കർണാടകയിൽ ഇനി ഡി കെ എസിൻ്റെ കാലം

Wait 5 sec.

കര്‍ണാടകയിലെ കോണ്‍ഗ്രസ്സില്‍ മൂന്ന് വര്‍ഷമായി തുടരുന്ന അധികാര തര്‍ക്കത്തിനു പരിഹാരമായി. അഞ്ച് വര്‍ഷവും താന്‍ തന്നെയായിരിക്കും മുഖ്യമന്ത്രി എന്ന നിലപാടില്‍ നിന്ന് സിദ്ധരാമയ്യക്ക് പിറകോട്ട് പോകേണ്ടിവന്നു. 2023ല്‍ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ രൂപവത്കരണ വേളയില്‍ സിദ്ധരാമയ്യയും ശിവകുമാറും മുഖ്യമന്ത്രി സ്ഥാനം പങ്കിടാന്‍ ധാരണയുണ്ടാക്കിയതായും ആദ്യ പകുതിയില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമെന്നും തുടര്‍ന്ന് ശിവകുമാര്‍ അധികാരമേല്‍ക്കുമെന്നും റിപോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ്സിന്റെ ദേശീയ നേതൃത്വം ഈ വിഷയത്തില്‍ മൗനം പാലിക്കുകയായിരുന്നു. ഒടുവില്‍ പാര്‍ട്ടിക്ക് ശിവകുമാറിനു മുമ്പില്‍ വഴങ്ങേണ്ടി വന്നു. 2028ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരം നിലനിര്‍ത്താന്‍ ശിവകുമാറിനെ തൃപ്തിപ്പെടുത്തേണ്ടതുണ്ട്. കര്‍ണാടകയുടെ അടുത്ത മുഖ്യമന്ത്രിയായി ഉപമുഖ്യമന്ത്രിയും പി സി സി അധ്യക്ഷനുമായ ഡി കെ ശിവകുമാറിനെ കഴിഞ്ഞ ദിവസം പാര്‍ട്ടി ഔദ്യോഗികമായി തിരഞ്ഞെടുത്തു.2013 മുതല്‍ 2018 വരെ സംസ്ഥാന മുഖ്യമന്ത്രിയായി അഞ്ച് വര്‍ഷം പൂര്‍ത്തീകരിച്ച സിദ്ധരാമയ്യ തന്റെ രണ്ടാം കാലാവധിയുടെ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയതിനു ശേഷമാണ് പടിയിറങ്ങുന്നത്. കര്‍ണാടകയില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിപദത്തിലിരുന്നതിന്റെ റെക്കോര്‍ഡ് സിദ്ധരാമയ്യക്ക് അവകാശപ്പെട്ടതാണ്. 1977ന് ശേഷം അഞ്ച് വര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയ ആദ്യ മുഖ്യമന്ത്രി കൂടിയാണ് സിദ്ധരാമയ്യ. അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ കര്‍ണാടകയുടെ മറ്റൊരു മുഖ്യമന്ത്രി ദേവരാജ് അരസാണ്. 2023 മേയിലെ തിരഞ്ഞെടുപ്പില്‍ 224 അംഗ നിയമസഭയില്‍ 136 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ രൂപവത്കരിച്ചത്. സിദ്ധരാമയ്യക്കും ഡി കെ ശിവകുമാറിനും പുറമേ ജി പരമേശ്വരയും മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിച്ചിരുന്നു. നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കോണ്‍ഗ്രസ്സിലെ ഒ ബി സി മുഖമായ സിദ്ധരാമയ്യക്ക് നറുക്ക് വീണു.