ഇന്ധന വിലവർധനവിന് ഒരു ന്യായീകരണവുമില്ല

Wait 5 sec.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ മുന്‍നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൈദരാബാദില്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളുടെ യഥാര്‍ഥ ഉന്നം എന്തായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. വിദേശനാണ്യ ശേഖരത്തിലെ ഇടിവ് വലിയ പ്രതിസന്ധിയുണ്ടാക്കുന്നുവെന്നും ഇറക്കുമതി കുറച്ച് മാത്രമേ മുന്നോട്ടുപോകാനാകൂ എന്നും വിശദീകരിക്കവേ, ഇന്ധന ഉപഭോഗം പരമാവധി കുറയ്ക്കാനാണ് മോദി ആഹ്വാനം ചെയ്തത്. വര്‍ക്ക് ഫ്രം ഹോം പരീക്ഷിക്കണമെന്നും സ്വര്‍ണം വാങ്ങല്‍ കുറയ്ക്കണമെന്നും വിദേശയാത്ര പരമാവധി ഒഴിവാക്കണമെന്നുമെല്ലാം കഴിഞ്ഞ ഞായറാഴ്ചയിലെ പ്രസംഗത്തില്‍ മോദി ഉപദേശിക്കുകയുണ്ടായി.ഇവ വെറും ഉപദേശങ്ങളല്ലെന്നും വരാനിരിക്കുന്ന കടുത്ത നടപടികളുടെ സൂചനയാണെന്നും അന്ന് തന്നെ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയതാണ്. പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് മൂന്ന് രൂപവീതം കൂട്ടിയതോടെ ഇക്കൂട്ടത്തിലെ ആദ്യ പ്രഹരം വന്നിരിക്കുന്നു. സാമ്പത്തിക രംഗത്ത് രാജ്യം കുതിക്കുകയാണെന്ന മോദി സര്‍ക്കാറിന്റെ അവകാശവാദം പൊള്ളയാണെന്ന് തെളിയിക്കുന്നതായിരുന്നു പൗരന്മാർ മുണ്ടുമുറുക്കിയുടുക്കണമെന്ന ആഹ്വാനം. ഇന്ധനവില വര്‍ധന പോലുള്ള കടുത്ത നടപടികളല്ലാതെ സര്‍ക്കാറിന്റെ കൈയില്‍ ഒരു പരിഹാരവുമില്ലെന്നും ഇപ്പോള്‍ തെളിയുകയാണ്. ജനങ്ങളെ കൂടുതല്‍ ഞെരുക്കത്തിലേക്ക് തള്ളിവിട്ടുകൊണ്ട് ഒരു സാമ്പത്തിക പ്രതിസന്ധിക്കും പരിഹാരം കാണാനാകില്ല. എണ്ണക്കമ്പനികളുടെ നഷ്ടം നികത്താനെന്ന പേരില്‍ ഇന്ധന വില വര്‍ധന അടിച്ചേല്‍പ്പിക്കുന്ന സര്‍ക്കാര്‍ സാമ്പത്തിക സ്തംഭനത്തിന്റെ പടുകുഴിയിലേക്കാണ് രാജ്യത്തെ തള്ളിവിടുന്നത്.പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ച സാഹചര്യത്തിലാണ് വില വര്‍ധിപ്പിക്കുന്നതെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം. പെട്രോളിനും ഡീസലിനും ലിറ്ററിന് 3.04 രൂപ വീതമാണ് കേരളത്തില്‍ വര്‍ധിക്കുക. പുതുക്കിയ നിരക്ക് അനുസരിച്ച് കൊച്ചിയില്‍ പെട്രോളിന് 108.78 രൂപയായി. ഡീസല്‍ വില ലിറ്ററിന് 97.78 രൂപയായും ഉയര്‍ന്നു. പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചതിനൊപ്പം സി എന്‍ ജി വിലയും കമ്പനികള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. വില ഇനിയും വര്‍ധിക്കുമെന്ന ആശങ്കയെത്തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പെട്രോള്‍ പമ്പുകളില്‍ വലിയ തിരക്കും പരിഭ്രാന്തിയും അനുഭവപ്പെടുന്നുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെയാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. കോണ്‍ഗ്രസ്സ് നേതാവ് ജയ്‌റാം രമേശ് തന്റെ എക്‌സ് പോസ്റ്റില്‍ പറഞ്ഞപോലെ, “തിരഞ്ഞെടുപ്പ് കഴിഞ്ഞു, സര്‍ക്കാര്‍ ഈടാക്കല്‍ തുടങ്ങിയിരിക്കുകയാണ്’. ബംഗാളിലെയും തമിഴ്‌നാട്ടിലെയും വോട്ടെടുപ്പ് അവസാനിച്ചതിന് തൊട്ടടുത്ത ദിവസം വാണിജ്യ എല്‍ പി ജി സിലിന്‍ഡറിന് 1,000 രൂപയ്ക്കടുത്ത് ഒറ്റയടിക്ക് കൂട്ടിയിരുന്നു.