മാലദ്വീപിലെ വാവു അറ്റോളിൽ ഗുഹാ ഡൈവിംഗിനിടെ അഞ്ച് ഇറ്റാലിയൻ പൗരന്മാർ മരിച്ചു. മെയ് 14-ന് നടന്ന ഈ അപകടം മാലദ്വീപിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഒറ്റപ്പെട്ട ഡൈവിംഗ് ദുരന്തമായി ഇതിനെ കണക്കാക്കപ്പെടുന്നു. മരിച്ച അഞ്ചുപേരിൽ നാലുപേരും ഇറ്റലിയിലെ ജെനോവ സർവ്വകലാശാലയുമായി ബന്ധമുള്ളവരാണ്.സർവ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറും മറൈൻ ബയോളജിസ്റ്റും ആയ മോണിക്ക മോണ്ടെഫാൽക്കോൺ (51), മോണിക്കയുടെ മകളും ബയോമെഡിക്കൽ എൻജിനീയറിംഗ് വിദ്യാർത്ഥിനിയും ആയ ജോർജിയ സോമക്കൽ (23), ഗവേഷണ സഹായി മുരിയൽ ഒഡെനിനോ (31), മറൈൻ ബയോളജി ബിരുദധാരിയും ഡൈവിംഗ് ഇൻസ്ട്രക്ടറും ആയ ഫെഡറിക്കോ ഗുവാൾട്ടിയേരി (31), ഡൈവിംഗ് ഇൻസ്ട്രക്ടറും ‘ഡ്യൂക്ക് ഓഫ് യോർക്ക്’ ഓപ്പറേഷൻസ് മാനേജരും ആയ ജിയാൻലൂക്ക ബെനഡെറ്റി എന്നിവരാണ് മരിച്ചത്.ALSO READ:‘മദ്യപിച്ച് ഫിറ്റായ മാൻ വ‍ഴിയിലുണ്ട്, എല്ലാവരും സൂക്ഷിക്കുക’; മുന്നറിയിപ്പുമായി ഫ്രഞ്ച് പൊലീസ്, വീഡിയോ വൈറൽ…തലസ്ഥാനമായ മാലെയിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ തെക്ക് മാറി അലിമത്ത ദ്വീപിന് സമീപമുള്ള ദേവന കണ്ഡു എന്ന ചാനലിലാണ് അപകടം നടന്നത്. ‘ഡ്യൂക്ക് ഓഫ് യോർക്ക്’ എന്ന കപ്പലിൽ എത്തിയ ഡൈവിംഗ് സംഘം ഏകദേശം 55 മീറ്റർ താഴ്ചയിലുള്ള ഗുഹാസമൂഹത്തിലേക്ക് പ്രവേശിച്ചപ്പോഴാണ് ദുരന്തമുണ്ടായത്. കടലിലെ മോശം കാലാവസ്ഥയും ശക്തമായ കാറ്റും തിരമാലകളും രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചു.നിലവിൽ ജിയാൻലൂക്ക ബെനഡെറ്റിയുടെ മൃതദേഹം മാത്രമാണ് ഗുഹയുടെ പ്രവേശന കവാടത്തിന് സമീപത്തുനിന്ന് കണ്ടെത്താനായത്. ഗുഹയ്ക്കുള്ളിൽ ഓക്സിജൻ ടാങ്ക് ശൂന്യമായ നിലയിലായിരുന്നു ഇദ്ദേഹമെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മറ്റ് നാലുപേർക്കായുള്ള തിരച്ചിൽ കാലാവസ്ഥാ മാറ്റത്തിന് ശേഷം പുനരാരംഭിക്കും.ആറാമതായി ഈ ഗ്രൂപ്പിലുണ്ടായിരുന്ന സർവ്വകലാശാലയിലെ ഒരു വിദ്യാർത്ഥിനി അവസാന നിമിഷം ഡൈവിംഗിൽ നിന്ന് പിന്മാറിയതിനാൽ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇവർ ഇപ്പോൾ അന്വേഷണസംഘത്തെ സഹായിച്ചു വരുന്നു. അപകടത്തെക്കുറിച്ച് മാലദ്വീപ് പോലീസും തീരസംരക്ഷണ സേനയും അന്വേഷണം ആരംഭിച്ചു. ഈ യാത്ര സർവ്വകലാശാലയുടെ ഔദ്യോഗിക ദൗത്യത്തിന്റെ ഭാഗമായിരുന്നില്ലെന്ന് ജെനോവ സർവ്വകലാശാല വ്യക്തമാക്കിയിട്ടുണ്ട്. വിദഗ്ധ പരിശീലനമില്ലാതെയും കൃത്യമായ ഉപകരണങ്ങളില്ലാതെയും ഇറങ്ങാൻ പാടില്ലാത്ത അത്ര ആഴമേറിയ ഗുഹയാണിതെന്ന് പ്രാദേശിക ഡൈവിംഗ് വിദഗ്ധർ അഭിപ്രായപ്പെടുന്നു.The post മാലദ്വീപിലെ ഗുഹാ പര്യവേക്ഷണത്തിനിടെ വൻ ദുരന്തം; അഞ്ച് ഇറ്റാലിയൻ മുങ്ങൽ വിദഗ്ധർ മരിച്ചു appeared first on Kairali News | Kairali News Live.