കാര്‍ഷിക സമൂഹമായ കുറുബ സമുദായാംഗമാണ്. നിയമബിരുദധാരിയായ സിദ്ധരാമയ്യ 1983ലെ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ചാമുണ്ഡേശ്വരി നിയോജക മണ്ഡലത്തില്‍ നിന്ന് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടു. ജനതാദള്‍ അംഗമായിരുന്ന അദ്ദേഹം എച്ച് ഡി ദേവഗൗഡയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് പാര്‍ട്ടി വിട്ട് 2006ല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. സിദ്ധരാമയ്യയുടെ വരവ് കര്‍ണാടക കോണ്‍ഗ്രസ്സിന് ശക്തി പകര്‍ന്നു.ന്യൂനപക്ഷങ്ങളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ദളിതരുടെയും ക്ഷേമത്തെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയമാണ് സിദ്ധരാമയ്യയുടെ ശക്തി. കന്നഡയില്‍ ഇത് അഹിന്ദ രാഷ്ട്രീയം എന്ന് അറിയപ്പെടുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ അധികാരത്തിലെത്തിച്ചത് അദ്ദേഹത്തിന്റെ ഈ രാഷ്ട്രീയ തന്ത്രമായിരുന്നു. കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയം നിര്‍ണയിച്ചിരുന്നത് വൊക്കലിഗ, ലിംഗായത്ത് സമുദായങ്ങളായിരുന്നു.എന്നാല്‍ സിദ്ധരാമയ്യയുടെ നേതൃത്വം ആ നിലപാട് തിരുത്തിയെഴുതി. മുഖ്യമന്ത്രിസ്ഥാനത്തെ കുറിച്ചുള്ള തര്‍ക്കം താത്കാലികമായി പരിഹരിച്ചത് ഡി കെ ശിവകുമാറിന് ഉപമുഖ്യമന്ത്രി സ്ഥാനവും പരമേശ്വരക്ക് ആഭ്യന്തര വകുപ്പും നല്‍കിക്കൊണ്ടായിരുന്നു. എന്നാല്‍ ആ തര്‍ക്ക പരിഹാരം താത്കാലികമായിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും തമ്മിലുള്ള അധികാരം പങ്കിടല്‍ തര്‍ക്കം മാസങ്ങളായി തുടരുകയായിരുന്നു.രണ്ടര വര്‍ഷത്തിനു ശേഷം ശിവകുമാറിന് മുഖ്യമന്ത്രിപദം കൈമാറണമെന്ന ധാരണയോടെയാണ് തീരുമാനം കൈക്കൊണ്ടതെന്ന വാദം സിദ്ധരാമയ്യ തുടക്കം മുതല്‍ നിഷേധിക്കുകയായിരുന്നു. കോണ്‍ഗ്രസ്സ് ഭരണം രണ്ട് വര്‍ഷം പിന്നിട്ടതു മുതല്‍ ഡി കെ ശിവകുമാര്‍ പക്ഷത്ത് നിന്ന് അധികാര കൈമാറ്റത്തെ കുറിച്ചുള്ള ഓർമപ്പെടുത്തല്‍ തുടങ്ങിയിരുന്നു.കഴിഞ്ഞ ഡിസംബറില്‍, ഡി കെ ശിവകുമാര്‍ മുഖ്യമന്ത്രിയാകുമെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ പരസ്യമായി പറഞ്ഞു തുടങ്ങി. ഡിസംബറിലെ ഡി കെ ശിവകുമാറിന്റെ ഡല്‍ഹി സന്ദര്‍ശനം അണികളുടെ വാദത്തിന് ശക്തി പകര്‍ന്നു. ഒടുവില്‍ ഹൈക്കമാൻഡിന്റെ നിർദേശത്തെ തുടര്‍ന്ന് ഇരുവരും അവരുടെ വീടുകളില്‍ പ്രഭാത ഭക്ഷണമൊരുക്കി തങ്ങള്‍ക്കിടയില്‍ തര്‍ക്കമില്ലെന്ന് മാധ്യമങ്ങള്‍ക്ക് മുന്പില്‍ വ്യക്തമാക്കിയെങ്കിലും പ്രശ്‌നം പുകഞ്ഞു കൊണ്ടിരുന്നു.