ന്യൂഡൽഹി| ആഭ്യന്തര വിപണിയിലെ റെക്കോർഡ് വിലക്കയറ്റവും കേന്ദ്ര സർക്കാരിന്റെ കടുത്ത നികുതി നയങ്ങളും കാരണം ഇന്ത്യയിലെ സ്വർണ്ണ ആവശ്യകതയിൽ 29 ശതമാനത്തിന്റെ വൻ ഇടിവ് രേഖപ്പെടുത്തി. വേൾഡ് ഗോൾഡ് കൗൺസിലിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, 2026 ജൂലൈ-സെപ്റ്റംബർ പാദത്തിൽ രാജ്യത്തെ ആകെ സ്വർണ്ണ ഡിമാൻഡ് 162.5 ടണ്ണിലേക്ക് ചുരുങ്ങി. മുൻവർഷം ഇതേ കാലയളവിൽ ഇന്ത്യ 229.8 ടൺ സ്വർണ്ണമാണ് ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ പാദത്തിൽ സ്വർണ്ണത്തിന്റെ ശരാശരി ആഭ്യന്തര വില 45 ശതമാനത്തോളം ഉയർന്നതാണ് ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയായത്.രൂപയുടെ മൂല്യത്തകർച്ച തടയാനും വിദേശനാണ്യ ശേഖരത്തിലെ സമ്മർദ്ദം കുറയ്ക്കാനുമായി കേന്ദ്ര സർക്കാർ സ്വർണ്ണത്തിന്റെ ആകെ ഇറക്കുമതി തീരുവ 15 ശതമാനമായി (10% അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയും 5% കാർഷിക സെസ്സും) ഉയർത്തിയതും വിലക്കയറ്റത്തിന് ആക്കം കൂട്ടി. ഇതിനുപുറമെ, സ്വർണ്ണ വാങ്ങലുകൾ നിയന്ത്രിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വനവും ദുർബലമായ മൺസൂൺ കാരണം ഗ്രാമീണ മേഖലയിലെ വരുമാനത്തിലുണ്ടായ കുറവും ഉപഭോക്താക്കളെ സ്വർണം വാങ്ങുന്നതിൽ നിന്ന് പിന്നോട്ട് വലിച്ചു.കടുത്ത വിലക്കയറ്റം സാധാരണക്കാരെയും നിക്ഷേപകരെയും ഒരുപോലെ ബാധിച്ചതോടെ വിപണിയിൽ വലിയ മാറ്റങ്ങളാണ് ദൃശ്യമായത്. രാജ്യത്തെ സ്വർണ്ണാഭരണങ്ങളുടെ ആവശ്യകത 20% കുറഞ്ഞ് 99.9 ടണ്ണായി ചുരുങ്ങിയത് 2020-ന് ശേഷമുള്ള ഏറ്റവും ദുർബലമായ മൂന്നാം പാദമായി മാറി. ഉയർന്ന വില കാരണം ആളുകൾ ഭാരം കുറഞ്ഞതും കുറഞ്ഞ കാരറ്റുള്ളതുമായ ആഭരണങ്ങളിലേക്ക് മാറിയെങ്കിലും, വിലക്കൂടുതൽ നിലനിന്നതിനാൽ ആഭരണങ്ങൾക്കായി രാജ്യത്ത് ചിലവഴിച്ച തുകയുടെ മൂല്യം 16% വർദ്ധിച്ച് 1,48,700 കോടി രൂപയായി. അതേസമയം, സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ്ണക്കട്ടികളും നാണയങ്ങളും വാങ്ങുന്നതിലുള്ള താല്പര്യം 40% ഇടിഞ്ഞ് 55 ടണ്ണിലെത്തി. ഭൗതിക സ്വർണ്ണത്തിന് പകരം ചെറിയ തുകയ്ക്ക് വാങ്ങാനാകുന്ന ഡിജിറ്റൽ സ്വർണ്ണത്തിലേക്ക് നിക്ഷേപകർ മാറുന്നതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു.ഉയർന്ന നികുതി കാരണം ഔദ്യോഗിക മാർഗ്ഗങ്ങളിലൂടെയുള്ള സ്വർണ്ണ ഇറക്കുമതി 46% കുറഞ്ഞ് 114.1 ടണ്ണായി മാറിയപ്പോൾ, നികുതി വെട്ടിക്കാനായുള്ള അനധികൃത സ്വർണ്ണക്കടത്ത് വൻതോതിൽ ഉയർന്നു. മുൻവർഷം ഇതേ പാദത്തിൽ വെറും 3 ടണ്ണായിരുന്ന അനധികൃത സ്വർണ്ണ ഇറക്കുമതി, ഇത്തവണ 1,500% വർദ്ധിച്ച് 50 ടണ്ണിലെത്തി,സ്വർണ്ണത്തിന്റെ അളവിൽ ഇടിവുണ്ടായെങ്കിലും, വിലക്കൂടുതൽ കാരണം രാജ്യത്തെ മൊത്തം സ്വർണ്ണ വിപണിയുടെ മൂല്യം 3 ശതമാനം വർദ്ധനവോടെ 2,41,900 കോടി രൂപയായി ഉയർന്നിട്ടുണ്ട്.