എന്തും അന്വേഷിക്കാൻ ഇറങ്ങിത്തിരിക്കുന്ന ‘സൂപ്പർ കോപ്പ്’ അല്ല എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റെന്ന് (ഇ.ഡി) കർണാടക ഹൈക്കോടതി. നിയമപരമായ അധികാരപരിധി ലംഘിച്ച് പ്രവർത്തിക്കാൻ അന്വേഷണ ഏജൻസിക്ക് അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. കർണാടകയിലെ കോൺഗ്രസ് എം.എൽ.എ കെ.വൈ. നഞ്ചേഗൗഡയ്ക്കും മറ്റുള്ളവർക്കുമെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസും (ECIR) അതുമായി ബന്ധപ്പെട്ട തുടർനടപടികളും കോടതി റദ്ദാക്കി.ജസ്റ്റിസ് എം.ഐ. അരുൺ അധ്യക്ഷനായ ബെഞ്ചാണ് ഇ.ഡിയുടെ അധികാരപരിധി സംബന്ധിച്ച് സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയത്. നിലവിലുള്ള നിയമവ്യവസ്ഥകളെയും ചട്ടങ്ങളെയും മറികടന്ന് സ്വന്തം നിലയ്ക്ക് കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണം ആരംഭിക്കാൻ ഇ.ഡിക്ക് കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമമായ പി.എം.എൽ.എ പ്രകാരം ഏജൻസിക്ക് ലഭിച്ചിട്ടുള്ള അധികാരങ്ങൾ മറ്റൊരു കുറ്റകൃത്യത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും സ്വതന്ത്രമായി കേസെടുക്കാനുള്ള പ്രാഥമിക അധികാരമല്ലെന്നും കോടതി നിരീക്ഷിച്ചു.നിയമപ്രകാരം പട്ടികപ്പെടുത്തിയിട്ടുള്ള അടിസ്ഥാന കുറ്റകൃത്യത്തിൽ ലോക്കൽ പൊലീസോ മറ്റ് അന്വേഷണ ഏജൻസികളോ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്താൽ മാത്രമേ അതിന്റെ അടിസ്ഥാനത്തിൽ ഇ.ഡിക്ക് ഇടപെടാനാകൂ. അടിസ്ഥാന കുറ്റകൃത്യം നിലനിൽക്കാത്ത സാഹചര്യത്തിൽ അതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിനും നിലനിൽപ്പില്ലെന്ന് കോടതി വ്യക്തമാക്കി.പൊലീസിനെയും മറ്റ് അന്വേഷണ സംവിധാനങ്ങളെയും മറികടന്ന് സ്വയം ഉന്നത അന്വേഷണ ഏജൻസിയായി പ്രവർത്തിക്കാൻ ഇ.ഡിക്ക് കഴിയില്ലെന്നും കോടതി ഓർമിപ്പിച്ചു. അധികാര വിഭജനമെന്ന ഭരണഘടനാ തത്വം നിലനിൽക്കെ ഒരു ഏജൻസിക്കും പരിധിയില്ലാത്ത അധികാരം അവകാശപ്പെടാനാകില്ലെന്നും നിരീക്ഷിച്ചു.സ്വന്തമായി പരാതി ഫയൽ ചെയ്ത് അതിന്റെ അടിസ്ഥാനത്തിൽ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണം ആരംഭിക്കുന്ന ഇ.ഡിയുടെ നടപടികളെയും കോടതി വിമർശിച്ചു. ഏജൻസി നൽകിയ സ്വകാര്യ പരാതിയുമായി ബന്ധപ്പെട്ട തുടർനടപടികളും റദ്ദാക്കിയിട്ടുണ്ട്. രാഷ്ട്രീയ എതിരാളികൾക്കെതിരെ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നുവെന്ന ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, ഇ.ഡിയുടെ അധികാരപരിധി സംബന്ധിച്ച ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്.The post ഇ.ഡി ‘സൂപ്പർ കോപ്പ്’ അല്ല; അധികാരപരിധി ലംഘിക്കാനാകില്ലെന്ന് കർണാടക ഹൈക്കോടതി appeared first on ഇവാർത്ത | Evartha.