ഒടുവില്‍ സിദ്ധരാമയ്യക്ക് ഹൈക്കമാൻഡിനു വഴങ്ങേണ്ടിവന്നു. തന്റെ ഗ്രാഫ് താഴുകയാണെന്ന തിരിച്ചറിവും സിദ്ധരാമയ്യയെ ഇതിനു പ്രേരിപ്പിച്ചു എന്ന് വേണം കരുതാന്‍. കഴിഞ്ഞ മാസം നടന്ന ദാവണഗെരെ സൗത്ത് നിയമസഭാ മണ്ഡല ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വത്തെ ചൊല്ലിയുള്ള തര്‍ക്കം കോണ്‍ഗ്രസ്സിലെ ആഭ്യന്തര കലാപത്തിന് ചൂടുപകര്‍ന്നു. മുസ്്ലിംകള്‍ നിര്‍ണായകമായ ദാവണ്‍ഗെരെ സൗത്ത് മണ്ഡലത്തിൽ മുസ്്ലിം സമുദായത്തിൽപ്പെട്ടയാള്‍ക്ക് ടിക്കറ്റ് നല്‍കണമെന്ന ആവശ്യം കഴിഞ്ഞ തവണ ഉയര്‍ന്നിരുന്നു. അടുത്ത തവണ പരിഗണിക്കാമെന്ന നേതൃത്വത്തിന്റെ ഉറപ്പ് കോണ്‍ഗ്രസ്സിലെ മുസ്്ലിം വിഭാഗം വിശ്വസിച്ച് ആവശ്യത്തില്‍ നിന്ന് പിന്‍വാങ്ങി. എന്നാല്‍ കോണ്‍ഗ്രസ്സ് എം എൽ എ ഷാമണൂര്‍ ശിവശങ്കരപ്പയുടെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ശിവശങ്കരപ്പയുടെ ചെറുമകന്‍ സമര്‍ത് മല്ലികാര്‍ജുനിനെ കോണ്‍ഗ്രസ്സ് സ്ഥാനാർഥിയാക്കുകയായിരുന്നു. ഇതിനു പിന്നില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയായിരുന്നുവെന്ന് ആരോപിക്കപ്പെട്ടു. സ്ഥാനാർഥി തര്‍ക്കത്തെ തുടര്‍ന്ന് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് എം എല്‍ സിമാരായ നസീര്‍ അഹമ്മദ്, അബ്ദുൽ ജബ്ബാര്‍ എന്നിവര്‍ക്കെതിരെ കോണ്‍ഗ്രസ്സ് അച്ചടക്ക നടപടി സ്വീകരിക്കുകയുണ്ടായി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നസീര്‍ അഹമ്മദിനെ നീക്കം ചെയ്തു. ഇത് ഒരു വിഭാഗം മുസ്്ലിംകളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ കാരണമായി. 2023ല്‍ 27,900 വോട്ടുകള്‍ക്ക് വിജയിച്ച ദാവണ്‍ഗെരെ സൗത്ത് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് നിലനിര്‍ത്തിയത് 5,708 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്.ഇവിടെ മത്സരിച്ച എസ് ഡി പി ഐ സ്ഥാനാർഥിക്ക് 18,975 വോട്ടുകള്‍ ലഭിക്കുകയുണ്ടായി. കോണ്‍ഗ്രസ്സ് നേതാക്കളില്‍ ചിലര്‍ എസ് ഡി പി ഐയെ പരസ്യമായി പിന്തുണക്കുകയും ചെയ്തിരുന്നു. ഉപതിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച്് നിയുക്ത മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ അന്നത്തെ പ്രതികരണം പാര്‍ട്ടിക്കേറ്റ ‘വലിയ തിരിച്ചടി’ എന്നായിരുന്നു. ദാവണ്‍ഗെരെ സൗത്ത് ഉപതിരഞ്ഞെടുപ്പ് ഫലം സിദ്ധരാമയ്യയുടെ പടിയിറക്കത്തിന് വേഗം കൂട്ടി. കൂടാതെ ഭരണ തുടര്‍ച്ചക്കായി അഹിന്ദ (ന്യൂനപക്ഷ, പിന്നാക്ക, ദളിത്) നേതാവെന്ന നിലയില്‍ സിദ്ധരാമയ്യക്കുള്ള ജനപ്രീതി അംഗീകരിക്കുമ്പോള്‍ തന്നെ, പാര്‍ട്ടി അഹിന്ദ രാഷ്ട്രീയത്തിനപ്പുറം മറ്റ് സമുദായങ്ങളെയും ചേർത്തുപിടിക്കണമെന്ന നിലപാട് കോണ്‍ഗ്രസ്സില്‍ ശക്തിപ്പെടുകയാണ്.ശിവകുമാറിനെ മുഖ്യമന്ത്രിയായി നിര്‍ദേശിച്ചത് ഈ ലക്ഷ്യവും കൂടി കണ്ടുകൊണ്ടാണ്.