ദുബൈ; മുഴുവൻ ട്രാഫിക് സിഗ്‌നലുകളും എ ഐ നിയന്ത്രണത്തിലേക്ക്

Wait 5 sec.

ദുബൈ| എമിറേറ്റിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും റോഡുകളിലെ വാഹനങ്ങളുടെ ഒഴുക്ക് മെച്ചപ്പെടുത്തുന്നതിനുമായി എല്ലാ ട്രാഫിക് സിഗ്‌നലുകളെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിയന്ത്രണ സംവിധാനവുമായി ബന്ധിപ്പിക്കാൻ ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി തീരുമാനിച്ചു. 2027ന്റെ തുടക്കത്തോടെ ദുബൈയിലെ മുഴുവൻ ട്രാഫിക് സിഗ്‌നലുകളും അൽ ബർശയിലെ കേന്ദ്ര നിയന്ത്രണ സംവിധാനവുമായി ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. പുതിയ സംവിധാനം പൂർണമായി പ്രവർത്തനക്ഷമമാകുന്നതോടെ ട്രാഫിക് സിഗ്‌നലുകളിലെ ഗതാഗതക്കുരുക്ക് കുറഞ്ഞത് 10 ശതമാനമെങ്കിലും കുറക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.നിലവിലുള്ള നിരീക്ഷണ ക്യാമറകൾ, ഗതാഗത നിയന്ത്രണ സംവിധാനങ്ങൾ, എ ഐ സാങ്കേതികവിദ്യ എന്നിവ പൂർണ്ണമായി സംയോജിപ്പിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഓരോ റോഡിലെയും വാഹനങ്ങളുടെ എണ്ണം, സഞ്ചാരദിശ, തിരക്ക് വർധിക്കുന്ന സമയം തുടങ്ങിയ വിവരങ്ങൾ തത്സമയം വിശകലനം ചെയ്യാൻ ഈ സംവിധാനത്തിന് കഴിയും. സാധാരണയായി മുൻകൂട്ടി നിശ്ചയിച്ച സമയക്രമത്തിലാണ് ട്രാഫിക് സിഗ്‌നലുകൾ പ്രവർത്തിക്കാറുള്ളത്. എന്നാൽ പുതിയ സംവിധാനത്തിൽ വാഹനങ്ങളുടെ യഥാർഥ തിരക്കനുസരിച്ച് സിഗ്‌നലുകളുടെ പ്രവർത്തനസമയം സ്വമേധയാ ക്രമീകരിക്കാനാകും.തിരക്ക് രൂപപ്പെടുന്നതിന് മുമ്പുതന്നെ സാധ്യതകൾ തിരിച്ചറിഞ്ഞ് ആവശ്യമായ നിയന്ത്രണ നടപടികൾ സ്വീകരിക്കാനും സാധിക്കും. ദുബൈ പൊലീസുമായി സഹകരിച്ചായിരിക്കും ഈ കേന്ദ്ര നിയന്ത്രണ സംവിധാനം പ്രവർത്തിക്കുക. ഗതാഗത നിയന്ത്രണം മാത്രമല്ല, പൊതുഗതാഗതം, റോഡ് ആസൂത്രണം, വാഹന രജിസ്‌ട്രേഷൻ, ഡ്രൈവിങ് ലൈസൻസ് പുതുക്കൽ തുടങ്ങിയ സേവനങ്ങളിലും എ ഐ ഉപയോഗം വ്യാപിപ്പിക്കാനാണ് അതോറിറ്റിയുടെ ലക്ഷ്യം.Content Highlights: Dubai RTA will connect all traffic signals to an artificial intelligence control system by early 2027. Integrated with the control center in Al Barsha, the AI system will monitor real-time vehicle flow and dynamically adjust signal timings to reduce traffic congestion by at least 10 percent.