‘കഥകൾ പറയാൻ ഇഷ്ടപ്പെടുന്ന ജനതയാണ് നമ്മൾ’; ഷാർജ പുസ്തകമേളയിൽ ഡോ. സഈദ് യഖ്തീൻ

Wait 5 sec.

ആധുനിക സാങ്കേതികവിദ്യയും സാമൂഹിക സാഹചര്യങ്ങളും എത്രമാത്രം മാറിയാലും ഓരോ സമൂഹവും സ്വന്തം സാംസ്കാരിക വേരുകളെ ചേർത്തുപിടിക്കണമെന്ന് മൊറോക്കൻ സാഹിത്യ നിരൂപകൻ ഡോ. സഈദ് യഖ്തീൻ. ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായ പാരമ്പര്യങ്ങളും ആചാരങ്ങളും സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. 45-ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ 'സാംസ്കാരിക വ്യക്തിത്വം' പുരസ്കാരം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 'സഈദ് യഖ്തീൻ: ദി മെമ്മറി ഓഫ് സ്റ്റോറിടെല്ലിങ് ആൻഡ് ദി ബ്രെഡ്ത്ത് ഓഫ് തോട്ട്' എന്ന പേരിൽ നടന്ന സംവാദത്തിൽ എമിറാത്തി കവയിത്രി ഷെയ്ഖ അൽ മുതൈരിയുമായി അദ്ദേഹം ആശയങ്ങൾ പങ്കുവച്ചു. സമൂഹത്തിന്‍റെ സംസ്കാരം എന്നത് ഔപചാരികമായ കലാ-സാഹിത്യ മേഖലകളിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന് ഡോ. യഖ്തീൻ പറഞ്ഞു. നാടോടി പാരമ്പര്യങ്ങൾക്കും ജനകീയ സംസ്കാരത്തിനും അതിന്‍റേതായ സ്ഥാനമുണ്ട്. ഭക്ഷണരീതികൾ, ദൈനംദിന ശീലങ്ങൾ, വാമൊഴിയായി കൈമാറുന്ന കഥകൾ, അയൽപക്ക ബന്ധങ്ങൾ തുടങ്ങിയവയെല്ലാം ഒരു സമൂഹത്തിന്‍റെ സാംസ്കാരിക സ്വഭാവം നിർണയിക്കുന്ന ഘടകങ്ങളാണ്.കഥപറച്ചിൽ മൊറോക്കൻ ജനജീവിതത്തിന്‍റെ ഭാഗമായിരുന്നുവെന്ന് സ്വന്തം ബാല്യകാല അനുഭവങ്ങൾ പങ്കുവച്ച് അദ്ദേഹം പറഞ്ഞു. കുട്ടിയായിരിക്കുമ്പോൾ മൊറോക്കോയിലെ തെരുവുകളിൽ കഥപറച്ചിലുകാരെ ചുറ്റുംകൂടി മണിക്കൂറുകളോളം കഥകൾ കേട്ടിരുന്ന ആളുകളെ കണ്ടിട്ടുണ്ട്. അത്തരം അനുഭവങ്ങളാണ് സാഹിത്യത്തോടുള്ള തന്‍റെ താൽപര്യത്തിന് അടിത്തറയിട്ടത്. നഗരവൽക്കരണവും ജീവിതശൈലിയിലെ മാറ്റങ്ങളും ഇത്തരം കൂട്ടായ്മകളുടെ സാന്നിധ്യം കുറച്ചിട്ടുണ്ട്. എങ്കിലും തലമുറകളിലൂടെ കൈമാറിയെത്തിയ ഈ സാംസ്കാരിക പൈതൃകം പൂർണമായി ഇല്ലാതാകാൻ അനുവദിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.