ന്യൂഡൽഹി | യാതൊരു തയ്യാറെടുപ്പുമില്ലാതെ നോട്ട് നിരോധം നടപ്പാക്കി പതിറ്റാണ്ട് പിന്നിടുമ്പോഴും കള്ളപ്പണം തടയൽ, പൗരന്മാരുടെ അക്കൗണ്ടിൽ പണമെത്തിക്കൽ തുടങ്ങിയവക്കൊപ്പം ഡിജിറ്റൽ വിനിമയത്തിലും ലക്ഷ്യം നേടിയില്ലെന്ന് വിലയിരുത്തൽ. ഡിജിറ്റൽ പണമിടപാടുകളിലേക്കുള്ള ഇന്ത്യയുടെ ചുവടുമാറ്റം കറൻസിയിലുള്ള ആശ്രിതത്വം കുറച്ചില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ദൈനംദിന ഇടപാടുകളിൽ യു പി ഐ വലിയ മാറ്റം കൊണ്ടുവന്നെങ്കിലും നോട്ട് അസാധുവാക്കലിനു ശേഷം പ്രചാരത്തിലുള്ള കറൻസിയുടെ അളവ് ഇരട്ടിയിലധികമായി വർധിച്ചുവെന്ന് റിസർവ് ബേങ്ക് വ്യക്തമാക്കുന്നു.2016 നവംബർ എട്ടിന് പഴയ 500, 1000 രൂപ നോട്ടുകൾ പിൻവലിക്കുന്നതായി സർക്കാർ പ്രഖ്യാപിച്ചപ്പോൾ, പ്രചാരത്തിലുണ്ടായിരുന്ന കറൻസിയുടെ മൂല്യം 17.77 ട്രില്യൺ രൂപയായിരുന്നുവെന്നാണ് ധനമന്ത്രാലയത്തിന്റെ കണക്ക്. 2026 ഒക്ടോബർ 23 ആയപ്പോഴേക്കും ഇത് 43.16 ട്രില്യൺ രൂപയായി വർധിച്ചു. അതായത് ഏകദേശം 143 ശതമാനത്തിന്റെ വർധന.പ്രചാരത്തിലുള്ള കറൻസിയുടെ അളവ് ഇരട്ടിയിലധികമായി വർധിച്ചു. റിസർവ് ബേങ്ക് ഓഫ് ഇന്ത്യയുടെ 2017 മാർച്ചിലെ വിലയിരുത്തൽ പ്രകാരം, നോട്ട് അസാധുവാക്കൽ നടപടിയിലൂടെ പ്രചാരത്തിലുണ്ടായിരുന്ന കറൻസിയുടെ 86.9 ശതമാനവും ഒറ്റരാത്രി കൊണ്ട് അസാധുവായിത്തീർന്നു. ഇത് പണക്ഷാമത്തിന് കാരണമാകുകയും ഉപഭോക്താക്കളും ബിസിനസ്സുകളും പണമിടപാടുകൾക്കായി ബദൽ മാർഗങ്ങൾ തേടാൻ നിർബന്ധിതരാകുകയും ചെയ്തു.ഇതോടെ ആർ ബി ഐ പുതിയ നോട്ടുകൾ പുറത്തിറക്കുകയും പണആവശ്യകത പരിഹരിക്കാൻ തുടങ്ങുകയും ചെയ്തു. ആർ ബി ഐയുടെ കണക്കുകൾ പ്രകാരം, 2026 സാമ്പത്തിക വർഷാവസാനത്തിൽ പ്രചാരത്തിലുള്ള കറൻസിയുടെ മൂല്യം 41.68 ട്രില്യൺ രൂപയായിരുന്നു. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 11.9 ശതമാനം വർധനയാണ്. തുകയുടെ അടിസ്ഥാനത്തിൽ നോക്കിയാൽ, ഈ വർധന 4.44 ട്രില്യൺ രൂപയാണ്. പ്രചാരത്തിലുള്ള കറൻസി 4.94 ട്രില്യൺ രൂപ വർധിച്ചു. 2018 സാമ്പത്തിക വർഷത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന വർധനയാണിത്.പണമിടപാടുകളിലും ഡിജിറ്റൽ ഇടപാടുകളിലും ഒരേസമയം വർധനയുണ്ടാകുന്നുവെന്നാണ് ആർ ബി ഐയുടെ വിലയിരുത്തൽ.Content Highlights: Ten years after demonetization, currency in circulation in India has increased by nearly 143 percent, rising from 17.77 trillion rupees in 2016 to 43.16 trillion rupees in late 2026. Despite massive UPI growth, cash dependency remains high as both digital and cash transactions continue to surge.