കണ്ണൂര്‍ | കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രഞ്ജിത്തിനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. എ ആര്‍ ക്യാംപിലെ ഗ്രേഡ് എസ് ഐ രാജീവന്‍ എം ആര്‍, ഗ്രേഡ് എ എസ് ഐ ബിനു കൃഷ്ണന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.കഴിഞ്ഞ വ്യാഴാഴ്ച രാത്രി എസ് എന്‍ പാര്‍ക്കിന് സമീപത്തെ തട്ടുകടയില്‍ ചായ കുടിക്കാന്‍ എത്തിയ രഞ്ജിത്തിനെ എസ് ഐയും എ എസ് ഐയും ചേര്‍ന്ന് മര്‍ദ്ദിച്ചുവന്നായിരുന്നു പരാതി. ഡ്രൈനേജിന് മുകളില്‍ നില്‍ക്കുകയായിരുന്ന തന്റെ കോളറില്‍ പിടിച്ചുവലിച്ച് റോഡിലേക്ക് ഇറക്കി അഞ്ച് മിനിറ്റോളം തുരുതുരാ മര്‍ദ്ദിച്ചുവെന്നും നിന്നെ കൊല്ലുമെടാ എന്ന് ആക്രോശിച്ചതായും പരാതിയില്‍ പറയുന്നു.സമീപത്തുണ്ടായ ആളുകള്‍ ഇടപെട്ടാണ് തന്നെ രക്ഷിച്ചതെന്നാണ് രഞ്ജിത്ത് പറയുന്നത്. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു മര്‍ദ്ദനം. തലയ്ക്കും വയറിനുമാണ് മര്‍ദ്ദനമേറ്റതെന്നും രഞ്ജിത്ത് പറഞ്ഞിരുന്നു. സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തതിനു പിന്നാലെയാണ് സസ്‌പെന്‍ഷന്‍.