധാരണയായി എട്ട്് വയസ്സ് വരെയാണ് പാലുത്പാദനം നടത്തുന്നത്. കറവ് വറ്റിയ പശുക്കളെ 14 വയസ്സ് വരെ പോറ്റേണ്ടി വരുന്നത് കര്‍ഷകര്‍ക്ക് വലിയ കടക്കെണിയാണ് ഉണ്ടാക്കുന്നത്. ഒരു കന്നുകാലിയെ സംരക്ഷിക്കാന്‍ പ്രതിദിനം 500 രൂപയും പ്രതിമാസം ഏകദേശം 15,000 രൂപയും ചെലവ് വരുമെന്ന് കര്‍ഷകര്‍ പറയുന്നു. പശുവിനെ വില്‍ക്കാന്‍ കഴിയാത്ത ആറ് വര്‍ഷത്തെ അധിക കാലയളവില്‍ ഓരോ കര്‍ഷക കുടുംബത്തിനും ലക്ഷങ്ങളുടെ അധിക ബാധ്യതയാണ് ഇത് വരുത്തിവെക്കുന്നത്.ഗ്രാമീണ മേഖലക്ക് പുറമെ, ഇന്ത്യയുടെ സുപ്രധാന വ്യവസായമായ ലെതര്‍ ഇന്‍ഡസ്ട്രിയും തകര്‍ച്ചയുടെ വക്കിലാണ്. ഇന്ത്യയുടെ ആകെ ലെതര്‍ എക്‌സ്‌പോര്‍ട്ടിന്റെ 50 ശതമാനവും ബംഗാളില്‍ നിന്നാണ്. പ്രതിവര്‍ഷം 25,000 കോടി രൂപ ടേണ്‍ഓവര്‍ ഉള്ള ഈ മേഖലയില്‍ അഞ്ച് ലക്ഷത്തോളം മനുഷ്യരാണ് ജോലി ചെയ്യുന്നത്. ഇതില്‍ ഭൂരിഭാഗവും ദളിത് വിഭാഗത്തില്‍പ്പെട്ടവരാണ്. കശാപ്പ് നിയന്ത്രണം മൂലം അസംസ്‌കൃത വസ്തുവായ മൃഗത്തോലിന്റെ ലഭ്യത കുറയുന്നത് ഈ വ്യവസായത്തെയും അതിനെ ആശ്രയിച്ചു ജീവിക്കുന്ന ലക്ഷക്കണക്കിന് കുടുംബങ്ങളെയും ദാരിദ്ര്യത്തിലേക്ക് തള്ളിവിടും.ദേശീയതലത്തില്‍ തന്നെ വലിയൊരു സാമൂഹിക പ്രതിസന്ധിയായി ‘അലഞ്ഞുതിരിയുന്ന കന്നുകാലികള്‍’ മാറിയിട്ടുണ്ട്. 2019ലെ ലൈവ് സ്റ്റോക്ക് സെന്‍സസ് പ്രകാരം ഇന്ത്യയില്‍ 50 ലക്ഷം അലഞ്ഞുതിരിയുന്ന കന്നുകാലികളുണ്ട്. പാലുത്പാദനം കഴിഞ്ഞ പശുക്കളെ വില്‍ക്കാന്‍ കഴിയാതെ വരുമ്പോള്‍ കര്‍ഷകര്‍ അവയെ തെരുവിലേക്ക് അഴിച്ചുവിടാന്‍ നിര്‍ബന്ധിതരാകുന്നു. ഇത് ഹൈവേകളില്‍ വലിയ അപകടങ്ങള്‍ക്കും ഗതാഗത തടസ്സങ്ങള്‍ക്കും കാരണമാകുന്നതിനെക്കുറിച്ച് സുപ്രീം കോടതി പോലും സംസ്ഥാന സര്‍ക്കാറുകളോട് വിശദീകരണം തേടിയിരിക്കുകയാണ്. വോട്ട് ബേങ്ക് ലക്ഷ്യമാക്കി നടപ്പാക്കുന്ന വിഭജന രാഷ്ട്രീയ നിയമങ്ങള്‍ എങ്ങനെയാണ് സ്വന്തം ജനതയുടെ ഉപജീവനത്തെയും സംസ്ഥാനത്തിന്റെ എക്കോണമിയെയും തകര്‍ക്കുന്നതെന്നതിന്റെ വ്യക്തമായ പാഠമാണ് ബംഗാള്‍ ഇപ്പോള്‍ നല്‍കുന്നത്.