ജനുവരി 29-ന് 10 ഗ്രാമിന് ₹1,76,306 എന്ന എക്കാലത്തെയും ഉയർന്ന റെക്കോർഡിലെത്തിയ സ്വർണ്ണവില, നിലവിൽ വിപണിയിൽ 10 ഗ്രാമിന് ₹1,38,400 എന്ന നിരക്കിലേക്ക് അല്പം കുറഞ്ഞിട്ടുണ്ട്. കടുത്ത വിലക്കയറ്റം തുടരുകയാണെങ്കിൽ 2026-ലെ ഇന്ത്യയുടെ ആകെ സ്വർണ്ണ ആവശ്യകത 625-675 ടണ്ണിലേക്ക് മാത്രമായി ഒതുങ്ങുമെന്നും ഇത് 2020-ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വാർഷിക നിരക്കായിരിക്കുമെന്നും വേൾഡ് ഗോൾഡ് കൗൺസിൽ വിലയിരുത്തുന്നു. എങ്കിലും വരാനിരിക്കുന്ന ദീപാവലി ആഘോഷങ്ങളും വിവാഹ സീസണും ഒപ്പം വിലയിലുണ്ടാകുന്ന ചെറിയ കുറവുകളും വിപണിക്ക് പുതിയ ഉണർവ് നൽകുമെന്നും, ഉപഭോക്താക്കൾ വിപണിയിലേക്ക് സജീവമായി മടങ്ങിയെത്തുന്നതോടെ വ്യാപാരം തിരിച്ചുപിടിക്കാൻ സാധിക്കുമെന്നുമുള്ള വലിയ പ്രതീക്ഷയിലാണ് രാജ്യത്തെ സ്വർണ്ണ വ്യാപാരികൾ.ഗൾഫ് വിപണിയിലും ഇടിവ്; എങ്കിലും പ്രവാസികളുടെ സ്വർണ്ണ പ്രിയം കുറയുന്നില്ലഇന്ത്യക്ക് പുറമെ മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ വിപണികളായ സഊദി അറേബ്യ,യു.എ.ഇ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലും ഉയർന്ന വിലക്കയറ്റം സ്വർണ്ണാഭരണ ആവശ്യകതയെ കാര്യമായി ബാധിച്ചിട്ടുണ്ട്. വേൾഡ് ഗോൾഡ് കൗൺസിൽ റിപ്പോർട്ട് പ്രകാരം ഈ പാദത്തിൽ യു.എ.ഇ-യിൽ 29 ശതമാനവും സഊദി അറേബ്യയിൽ 12 ശതമാനവും ആവശ്യകത കുറഞ്ഞിട്ടുണ്ട് , വിപണിയിൽ ആവശ്യക്കാരുടെ എണ്ണത്തിൽ താല്കാലിക ഇടിവുണ്ടായിട്ടുണ്ടെങ്കിലും മലയാളി പ്രവാസികൾക്ക് ഗൾഫ് സ്വർണ്ണത്തോടുള്ള താല്പര്യം ഒട്ടും കുറഞ്ഞിട്ടില്ല. ഗൾഫ് രാജ്യങ്ങളിലെ വിപണികളിൽ സ്വർണ്ണത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്താൻ കർശനമായ പരിശോധനകൾ നടത്തുന്നതിനാൽ, ഇവിടുത്തെ സ്വർണ്ണത്തിന്റെ ശുദ്ധിയിലുള്ള പൂർണ്ണമായ വിശ്വാസമാണ് വില കൂടിയ സാഹചര്യത്തിലും നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളെ ഗൾഫ് സ്വർണ്ണം വാങ്ങാൻ ഇപ്പോഴും പ്രേരിപ്പിക്കുന്നത്.Content Highlights: India’s gold demand dropped 29 percent to 162.5 tonnes in Q3 2026 due to soaring domestic prices and a 15 percent import duty. Jewelry demand hit a post-2020 low while gold smuggling surged 1,500 percent. Meanwhile, Gulf demand fell, though NRI preference for Gulf gold remains strong.