2026 നവംബറിന്റെ ആദ്യ രണ്ട് വാരത്തില്‍, ലോകത്തിന്റെ രണ്ട് വന്‍കരകളില്‍ നിന്ന് സമാനമായ രണ്ട് സന്ദേശം ഉയര്‍ന്നിരിക്കുന്നു. ജനാധിപത്യത്തിന്റെ ചൂടും ചൂരുമുണ്ടതിന്. അമേരിക്കയിലെ മിഷിഗണില്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി മൈക്ക് റോജേഴ്സിനെ പരാജയപ്പെടുത്തി അബ്ദുസ്സഈദ് യു എസ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.ചരിത്രത്തില്‍ ആദ്യമായി ഒരു മുസ്ലിം സെനറ്ററായി അദ്ദേഹം മാറി. ബ്രസീലിലാകട്ടെ, പ്രസിഡന്റ് ലുല ഡ സില്‍വ, ഫ്ളാവിയോ ബോല്‍സൊനാരോയെ പരാജയപ്പെടുത്തി തീവ്ര വലതുപക്ഷത്തിന്റെ മുന്നേറ്റത്തിന് തടയിട്ടു. ഡെട്രോയിറ്റിലെ വ്യാവസായിക നഗരത്തിലും ബ്രസീലിന്റെ മണ്ണിലുമായി നടന്ന ഈ രണ്ട് തിരഞ്ഞെടുപ്പുകളും ഒരേ ചോദ്യത്തിനുള്ള മറുപടിയായിരുന്നു, അന്തസ്സിനും സ്നേഹത്തിനും ഐക്യത്തിനും മുകളില്‍ ഭയത്തെയും വിദ്വേഷത്തെയും പ്രതിഷ്ഠിക്കുന്ന രാഷ്ട്രീയത്തിന് ഇനിയും ജയിക്കാനാകുമോ?തത്കാലം അതിനുള്ള ഉത്തരം “ഇല്ല’ എന്നാണ്. എന്നാല്‍ ദശലക്ഷക്കണക്കിന് സാധാരണ മനുഷ്യര്‍ ആ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ചെറുത്തുനില്ക്കാന് തയ്യാറായത് കൊണ്ടാണ് അത് സാധ്യമായത്. അബ്ദുസ്സഈദിന്റെ വിജയം കേവലം ഒരു സെനറ്റ് സീറ്റിന്റെ ജയമല്ലായിരുന്നു.അറബി പേരുള്ള, ഈജിപ്ഷ്യന്‍ കുടിയേറ്റക്കാരുടെ മകനായ ഒരു മുസ്ലിം സ്ഥാനാര്‍ഥിയെ അമേരിക്കക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുമോ എന്നതിന്റെ ലാബ് ടെസ്റ്റായിരുന്നു അത്. മത്സരത്തില്‍ 52.5 ശതമാനം വോട്ടുകള്‍ നേടിയാണ് അബ്ദുസ്സഈദ് വിജയിച്ചത്. ഇതോടെ യു എസ് ചരിത്രത്തിലെ ആദ്യ മുസ്ലിം സെനറ്ററായും 1969ന് ശേഷം സെനറ്റിലെത്തുന്ന ആദ്യ ഡെമോക്രാറ്റിക് ഡോക്ടറായും അദ്ദേഹം മാറി.എന്നാല്‍ അദ്ദേഹത്തിനെതിരെ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ വലിയ സുഖകരമായിരുന്നില്ല. