കൂടാരങ്ങൾക്ക് ചുറ്റും മഴവെള്ളം; ദുരിതത്തുരുത്തായി ഗസ്സ

Wait 5 sec.

ഗസ്സ സിറ്റി | ഗസ്സയിൽ ദുരിതങ്ങളോട് പോരടിച്ച് താത്കാലിക ക്യാന്പുകളിൽ കഴിയുന്ന ഫലസ്തീനികളെ പ്രതിസന്ധിയിലാക്കി കനത്ത മഴ. മനുഷ്യത്വത്തിന്റെ എല്ലാ അതിരുകളും ലംഘിച്ച് ഇസ്റാഈൽ നടപ്പാക്കുന്ന ഉപരോധത്തിൽ കയറിക്കിടക്കാൻ കൂര പോലുമില്ലാത്ത ഫലസ്തീനികളുടെ, താത്കാലിക അഭയകേന്ദ്രമായ ടെന്റുകളിൽ വ്യാപകമായി വെള്ളം കയറി.ഗസ്സാ മുനന്പിലുടനീളം കനത്ത മഴയിൽ നിരവധി ടെന്റുകളുടെ മേൽക്കൂരകൾ തകരുകയും ടെന്റുകളിൽ വെള്ളം കയറുകയും ചെയ്തു.ഒറ്റ ദിവസം കൊണ്ട് 70,000ത്തോളം കൂടാരങ്ങളിലാണ് വെള്ളം കയറിയത്. കുട്ടികളും സ്ത്രീകളുമടക്കമുള്ളവർ നിസ്സഹായതയുടെ ഭീകരതയാണ് ഗസ്സയിൽ അനുഭവിക്കുന്നത്.മണൽചാക്കുകൾ നിരത്തി മഴവെള്ളം കൂടാരങ്ങളിലേക്കെത്തുന്നത് തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കൂടാരങ്ങൾക്ക് ചുറ്റും വെള്ളം ഒഴുകിപ്പോകാതെ ദുരിതത്തുരുത്തായി മാറിയിരിക്കുകയാണ് ഗസ്സ.ഡ്രെയിനേജ് സംവിധാനങ്ങള്‍ തകര്‍ന്നതിനാല്‍ അഴുക്കുചാലിലെ മലിനജലവും മനുഷ്യവിസര്‍ജ്യങ്ങളും കലര്‍ന്ന കറുത്ത ചെളിവെള്ളത്തിലൂടെയാണ് പ്രായമായവരും രോഗികളും അടക്കമുള്ളവര്‍ക്ക് നടക്കേണ്ടി വരുന്നത്. അതിശൈത്യത്തെ പ്രതിരോധിക്കാൻ കുഞ്ഞുങ്ങൾക്ക് പോലും മതിയായ വസ്ത്രങ്ങളും പുതപ്പുകളുമില്ല.ഇന്ധനക്ഷാമവും ഉപകരണങ്ങൾക്കുണ്ടായ കേടുപാടും കാരണം മഴയെയും കനത്ത കാറ്റിനെയും നേരിടാൻ തങ്ങൾക്ക് സാധിച്ചില്ലെന്ന് ഗസ്സ മുനിസിപൽ, സിവിൽ ഡിഫൻസ് അധികൃതർ പറഞ്ഞു.കേടുപാടുകള്‍ സംഭവിച്ചതും ജീർണിച്ചതുമായ താത്കാലിക കൂടാരങ്ങള്‍ക്ക് കനത്ത മഴയെയോ തണുപ്പിനെയോ പ്രതിരോധിക്കാന്‍ ശേഷിയില്ല. സഹായ അഭ്യർഥനയുമായി 1,500ലധികം ഫോൺ കോളുകൾ ലഭിച്ചെങ്കിലും പരിമിത രീതിയിലാണ് രക്ഷാപ്രവർത്തനം നടത്താനായതെന്ന് സിവിൽ ഡിഫൻസ് അധികൃതർ പറഞ്ഞു.ബുൾഡോസറുകളും വെള്ളം പന്പ് ചെയ്ത് ഒഴിവാക്കുന്ന മോട്ടോറുകളുമടക്കം ഇസ്റാഈൽ സൈന്യം നശിപ്പിച്ചതും രക്ഷാപ്രവർത്തനത്തെ ബാധിച്ചു. മഴക്കാലത്തിന് മുന്പ് തന്നെ യു എൻ ഏജൻസിയായ യു എൻ ആർ ഡബ്ല്യു എ ഗസ്സയിൽ മാനുഷിക സഹായ പ്രവർത്തനങ്ങൾക്ക് ശ്രമിച്ചിരുന്നെങ്കിലും ഇസ്റാഈൽ സൈന്യം തടയുകയായിരുന്നു.Content Highlights: Heavy rains flooded nearly 70,000 refugee tents across Gaza, creating extreme hardship for displaced families facing harsh winter cold. Israeli blockade and destroyed drainage infrastructure severely hindered civil defense rescue operations. Children lack basic warm clothes to fight freezing conditions.