ന്യൂഡല്‍ഹി | സര്‍ക്കാര്‍ ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കണമെന്ന അഭിപ്രായവുമായി സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ബി വി നാഗരത്ന. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രിവിലേജ്ഡ് വിഭാഗമാണ്. ജീവനക്കാര്‍ക്ക് ആജീവനാന്ത പെന്ഷന് ലഭിക്കുന്നു. എന്നാല്‍ അതനുസരിച്ച് അവര്‍ ഉത്തരവാദിത്തം കാണിക്കുന്നില്ല. നിയമനം കരാര്‍ വ്യവസ്ഥയില്‍ ആയാലെ അവര്‍ത്ത് ഉത്തരവാദിത്തം ഉണ്ടാകൂ എന്ന് ജസ്റ്റിസ് നാഗരത്ന പറഞ്ഞു.സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്ത (ഡി എ) നല്‍കാത്തതുമായി ബന്ധപ്പെട്ട് പഞ്ചാബ് ചീഫ് സെക്രട്ടറിക്കെതിരെ നല്കിയ കേസിന്റെ വാദത്തിനിടയിലായിരുന്നു ജസ്റ്റിസ് നാഗരത്നയുടെ പരാമര്‍ശം. ഇനിമുതല്‍ സര്‍ക്കാര്‍ ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ മാത്രമേ നിയമിക്കാവൂ. എങ്കില്‍ മാത്രമേ അവര്‍ക്ക് ഉത്തരവാദിത്തം ഉണ്ടാവുകയുള്ളൂ. ഒരു ദിവസം അവര്‍ ടൈപ്പ് ചെയ്യുന്നത് വെറും മൂന്ന് പേജുകള്‍ മാത്രമാണ്. അവര്‍ക്ക് ജുഡീഷ്യല്‍ വകുപ്പില്‍ ജോലി ചെയ്യാന്‍ താല്‍പ്പര്യമില്ല. ഹൈക്കോടതിയിലോ ജില്ലാ കോടതിയിലോ നിയമനം ലഭിച്ചാലും അവരെല്ലാം സെക്രട്ടേറിയറ്റിലേക്ക് പോകാനാണ് താല്പ്പര്യപ്പെന്നത്. അവിടെയാണെങ്കില്‍ ഒരു ദിവസം വെറും മൂന്ന് പേജുകള്‍ മാത്രം ടൈപ്പ് ചെയ്താല്‍ മതി-ജസ്റ്റിസ് നാഗരത്ന പറഞ്ഞു.സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ കഠിനാധ്വാനികളായവരും ഉണ്ടെന്നും എല്ലാവരെയും ഒരേ അളവുകോല്‍ വെച്ച് വിലയിരുത്താന്‍ പാടില്ലെന്നും മുതിര്‍ന്ന അഭിഭാഷകന് ദേവദത്ത് കാമത്ത് ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അത്ര ആത്മാര്ത്ഥതയുള്ളവരായിരുന്നുവെങ്കില് രാജ്യത്തെ വ്യവഹാരങ്ങളുടെ എണ്ണം കുറയുമായിരുന്നുവെന്ന് ജസ്റ്റിസ് നാഗരത്ന മറുപടി നല്കി. സര്‍ക്കാര്‍ ഒരു മാതൃകാ തൊഴിലുടമയായി പ്രവര്‍ത്തിക്കണം എന്നായിരുന്നു ഇതിന് ദേവദത്ത് കാമത്തിന്റെ പ്രതികരണം.എല്ലായിടത്തും അനാവശ്യമായ ചുവപ്പു നാടയും അഴിമതിയും മാത്രമാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം എവിടെയാണ്?. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മരണശേഷം അവരുടെ കുടുംബങ്ങള്‍ക്ക് പെന്ഷന് ലഭിക്കുന്നുണ്ട്. സൗജന്യ പദ്ധതികള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കുള്ളതാണെന്നും എന്നാല്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വിഭാഗമാണെന്നും ജസ്റ്റിസ് നാഗരത്ന അഭിപ്രായപ്പെട്ടു. പഞ്ചാബ് സര്‍ക്കാരിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ നല്കിയ കേസ് ജസ്റ്റിസ് നാഗരത്നയുടെയും ജസ്റ്റിസ് ആര് മഹാദേവന്റെയും ബെഞ്ചാണ് പരിഗണിച്ചത്. ചീഫ് സെക്രട്ടറിക്കെതിരായ കോടതിയലക്ഷ്യ നടപടികള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു.Content Highlights: Supreme Court Judge Justice BV Nagarathna suggested appointing government employees on a contract basis to improve accountability. She noted that officials enjoy lifetime pensions and privileges without showing proportional responsibility. The bench stayed contempt proceedings against Punjab Chief Secretary.