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മുന്നോട്ടുവെച്ച ജനപ്രിയ പരിപാടികള്‍ നടപ്പാക്കുന്നതില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചുവെങ്കിലും സംഘ്പരിവാര്‍ സംഘടനകളുടെ വിദ്വേഷ രാഷ്ട്രീയത്തെ നിയന്ത്രിക്കാന്‍ സര്‍ക്കാറിന് സാധിച്ചിട്ടില്ല. വിവാദമായ ഹിജാബ് നിരോധനം സിദ്ധരാമയ്യ സര്‍ക്കാര്‍ പിന്‍വലിച്ചത് ദാവണ്‍ഗെരെ സൗത്ത് ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷമാണ്.പുതിയ മുഖ്യമന്ത്രിയായ ശിവകുമാറിന്റെ മുമ്പിലുള്ളത് ദുഷ്‌കരമായ ദൗത്യമാണ്. മുഖ്യമന്ത്രി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്ന്, സിദ്ധരാമയ്യയുടെ വിശ്വസ്തരായ എം എല്‍ എമാരെ തൃപ്തിപ്പെടുത്തുക എന്നതാണ്. ഡി കെ ശിവകുമാറിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്ത യോഗത്തില്‍ യു ടി ഖാദര്‍, പ്രകാശ് കോളിവാഡ, ജെ ഡി പാട്ടീല്‍, റഹീം ഖാന്‍, വെങ്കിടേഷ്, രാജു കേജ് എന്നിവര്‍ വിട്ടുനിന്നത് നല്ല സൂചനയല്ല. സിദ്ധരാമയ്യയുടെ രാജി ഉപാധി കൂടാതെയാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അവകാശപ്പെടുന്നുണ്ട്്. എന്നാൽ കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായ മകന്‍ യതീന്ദ്രയെ ഉപമുഖ്യമന്ത്രിയാക്കണമെന്നും തന്റെ കൂടെയുള്ളവരില്‍ ചിലരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടിട്ടുണ്ടെന്ന വാര്‍ത്ത കോണ്‍ഗ്രസ്സ് നേതൃത്വം നിഷേധിച്ചിട്ടില്ല. അതുപോലെ ശിവകുമാര്‍ പി സി സി അധ്യക്ഷ സ്ഥാനം ഒഴിയുമ്പോള്‍ മന്ത്രിയും തന്റെ അനുയായിയുമായ സതീഷ് ജാര്‍ക്കോളിയെ പി സി സി അധ്യക്ഷനാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.സിദ്ധരാമയ്യ മുഖ്യമന്ത്രി എന്ന നിലയില്‍ അവസാനമായി ഒപ്പിട്ടത് ജാതി സെന്‍സസ് റിപോര്‍ട്ട് നടപ്പാക്കുന്ന ഫയലിലാണ്. മുഖ്യമന്ത്രി ഡി കെ ശിവകുമാറിനും കോണ്‍ഗ്രസ്സ് നേതൃത്വത്തിനും ഈ റിപോര്‍ട്ട് വലിയ വെല്ലുവിളിയാകും. 2025 നവംബര്‍ മുതല്‍ തീരുമാനമാകാതെ കിടന്ന പിന്നാക്ക വിഭാഗ കമ്മീഷന്റെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ സർവേ (ജാതി സെന്‍സസ്) റിപോര്‍ട്ടാണ് സ്ഥാനം ഒഴിയുന്നതിന് തലേന്ന് സിദ്ധരാമയ്യ അംഗീകരിച്ചത്. ലിംഗായത്ത്, വൊക്കലിംഗ തുടങ്ങിയ പ്രബല വിഭാഗങ്ങള്‍ റിപോര്‍ട്ടിന് എതിരാണ്. ഈ റിപോര്‍ട്ട് നടപ്പാക്കുകയോ തള്ളിക്കളയുകയോ ചെയ്യുന്നത് എതിര്‍പ്പിനു കാരണമാകും. വൊക്കലിഗ വിഭാഗത്തില്‍ നിന്നുള്ള നേതാവായ ഡി കെ ശിവകുമാറിന് റിപോര്‍ട്ട് തലവേദനയായി മാറും.