വ്യക്തിസ്വാതന്ത്ര്യത്തിന്റെയും പൗരാവകാശത്തിന്റെയും കാര്യത്തില്‍ ഒരു നാഴികക്കല്ലാണ്, പോലീസ് കസ്റ്റഡിയിലെടുത്ത ഒരാളെ മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കേണ്ട സമയത്തില്‍ വ്യക്തത വരുത്തുന്ന സുപ്രീം കോടതി വിധി. അറസ്റ്റ് ചെയ്തു കഴിഞ്ഞാല്‍ 24 മണിക്കൂറിനകം മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. ഭരണഘടനയുടെ അനുഛേദം 22(2) ഉറപ്പ് നല്‍കുന്ന മൗലികാവകാശമാണിത്. എങ്കിലും കസ്റ്റഡിയിലെടുത്ത വ്യക്തിയുടെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തുന്ന സമയം മുതലാണ് സാധാരണയായി ഈ 24 മണിക്കൂര്‍ അന്വേഷണ ഏജന്‍സികള്‍ കണക്കാക്കി വരുന്നത്. പലപ്പോഴും അന്വേഷണത്തിന്റെ പേരില്‍ മണിക്കൂറുകളോളം, ചിലപ്പോള്‍ ദിവസങ്ങളോളം തന്നെ കസ്റ്റഡിയില്‍ വെച്ച ശേഷമാണ് ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്താറുള്ളത്. എന്നാല്‍ അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം തൊട്ടേ ഭരണഘടനാപരമായ 24 മണിക്കൂര്‍ ക്ലോക്ക് ഓടിത്തുടങ്ങുമെന്നാണ് ജസ്റ്റിസ് ഉജ്ജല്‍ ഭുയാന്‍, അതുല്‍ എസ് ചന്ദുര്‍കര്‍ എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ച് വ്യാഴാഴ്ചത്തെ വിധിപ്രസ്താവത്തില്‍ വ്യക്തമാക്കിയത്. അഥവാ കസ്റ്റഡിയിലെടുത്ത് 24 മണിക്കൂറിനകം പ്രതിയെ മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കിയിരിക്കണം.ത്രിപുരയില്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസില്‍ നാല് പേരെ കസ്റ്റഡിയിലെടുത്ത സംഭവത്തിലാണ് പരമോന്നത കോടതിയുടെ നിര്‍ണായക വിധിപ്രസ്താവം. 2025 സെപ്തംബര്‍ 25ന് ഉച്ചക്ക് രണ്ടരയോടെ പ്രതികളെ കസ്റ്റഡിയിലെടുത്തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയത് അടുത്ത ദിവസം രാവിലെ 11നാണ്. 18 മണിക്കൂറോളം ജുഡീഷ്യല്‍ മേല്‍നോട്ടമില്ലാതെയാണ് പോലീസ് പ്രതികളെ കസ്റ്റഡിയില്‍ വെച്ചത്. അറസ്റ്റ് രേഖപ്പെടുത്തല്‍ നടപടി എന്തുകൊണ്ട് വൈകിച്ചു എന്ന ചോദ്യത്തിന്, അന്വേഷണത്തിനും പരിശോധനക്കും തെളിവുകള്‍ ശേഖരിക്കുന്നതിനുമായിരുന്നുവെന്നായിരുന്നു പോലീസ് മറുപടി. കോടതി ഇതംഗീകരിച്ചില്ല. ഒരാള്‍ അന്വേഷണ സംഘത്തിന്റെ നിയന്ത്രണത്തിലാകുകയും അയാളുടെ സഞ്ചാരസ്വാതന്ത്ര്യം തടയപ്പെടുകയും ചെയ്ത സമയം തൊട്ടേ ഭരണഘടനയുടെ അനുഛേദം 22(2) പ്രകാരമുള്ള സംരക്ഷണത്തിലാകുമെന്ന് കോടതി വ്യക്തമാക്കി.ഇന്ത്യന്‍ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയനുസരിച്ച് കുറ്റാന്വേഷണത്തില്‍ പോലീസിനും ഇതര അന്വേഷണ ഏജന്‍സികള്‍ക്കും വിപുലമായ അധികാരങ്ങളുണ്ട്. കുറ്റവാളികളെ കണ്ടെത്താനും സംശയിക്കുന്നവരെ ചോദ്യം ചെയ്യാനും തെളിവുകള്‍ ശേഖരിക്കാനുമുള്ള അധികാരം നിയമം അനുവദിക്കുന്നു. അതേസമയം കുറ്റം ആരോപിക്കപ്പെടുന്ന വ്യക്തിക്കും ഭരണഘടനാപരമായ അവകാശങ്ങളുണ്ട്. അയാള്‍ കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെടുന്നതു വരെ നിരപരാധിയായി കണക്കാക്കേണ്ടതാണ്. തടങ്കല്‍, അറസ്റ്റ് എന്നീ പദങ്ങള്‍ക്കിടയില്‍ കൃത്രിമമായ വേര്‍തിരിവുണ്ടാക്കി അന്വേഷണത്തിന്റെ പേരില്‍ ഭരണഘടനക്ക് പുറത്തൊരു ഇടക്കാല മേഖലയുണ്ടാക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് അധികാരമില്ല. അറസ്റ്റ് ചെയ്യുന്ന ഉദ്യോഗസ്ഥന്റെ പേന ചലിക്കുന്ന സമയമല്ല, പ്രതിയുടെ സ്വാതന്ത്ര്യം കവര്‍ന്നെടുക്കുന്ന സമയമാണ് നിയമപരമായി പ്രധാനം.