ഉന്നത എക്സൈസ് ഉദ്യോഗസ്ഥര്‍ ബാറുടമകളില്‍ നിന്ന് കൈക്കൂലി വാങ്ങുന്നു; പടിയിറങ്ങും മുന്‍പ് സാംബശിവ റാവുവിന്റെ റിപ്പോര്‍ട്ട്

Wait 5 sec.

തിരുവനന്തപുരം| ഉന്നത എക്സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര കൈക്കൂലി ആരോപണവുമായി പടിയിറങ്ങുംമുന്‍പ് എക്സൈസ് കമ്മീഷണര്‍ എസ്. സാംബശിവ റാവുവിന്റെറിപ്പോര്‍ട്ട്. ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ ജോയിന്റ് കമ്മീഷണര്‍ വിനോദ്, ഡെപ്യൂട്ടി കമ്മിഷണര്‍ അജയ് എന്നിവര്‍ കൈക്കൂലി വാങ്ങിയെന്നാണ് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. ബാര്‍ ഉടമകളില്‍ നിന്ന് പ്രതിമാസം 20,000 രൂപവീതം കൈപ്പറ്റിയെന്നാണ് കണ്ടെത്തല്‍. വിജിലന്‍സ് അന്വേഷണം നടത്തി അനധികൃത സ്വത്ത് സമ്പാദനം കണ്ടെത്തണമെന്നും നിര്‍ദേശം.സെന്‍ട്രല്‍ സോണ്‍ ജോയിന്റ് എക്സൈസ് കമ്മിഷണര്‍ വിനോദിനെതിരെ ഗുരുതര കോഴ ആരോപണ തെളിവുമുണ്ട്. ബാറുകളുടെ ലൈസന്‍സ് പുതുക്കുന്നതിന് ഇടനിലക്കാരനാവുന്നു, അരലക്ഷം വരെയാണ് പല ബാറുടമകളില്‍ നിന്നും കൈക്കൂലിയായി വാങ്ങുന്നത്. പണം കൈമാറിയവരുടെ ബേങ്ക് രേഖകള്‍ തെളിവാണ്.മന്ത്രിയുടെ മണ്ഡലം ഉള്‍പ്പെടുന്ന ആലപ്പുഴയിലെ എക്സൈസ് ഡെപ്യുട്ടി കമ്മിഷണര്‍ അജയ് കായംകുളത്തെ ബാറുകളില്‍ നിന്ന് പതിവായി പണം പിരിക്കുന്നതിനും തെളിവുണ്ട്. ഓണക്കാലത്ത് മാത്രം ബാര്‍ ലൈസന്‍സ് പുതുക്കാന്‍ ഇരുപതിനായിരം രൂപ വീതം കൈക്കൂലി വാങ്ങി. കോട്ടയം ജില്ലയുടെ ചുമതലയുണ്ടായിരുന്ന സമയത്ത് ഒരു കള്ള് ഷാപ്പ് ലൈസന്‍സിന്റെ മറവില്‍ രണ്ട് കെട്ടിടങ്ങളില്‍ ഷാപ്പ് നടത്താന്‍ അനുമതി നല്‍കി. മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചതിനെത്തുടര്‍ന്നുണ്ടായ അന്വേഷണം അട്ടിമറിച്ചതിന്റെ രേഖയും ഫയലിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.സര്‍ക്കാരും മന്ത്രിയും അറിയാതെ പുതുക്കലിന് പുറമെ പുതിയ ബാറുകള്‍ക്കും എക്‌സൈസ് വകുപ്പ് ലൈസന്‍സ് നല്‍കിയത് വിവാദമായിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ലോഞ്ചില്‍ ‘ട്രാവല്‍ ഫുഡ് സര്‍വീസസ് ലിമിറ്റഡ്’ എന്ന കമ്പനിക്ക് രണ്ട് FL7 ലോഞ്ച് ബാര്‍ ലൈസന്‍സുകളാണ് അനുവദിച്ചത്. മദ്യനയം വരും വരെ ലൈസന്‍സ് നല്‍കില്ലെന്നായിരുന്നു എക്‌സൈസ് മന്ത്രിയുടെ വാദം.Content Highlights: Outgoing Excise Commissioner S Sambasiva Rao submitted a report detailing severe bribery allegations against top officials. Joint Commissioner Vinod and Deputy Commissioner Ajay reportedly accepted bribes from bar owners. The report calls for a Vigilance investigation into illegal assets.