ആപ്പിളിന്‍റെ പേടിയും മുയലിന്‍റെ കഥയും; കുട്ടികളുടെ ഭാവനയ്ക്ക് പുസ്തകത്താളൊരുക്കി ഷാർജ പുസ്തകമേള

Wait 5 sec.

"ഒരു മരത്തിൽ വളർന്ന രുചിയുള്ള ആപ്പിൾ താഴെ വീഴുന്നു. തന്നെ ഏതെങ്കിലും പക്ഷി കൊത്തിത്തിന്നുമോ എന്ന ഭയത്തിലാണ് ആപ്പിൾ." മൂന്നാം ക്ലാസുകാരന്‍റെ ഭാവനയിൽ വിരിഞ്ഞ ഈ കഥയ്ക്ക് അക്ഷരങ്ങളുടെയും ചിത്രങ്ങളുടെയും രൂപം ലഭിച്ചത് ഷാർജ രാജ്യാന്തര പുസ്തകമേളയിലെ ശിൽപ്പശാലയിലാണ്. 45-ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയില്‍ സംഘടിപ്പിച്ച 'സ്റ്റോറിബുക്ക് മേക്കിങ്' ശിൽപ്പശാല കുട്ടികൾക്ക് സ്വന്തം കഥാപുസ്തകം തയ്യാറാക്കാനുള്ള അവസരമാണ് ഒരുക്കിയത്. ജീവിതത്തിലെ അനുഭവങ്ങൾ, ഓർമകൾ, ഇഷ്ടപ്പെട്ട സംഭവങ്ങൾ എന്നിവയെല്ലാം കഥകളാക്കി മാറ്റാം. അതിന് ആവശ്യമായ പുസ്തക മാതൃകയും ചിത്രരചനയ്ക്കും അലങ്കാരത്തിനുമുള്ള വസ്തുക്കളും സംഘാടകർ കുട്ടികൾക്ക് നൽകും. പരിശീലകരായ നന്ദാറിന്‍റേയും നാസയുടെയും നേതൃത്വത്തിലാണ് ശിൽപ്പശാല. ഡമ്മി ബുക്ക്, അക്രിലിക് മാർക്കറുകൾ, സ്റ്റിക്കറുകൾ, മറ്റ് അലങ്കാര വസ്തുക്കൾ എന്നിവ ഉപയോഗിച്ച് കുട്ടികൾക്ക് സ്വന്തം പുസ്തകത്തിന്‍റെ രൂപവും ഉള്ളടക്കവും തീരുമാനിക്കാം. ഭാവനയെ പ്രോത്സാഹിപ്പിക്കുകയും സർഗാത്മക കഴിവുകൾ വളർത്തുകയുമാണ് പരിപാടിയുടെ ലക്ഷ്യമെന്ന് പരിശീലകർ പറഞ്ഞു.കുട്ടികളുടെ കഥാലോകത്ത് രാജകുമാരിമാരും മുയലുകളും കുറുക്കന്മാരും മാത്രമല്ല, അവരുടെ സ്വന്തം ജീവിതവും ഇടംപിടിച്ചു. മാതാപിതാക്കളോടൊപ്പം തടികൊണ്ടുള്ള ചെറിയ വീട്ടിൽ കഴിയുന്ന രാജകുമാരിയുടെ കഥയും കാരറ്റിനോട് ഇഷ്ടമുള്ള മുയലിനെ പിടികൂടാൻ കാത്തിരിക്കുന്ന കുറുക്കന്‍റെ കഥയും ശിൽപ്പശാലയിലെ രചനകളിലുണ്ടായിരുന്നു. മറ്റൊരു കുട്ടി തന്‍റെ പതിവ് ദിനചര്യകളാണ് പുസ്തകത്തിലാക്കിയത്. ചില കുട്ടികൾ അറബിയിൽ കഥകൾ എഴുതിയപ്പോൾ മറ്റുചിലർ ചിത്രരചനയ്ക്കും ചിത്രങ്ങൾ ഒട്ടിച്ച് പുസ്തകം അലങ്കരിക്കുന്നതിനുമാണ് കൂടുതൽ സമയം ചെലവഴിച്ചത്. വിഷയങ്ങളിലും ആവിഷ്കാരത്തിലും വ്യത്യസ്തത പുലർത്തിയ കുട്ടികൾ വെറും 30 മിനിറ്റിനുള്ളിൽ സ്വന്തം ചിത്രകഥാപുസ്തകങ്ങൾ പൂർത്തിയാക്കി. എഴുതാനും വരയ്ക്കാനും ഭാവനയിൽ പുതിയ ലോകങ്ങൾ സൃഷ്ടിക്കാനും കുട്ടികൾക്ക് അവസരം നൽകുന്ന ശിൽപ്പശാല മേളയിലെ ശ്രദ്ധേയമായ പരിപാടികളിലൊന്നായി. ഷാർജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന പുസ്തകമേളയിൽ 126 രാജ്യങ്ങളിൽനിന്നായി 3,212 പ്രസാധകരും പ്രദർശകരുമാണ് പങ്കെടുക്കുന്നത്.