കുറ്റം സമ്മതിപ്പിക്കുന്നതിന് അന്വേഷണ ഏജന്‍സികള്‍ പ്രതികളെ മാനസികമായും ശാരീരികമായും സമ്മര്‍ദത്തിലാക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ രാജ്യത്ത് വര്‍ധിച്ചു കൊണ്ടിരിക്കെ ഈ കോടതിവിധിക്കു പ്രസക്തിയേറെയുണ്ട്. ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തുന്നതിനു മുമ്പുള്ള ചോദ്യം ചെയ്യല്‍ വേളകളിലാണ് ഉദ്യോഗസ്ഥ അതിക്രമങ്ങള്‍ ഏറെയും. ഈ ഘട്ടത്തില്‍ ജുഡീഷ്യല്‍ മേല്‍നോട്ടം ഇല്ലാതെവരുന്നത് അന്വേഷണ ഏജന്‍സികളുടെ അതിക്രമങ്ങളെ സംബന്ധിച്ച് പരാതിപ്പെടുന്നതിന് പ്രതികള്‍ക്ക് പ്രയാസം സൃഷ്ടിക്കും. കസ്റ്റഡിയില്‍ ഒരാള്‍ക്ക് എന്ത് സംഭവിച്ചുവെന്ന് തെളിയിക്കാന്‍ പറ്റാത്ത അവസ്ഥയുമുണ്ടാകും. ഭരണഘടന ഉറപ്പ് നല്‍കുന്ന വ്യക്തിസ്വാതന്ത്ര്യം ഭാഗികമായോ താത്കാലികമായോ ഇല്ലാതാക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്കാകില്ലെന്ന് കോടതി ഓര്‍മിപ്പിക്കുന്നു.പോലീസിന്റെ അധികാരങ്ങള്‍ക്ക് പരിധി നിശ്ചയിക്കുന്നതോടൊപ്പം മജിസ്‌ട്രേറ്റുമാരുടെ ഉത്തരവാദിത്വവും ശക്തിയായി ഓര്‍മിപ്പിക്കുന്നു സുപ്രീം കോടതി വിധി. പ്രതികളെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ മജിസ്‌ട്രേറ്റ് അവരുടെ യഥാര്‍ഥ തടങ്കല്‍ തീയതിയും സമയവും രേഖപ്പെടുത്തണം. വ്യക്തിയെ കസ്റ്റഡിയില്‍ എടുത്ത യഥാര്‍ഥ സമയം പരിശോധിക്കുകയും 24 മണിക്കൂര്‍ വ്യവസ്ഥ പാലിച്ചിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തുകയും ചെയ്യേണ്ടതാണ്. ‘അറസ്റ്റ് മെമ്മോ’യില്‍ രേഖപ്പെടുത്തിയ സമയത്തെ മാത്രം ആശ്രയിക്കരുത്. തടങ്കല്‍ അനാവശ്യമായി നീട്ടിയിട്ടുണ്ടെങ്കില്‍ റിമാന്‍ഡ് നിഷേധിക്കാനുള്ള അധികാരം മജിസ്‌ട്രേറ്റിനുണ്ടെന്ന് കോടതി വ്യക്തമാക്കുന്നു.ക്രമസമാധാനം ഉറപ്പ് വരുത്തുന്നതിന്റെ പേരില്‍ പൗരന്റെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്ന സ്ഥിതിയുണ്ടായാല്‍ ഭരണഘടനയുടെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടും. കുറ്റകൃത്യങ്ങള്‍ നടന്നാല്‍ പ്രതികളെ കണ്ടെത്തി നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ കുറ്റവാളികളെ കണ്ടെത്താനുള്ള മാര്‍ഗം നിയമാനുസൃതമാകണം. പോലീസിന്റെ സംശയം മാത്രം ഒരാളെ കുറ്റവാളിയാക്കുന്നില്ല. കസ്റ്റഡി ഘട്ടത്തില്‍ അത്തരമൊരു സമീപനമോ പെരുമാറ്റമോ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകരുത്. തങ്ങളുടെ അധികാരപരിധി കടന്ന് അനധികൃതമായി കസ്റ്റഡി നീട്ടിക്കൊണ്ടു പോകുന്ന അന്വേഷണോദ്യോഗസ്ഥരെ കര്‍ശന നിയമ നടപടികള്‍ക്കു വിധേയമാക്കുകയും വേണം. നിയമലംഘകരായ ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ ഭരണകൂടം കാണിക്കുന്ന മൃദുല സമീപനമാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിന്റെ പ്രധാന കാരണം.