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അദ്ദേഹത്തിന്റെ മുസ്ലിം സ്വത്വത്തെ ചോദ്യം ചെയ്യുകയും “ജിഹാദി’ എന്ന് വിളിച്ച് ഭീകരബന്ധം ആരോപിക്കുകയും ചെയ്തു. ഇതൊരു സാധാരണ രാഷ്ട്രീയ വിമര്‍ശമായിരുന്നില്ല; മറിച്ച് ഒരാളുടെ പേരോ വിശ്വാസമോ കാരണം അയാള്‍ക്ക് പൗരത്വത്തിന് അര്‍ഹതയില്ലെന്ന് വരുത്തിത്തീര്‍ക്കാനുള്ള വംശീയ ഗുണ്ടായിസമെന്നു പറഞ്ഞാല്‍ തെറ്റില്ല. ഈ വിജയത്തിന് പിന്നില്‍ ഒരു വൈരുധ്യമുണ്ട്. ഒരു മുസ്ലിം ആദ്യമായി യു എസ് സെനറ്റില്‍ എത്തിയത് വിപ്ലവച്ചുവടാണ്; എന്നാല്‍ അതിനായി രണ്ട് നൂറ്റാണ്ടിലധികം കാത്തിരിക്കേണ്ടി വന്നു എന്നത് സങ്കടകരമാണ്. തനിക്കെതിരെ നടന്ന പ്രചാരണങ്ങള്‍ “വിദ്വേഷവും ക്രൂരതയും നിറഞ്ഞത്’ എന്നാണ് അബ്ദുസ്സയിദ് വിശേഷിപ്പിച്ചത്. ഈ വിജയം ഇസ്ലാമോഫോബിയ വരുത്തിവെച്ച മുറിവുകള്‍ക്ക് ശ്വാശ്വതമായ ഒറ്റമൂലിയല്ല. എങ്കിലും, വിദ്വേഷ രാഷ്ട്രീയത്തിന് ജനങ്ങള്‍ കീഴടങ്ങില്ലെന്ന് അത് തെളിയിച്ചു.വിദ്വേഷ രാഷ്ട്രീയം പലപ്പോഴും വിജയിക്കുന്നത് മനുഷ്യരെല്ലാം വിദ്വേഷമുള്ളവരായതുകൊണ്ടല്ല; മറിച്ച് പ്രത്യാശയേക്കാള്‍ വേഗത്തില്‍ ഭയം പടര്‍ത്താന്‍ കഴിയും എന്നതുകൊണ്ടാണ്. കുടിയേറ്റക്കാരന്, മുസ്ലിം, ദരിദ്രന് എന്നിങ്ങനെ ശത്രുക്കളുടെ കേരിക്കേച്ചര്‍ സൃഷ്ടിക്കാന്‍ എളുപ്പമാണ്. എന്നാല്‍ സ്കൂളുകളും ആശുപത്രികളും തൊഴിലവസരങ്ങളും പണികഴിപ്പിക്കാന്‍ സമയമെടുക്കും. അബ്ദുസ്സഈദ് തിരഞ്ഞെടുത്തത് ആ പ്രയാസമേറിയ വഴിയായിരുന്നു. എതിരാളികള്‍ കോടികള്‍ ഒഴുക്കിയിട്ടും, യുവാക്കളെയും തൊഴിലാളികളെയും രാഷ്ട്രീയ ക്രൂരതകള്‍ മടുത്ത മനുഷ്യരെയും ഒപ്പം നിര്‍ത്തി അദ്ദേഹം വിജയം നേടി.ട്രംപ് ശൈലിയിലുള്ള രാഷ്ട്രീയത്തിന്റെ സ്വാധീനം കുറയുന്നു എന്നതിന്റെ സൂചന കൂടിയാണ് ഈ വിജയം. ഓരോ തിരഞ്ഞെടുപ്പും “അവര്‍ക്കെതിരായ’ യുദ്ധമാക്കി മാറ്റാനാണ് ട്രംപിസം ശ്രമിക്കുന്നത്. എന്നാല്‍ മനുഷ്യര്‍ക്ക് ജീവിക്കാനും വീട്ടുവാടക നല്‍കാനും മരുന്നുകള്‍ വാങ്ങാനുമൊക്കെയുണ്ട്. സാമ്പത്തിക സുരക്ഷിതത്വവും ആരോഗ്യ പരിരക്ഷയും അഴിമതിക്കെതിരായ നിലപാടുകളും മുന്നോട്ടുവെച്ച അബ്ദുസ്സഈദിന്റെ നയങ്ങള്‍ ജനങ്ങളെ ആകര്‍ഷിച്ചു. വലതുപക്ഷ തീവ്രവാദത്തിന് എതിരെയുള്ള മറുപടി ഭയമല്ല, മറിച്ച് മികച്ച ജീവിതം ഉറപ്പുനല്‍കുന്ന കാഴ്ചപ്പാടാണെന്ന് ഇത് വ്യക്തമാക്കുന്നു.