ഇറാനിൽ വീണ്ടും പരിമിത വ്യോമാക്രമണം നടത്തിയെന്ന് ട്രംപ്; തിരിച്ചടിച്ചാൽ അതിരുകൾക്കപ്പുറവും ആക്രമിക്കുമെന്ന് ഇറാൻ

Wait 5 sec.

ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ലക്ഷ്യമിട്ട് പരിമിതമായ വ്യോമാക്രമണം നടത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനെതിരായ മുൻ സൈനിക നീക്കത്തിന് പിന്നാലെ സംഘർഷം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. ഇറാൻ നിർമിച്ചുകൊണ്ടിരുന്ന വ്യോമപ്രതിരോധ സംവിധാനം തകർത്തതായും വെറും 15 മിനിറ്റിനുള്ളിലാണ് ആക്രമണം പൂർത്തിയാക്കിയതെന്നും അദ്ദേഹം അവകാശപ്പെട്ടു.“അവർ ഒരു വ്യോമപ്രതിരോധ സംവിധാനം നിർമിക്കുകയായിരുന്നു. വെറും 15 മിനിറ്റിനുള്ളിൽ ഞങ്ങൾ അത് തകർത്തു. ഒരുപക്ഷേ അഞ്ച് മിനിറ്റിനുള്ളിൽത്തന്നെ അത് തകർക്കാമായിരുന്നു” എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ആക്രമണത്തെ അദ്ദേഹം ‘ചെറുത്’ എന്നാണ് വിശേഷിപ്പിച്ചത്. ഹോർമുസ് കടലിടുക്കിലെ ഖ്വേഷം ദ്വീപിലെ സൂസ മേഖലയിൽ രണ്ട് സ്ഫോടനശബ്ദങ്ങൾ കേട്ടതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന പുറത്തുവന്നത്.എണ്ണഗതാഗതത്തിന് നിർണായകമായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം ഫെബ്രുവരിയിൽ ഇറാനെതിരെ യുഎസ് യുദ്ധം ആരംഭിച്ചതുമുതൽ തടസ്സപ്പെട്ടിരിക്കുകയാണ്. യുഎസിലെ ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി തിരിച്ചടി നേരിട്ടതിന് പിന്നാലെ ഇറാനെതിരെ ട്രംപ് ഭരണകൂടം നടത്തുന്ന ആദ്യ സൈനിക നീക്കമാണിത്. ഇറാൻ യുദ്ധം കൈകാര്യം ചെയ്ത രീതിയിലുള്ള വോട്ടർമാരുടെ അതൃപ്തിയും യുദ്ധത്തെത്തുടർന്നുണ്ടായ ഇന്ധനവില വർധനയും തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായെന്നാണ് വിലയിരുത്തൽ.തുടർന്നുള്ള ദിവസങ്ങളിൽ ഇറാനെ ‘നശിപ്പിക്കുമെന്ന്’ ഭീഷണിപ്പെടുത്തുന്നതിനൊപ്പം യുദ്ധം അവസാനിപ്പിക്കാനുള്ള പരിഹാരം അടുത്തെത്തിയെന്ന സൂചനകളും ട്രംപ് നൽകിയിരുന്നു. തിങ്കളാഴ്ചയും യുഎസ് സൈന്യം ഇറാനിൽ ആക്രമണം നടത്തിയിരുന്നു. അന്ന് ഹോർമുസിലെ ഖ്വേഷം, ഹെൻഗാം ദ്വീപുകളിലും സമീപത്തെ ബന്ദർ അബ്ബാസിലും ശക്തമായ സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.ഇതിനിടെ, ഇറാന്റെ ആണവപദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നവർക്ക് രണ്ടുകോടി ഡോളർ വരെ പ്രതിഫലം പ്രഖ്യാപിച്ച് അമേരിക്കയും രംഗത്തെത്തി. വിവരങ്ങൾ നൽകുന്നവർക്ക് പുതിയ സ്ഥലത്തേക്ക് താമസം മാറാനുള്ള സൗകര്യവും ഒരുക്കുമെന്ന് യുഎസ് സെൻട്രൽ കമാൻഡിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ അറിയിച്ചു. ആണവപദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ, ഉപകരണങ്ങൾ, അതിൽ പ്രവർത്തിക്കുന്നവർ, അവരുടെ നീക്കങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾക്കാണ് പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നത്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ ‘റിവാർഡ്‌സ് ഫോർ ജസ്റ്റിസ്’ പദ്ധതിയുടെ ഭാഗമായാണ് പ്രഖ്യാപനം.അതേസമയം, യുഎസും ഇസ്രയേലും ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചപ്പോഴുള്ള ഇറാനല്ല ഇപ്പോഴുള്ളതെന്ന് ഇറാൻ സൈനിക വക്താവ് മുന്നറിയിപ്പ് നൽകി. അമേരിക്കയുടെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായാൽ ഭൂമിശാസ്ത്രപരമായ അതിരുകൾ പരിഗണിക്കാതെ യുഎസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് തിരിച്ചടിക്കുമെന്നാണ് മുന്നറിയിപ്പ്. ആവശ്യമെങ്കിൽ മേഖലയ്ക്ക് പുറത്തുള്ള യുഎസ് സൈനിക കേന്ദ്രങ്ങളിലേക്കും പ്രത്യാക്രമണം വ്യാപിപ്പിക്കുമെന്ന് സൈനിക വക്താവ് മുഹമ്മദ് അക്രമിനിയ അറിയിച്ചതായി എഎഫ്‌പി റിപ്പോർട്ട് ചെയ്തു.The post ഇറാനിൽ വീണ്ടും പരിമിത വ്യോമാക്രമണം നടത്തിയെന്ന് ട്രംപ്; തിരിച്ചടിച്ചാൽ അതിരുകൾക്കപ്പുറവും ആക്രമിക്കുമെന്ന് ഇറാൻ appeared first on ഇവാർത്ത | Evartha.