അൽഉല| ശൈത്യകാലത്തിന്റെ വരവോടെ സന്ദർശകർക്കായി വൈവിധ്യമാർന്ന പൈതൃക-വിനോദ പരിപാടികളുമായി സഊദി അറേബ്യയിലെ ചരിത്രനഗരമായ അൽഉല. റോയൽ കമ്മീഷൻ ഫോർ അൽഉലയുടെ ആഭിമുഖ്യത്തിൽ ‘ആൻ ഓൺഗോയിംഗ് സ്റ്റോറി’ എന്ന പേരിൽ പുതിയ പുരാവസ്തു പ്രദർശനത്തിന് തുടക്കമായി. അൽ-ജദിദ ആർട്സ് ഡിസ്ട്രിക്റ്റിൽ ആരംഭിച്ച ഈ പ്രദർശനം ഡിസംബർ അഞ്ച് വരെ നീണ്ടുനിൽക്കും.അൽഉലയുടെ ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന 25 അപൂർവ പുരാവസ്തുക്കളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ലണ്ടൻ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് പരിശീലനം നേടിയ 16 സ്വദേശി യുവാക്കളാണ് വിദഗ്ധരുടെ മേൽനോട്ടത്തിൽ ഈ പ്രദർശനം ക്യൂറേറ്റ് ചെയ്തത്. ശിലായുധങ്ങൾ, പുരാതന ലിഖിതങ്ങൾ, നാണയങ്ങൾ, മൺപാത്രങ്ങൾ, ആഭരണങ്ങൾ എന്നിവയുൾപ്പെടെ നാല് വിഭാഗങ്ങളിലായി ചരിത്രപ്രേമികളെ ആകർഷിക്കുന്ന രീതിയിലാണ് പ്രദർശനം ക്രമീകരിച്ചിരിക്കുന്നത്.ചരിത്രക്കാഴ്ചകൾക്ക് പുറമെ, സാഹസിക സഞ്ചാരികൾക്കായി ഹോട്ട് എയർ ബലൂൺ സവാരിയും അൽഉലയിൽ സജ്ജമാക്കിയിട്ടുണ്ട്. സൂര്യോദയത്തോടെ ആരംഭിക്കുന്ന ബലൂൺ സവാരിയിലൂടെ അൽഉലയിലെ മലനിരകൾ, ഈന്തപ്പനത്തോപ്പുകൾ, ലോക പൈതൃക കേന്ദ്രമായ ഹെഗ്രയിലെ സ്മാരകങ്ങൾ എന്നിവയുടെ മനോഹരമായ ആകാശക്കാഴ്ചകൾ ആസ്വദിക്കാൻ സാധിക്കും. സൗദി അറേബ്യൻ ബലൂണിംഗ് ഫെഡറേഷന്റെ മേൽനോട്ടത്തിൽ അന്താരാഷ്ട്ര നിലവാരമുള്ള വിദഗ്ധരാണ് ബലൂൺ സർവീസുകൾ നിയന്ത്രിക്കുന്നത്.ദേശീയ പൈതൃകം സംരക്ഷിക്കുന്നതിനൊപ്പം തദ്ദേശീയർക്കും വിനോദസഞ്ചാരികൾക്കും ചരിത്രപരമായ അറിവുകൾ പകരുക കൂടിയാണ് ഈ പരിപാടികളിലൂടെ റോയൽ കമ്മീഷൻ ലക്ഷ്യമിടുന്നത്.Content Highlights: AlUla has launched its winter season with An Ongoing Story archaeological exhibition in Al Jadidah Arts District. Featuring 25 rare artifacts curated by trained Saudi youth, the season also offers sunrise hot air balloon rides over Hegra heritage sites, boosting Middle East tourism.