അമേരിക്കയില്‍ നിന്ന് ഏറെ അകലെ ബ്രസീലിലും സമാനമായ വിധിയെഴുത്തുണ്ടായി. ഒക്ടോബര്‍ 25ന് നടന്ന തിരഞ്ഞെടുപ്പില്‍ ലുല നാലാം തവണയും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. തീവ്ര വലതുപക്ഷത്തിന്റെ ശക്തമായ വെല്ലുവിളിയെ അതിജീവിച്ചാണ് ലുല വിജയം പിടിച്ചെടുത്തത്. ഏകാധിപത്യ പ്രവണതകളെ പ്രതിരോധിക്കാന്‍ ജനാധിപത്യത്തിന് കഴിയുമെന്ന് ലുലയുടെ തിരിച്ചുവരവ് തെളിയിച്ചു.ഇറ്റാലിയന്‍ മാര്‍ക്സിസ്റ്റ് ഫിലോസഫര്‍ അന്റോണിയോ ഗ്രാംഷിയുടെ വീക്ഷണപ്രകാരം, ഈ വിജയങ്ങള്‍ പൊതുബോധത്തിന് എതിരെയുള്ള പോരാട്ടങ്ങളാണ്. മുസ്ലിംകള് സംശയാസ്പദരാണെന്നോ കുടിയേറ്റക്കാര്‍ അധിനിവേശക്കാരാണെന്നോ ഉള്ള ചിന്തകള്‍ സമൂഹം അംഗീകരിച്ചു തുടങ്ങിയാല്‍ അവിടെ ഏകാധിപത്യം വിജയിച്ചു കഴിഞ്ഞു. എന്നാല്‍ അബ്ദുസ്സഈദിന്റെയും ലുലയുടെയും വിജയങ്ങള്‍ ആ പൊതുബോധത്തെ തിരുത്തിക്കുറിച്ചു. നിരന്തരം വംശീയമായ ഒറ്റപ്പെടുത്തലുകള്‍ നേരിടുന്ന ന്യൂനപക്ഷങ്ങളുടെ അവസ്ഥയെയാണ് അബ്ദുസ്സഈദിന്റെ വിജയം ചോദ്യം ചെയ്തത്. ഈ വിജയം സര്‍വ പ്രശ്നനിവാരിണിയായി കാണുന്നത് അബദ്ധമാണ്. അബ്ദുസ്സഈദിനും ലുലക്കും മുന്നില്‍ വലിയ വെല്ലുവിളികളുണ്ട്.ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാനും സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും സാമൂഹിക വിഭജനങ്ങള്‍ ഒഴിവാക്കാനും അവര്‍ക്ക് മെയ് മറന്ന് പണിപ്പെടേണ്ടി വരും. എങ്കിലും, ഭയത്തിന് മുന്നില്‍ കീഴടങ്ങാന്‍ തയ്യാറാകാത്ത സാധാരണക്കാരുടെ വിജയമാണിത്. പഴയ ലോകം പൂര്‍ണമായി ഇല്ലാതായിട്ടില്ലെങ്കിലും, പുതിയൊരു ലോകം സാധ്യമാണെന്ന് ഡെട്രോയിറ്റും ബ്രസീലും തെളിയിച്ചിരിക്കുന്നു.Content Highlights: Abdul-Samed made history by winning the Michigan Senate race to become the first Muslim US Senator, overcoming Islamophobic attacks. Simultaneously, President Lula da Silva secured a victory in Brazil against far-right opponents. Both election outcomes demonstrate public rejection of fear-based and divisive politics.