ന്യൂഡൽഹി | മധ്യപ്രദേശിലെ ധാർ ജില്ലയിൽ നൂറ്റാണ്ടുകളായി മുസ്ലിംകൾ പ്രാർത്ഥന നടത്തിവന്നിരുന്ന ഭോജ്ശാല – കമാൽ മൗല മസ്ജിദ് സമുച്ചയത്തിൽ ഇനിമുതൽ നിസ്കാരം അനുവദിക്കാനാവില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. വെള്ളിയാഴ്ചകളിൽ മുസ്ലിംകൾക്ക് ഇവിടെ ജുമുഅ നിസ്കാരം നിർവഹിക്കാൻ അനുമതി നൽകിക്കൊണ്ടുള്ള 2003-ലെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ എസ് ഐ) ഉത്തരവ് കോടതി റദ്ദാക്കി. ഇതോടെ ദീർഘകാലമായി നിലനിന്നിരുന്ന ആരാധനാ സ്വാതന്ത്ര്യമാണ് മുസ്ലിംകൾ നഷ്ടമായിരിക്കുന്നത്.ജസ്റ്റിസുമാരായ വിജയ് കുമാർ ശുക്ല, അലോക് അവസ്തി എന്നിവരടങ്ങിയ ബെഞ്ചാണ് മുസ്ലിം പക്ഷത്തെ വാദങ്ങൾ തള്ളിക്കൊണ്ട് വിധി പുറപ്പെടുവിച്ചത്. പള്ളിക്ക് പകരം ധാർ ജില്ലയിൽ തന്നെ മറ്റൊരു സ്ഥലം അനുവദിക്കണമെന്ന് കോടതി സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു. ഇത് നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആരാധനാലയത്തിന്റെ സ്വത്വത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് മുസ്ലിംകൾ.സമുച്ചയം സരസ്വതി ക്ഷേത്രമാണെന്നും അത് സംസ്കൃത പഠന കേന്ദ്രമായിരുന്നുവെന്നുമുള്ള ഹിന്ദു വിഭാഗത്തിന്റെ വാദങ്ങൾ കോടതി അംഗീകരിക്കുകയായിരുന്നു. എന്നാൽ, എ എസ് ഐ സമർപ്പിച്ച സർവ്വേ റിപ്പോർട്ട് പക്ഷപാതപരമാണെന്നും ഹിന്ദു പക്ഷത്തിന്റെ വാദങ്ങളെ സഹായിക്കാൻ തയ്യാറാക്കിയതാണെന്നും മുസ്ലിം പക്ഷം കോടതിയിൽ ശക്തമായി വാദിച്ചിരുന്നു. മസ്ജിദിന്റെ ഭാഗങ്ങൾ ഹൈന്ദവ നിർമ്മിതികൾ ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന എ എസ് ഐ കണ്ടെത്തലുകളെ മുസ്ലിം പക്ഷം എതിർത്തെങ്കിലും കോടതി ഇത് പരിഗണിച്ചില്ല.2003 മുതൽ നിലനിന്നിരുന്ന ക്രമീകരണമനുസരിച്ച് ചൊവ്വാഴ്ചകളിൽ ഹിന്ദുക്കൾക്ക് പൂജയ്ക്കും വെള്ളിയാഴ്ചകളിൽ മുസ്ലിംകൾക്ക് നിസ്കാരത്തിനുമായിരുന്നു അനുമതി ഉണ്ടായിരുന്നത്. പള്ളിയിൽ ആരാധന തുടരാനുള്ള നിയമപോരാട്ടത്തിൽ മുസ്ലിം വിഭാഗത്തിന് കനത്ത തിരിച്ചടിയാണ് ഈ വിധി നൽകുന്നത്. ലണ്ടനിലെ മ്യൂസിയത്തിലുള്ള വിഗ്രഹം തിരികെ കൊണ്ടുവരാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. വിധിന്യായത്തിന്മേൽ അപ്പീൽ നൽകുന്നതടക്കമുള്ള കാര്യങ്ങൾ മുസ്ലിം പക്ഷം ആലോചിച്ചുവരികയാണ്.SummaryThe Muslim community has lost its long-held right to perform Friday prayers at the Bhojshala-Kamal Maula Mosque complex following a Madhya Pradesh High Court ruling. The court overturned a 2003 ASI order that allowed dual worship, instead declaring the site a temple and ordering the mosque to be relocated. Representatives of the Muslim side expressed deep concern over the ruling, previously alleging that the ASI’s scientific survey was biased.