രാജ്യത്ത് കടുത്ത വേനൽച്ചൂട് തുടരുന്ന സാഹചര്യത്തിൽ ഡെലിവറി തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ബൈക്ക് ഡെലിവറി സർവീസുകൾക്ക് ഉച്ചസമയ നിയന്ത്രണം ഏർപ്പെടുത്തി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് 31 വരെ ദിവസവും രാവിലെ 11 മണി മുതൽ വൈകീട്ട് 4 മണിവരെ ബൈക്കുകൾ ഉപയോഗിച്ചുള്ള ഡെലിവറി സേവനങ്ങൾ നടത്തുന്നതിന് വിലക്ക് ബാധകമാകും.ഉയർന്ന താപനിലയും പ്രതികൂല കാലാവസ്ഥയും മൂലമുണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. വേനൽക്കാലത്ത് തുറസായ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തിയുള്ള സർക്കാർ നടപടികളുടെ ഭാഗമായാണ് പുതിയ നിയന്ത്രണം. ഇതിന് മുമ്പ് തന്നെ മാനവ ശേഷി അതോറിറ്റി രാവിലെ 11 മണി മുതൽ വൈകീട്ട് 4 മണിവരെ തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിന് വിവിധ മേഖലകളിലെ തൊഴിലാളികൾക്ക് ഉച്ചവിശ്രമ നിയമം നടപ്പാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഡെലിവറി മേഖലയിലേക്കും നിയന്ത്രണം വ്യാപിപ്പിച്ചിരിക്കുന്നത്.Also read: കുവൈറ്റിൽ വേഗപരിധി ലംഘിച്ചാൽ ഇനി കർശന നടപടി! നാടുകടത്തലിന് വരെ സാധ്യതനിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് വിഭാഗം മുന്നറിയിപ്പ് നൽകി. തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായി എല്ലാ സ്ഥാപന ഉടമകളും ഉത്തരവ് കൃത്യമായി പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.The post കടുത്ത ചൂട്; ബൈക്ക് ഡെലിവറി സർവീസുകൾക്ക് ഉച്ചസമയ നിയന്ത്രണം ഏർപ്പെടുത്തി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം appeared first on Kairali News | Kairali News Live.