മറ്റു രാജ്യങ്ങള്‍ ഇതിനേക്കാള്‍ കൂടിയ നിരക്കില്‍ വില വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ഇന്ത്യ അതിന് മുതിര്‍ന്നില്ലെന്നുമാണ് കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവിന്റെ ന്യായീകരണം. എന്നാല്‍ വികസിത മുതലാളിത്ത രാജ്യങ്ങള്‍ മുഴുവന്‍ മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിയപ്പോഴും ശക്തമായ സര്‍ക്കാര്‍ ഇടപെടല്‍കൊണ്ട് പിടിച്ചുനിന്ന രാജ്യമാണ് ഇന്ത്യയെന്നത് മറന്നുപോകരുത്. ക്രൂഡ് വില കുതിച്ചുയര്‍ന്നിട്ടും വില നിയന്ത്രണം സാധ്യമാക്കിയ മന്‍മോഹന്‍ സിംഗ് കാലവും ഓര്‍ക്കണം. ക്രൂഡ് വില കുറയുമ്പോള്‍ ലാഭം കുന്നുകൂട്ടുന്ന എണ്ണക്കമ്പനികള്‍ അതിന്റെ പങ്ക് ഉപഭോക്താക്കള്‍ക്ക് കൈമാറാറില്ല. ക്രൂഡ് വില സ്ഥിരത കൈവരിച്ചാല്‍ അതേ അനുപാതത്തില്‍ വില താഴ്ത്താന്‍ പിന്നീട് തയ്യാറാകാറുമില്ല. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിയുമ്പോഴും അതിന്റെ ഗുണഫലം ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് ലഭിക്കാറില്ല എന്നതാണ് യാഥാര്‍ഥ്യം. ആ സമയങ്ങളില്‍ എക്‌സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ച് വരുമാനം കണ്ടെത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചുവന്നത്.പെട്രോള്‍, ഡീസല്‍ വില വര്‍ധനവിന്റെ ആഘാതം വാഹന ഉടമകളിലോ ഇന്ധനം ഉപയോഗിക്കുന്ന വ്യവസായങ്ങളില്‍ മുതല്‍മുടക്കിയവരിലോ ഒതുങ്ങുന്നതല്ല. ചരക്കുനീക്കത്തിന് ചെലവേറും. സര്‍വ വസ്തുക്കളുടെയും വിലക്കയറ്റത്തിലേക്കുള്ള വഴിയാണത്. പണപ്പെരുപ്പ നിരക്ക് കുതിച്ചുയരും. വിലക്കയറ്റം ജനങ്ങളുടെ, പ്രത്യേകിച്ച് സാധാരണക്കാരുടെ, ക്രയശേഷിയെ വല്ലാതെ ചോര്‍ത്തിക്കളയും. ഇത് വിപണിയില്‍ മാന്ദ്യമുണ്ടാക്കും. നിര്‍മാണ, ഉത്പാദന മേഖലകളിലെ സ്തംഭനാവസ്ഥയാകും ആത്യന്തിക ഫലം. കാര്‍ഷിക മേഖലയില്‍ ഇന്ധനവില വര്‍ധനവ് ഉണ്ടാക്കുന്ന ആഘാതവും ചെറുതല്ല.ഇന്ധനവില വര്‍ധനവിന്റെ പ്രധാന കാരണങ്ങളിലൊന്ന് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ ഈടാക്കുന്ന ഉയര്‍ന്ന നികുതിയാണ്. കേന്ദ്ര സര്‍ക്കാര്‍ ഈടാക്കുന്ന എക്‌സൈസ് ഡ്യൂട്ടി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഗണ്യമായി വര്‍ധിച്ചു. ഓരോ സംസ്ഥാനവും വ്യത്യസ്ത നിരക്കിലുള്ള വാല്യൂ ആഡഡ് ടാക്‌സാണ് ഈടാക്കുന്നത്. ഇത് കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ഇന്ധനവില നൂറ് കടക്കാന്‍ കാരണമാകുന്നു. പുതിയ സര്‍ക്കാര്‍ സാമൂഹിക സെസ്സ് ഒഴിവാക്കുമെന്ന് റിപോര്‍ട്ടുണ്ട്. അങ്ങനെയെങ്കില്‍ അത് ആശ്വാസകരമാണ്.യു എസും ഇസ്‌റാഈലും കുടുസ്സായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി തുടങ്ങിവെച്ച പശ്ചിമേഷ്യന്‍ സംഘര്‍ഷം ലോകത്തെയാകെ വിനാശത്തിലേക്ക് എടുത്തെറിഞ്ഞിരിക്കുന്നു. ഈ രണ്ട് അക്രമി രാഷ്ട്രങ്ങള്‍ ചര്‍ച്ചാനാടകങ്ങള്‍ നടത്തുമ്പോള്‍ ഇന്ത്യയെപ്പോലെയുള്ള രാഷ്ട്രങ്ങള്‍ക്ക് വലിയ പങ്ക് നിര്‍വഹിക്കാനുണ്ട്. അതാണ് നിലവിലെ പ്രതിസന്ധിക്കുള്ള യഥാര്‍ഥ പരിഹാരം. പെട്രോളും ഡീസലും ജി എസ് ടി പരിധിയില്‍ കൊണ്ടുവന്നാല്‍ നികുതി ഭാരം വലിയ തോതില്‍ കുറയാന്‍ സാധ്യതയുണ്ട്. അമിതമായ സെസ്സുകളും സര്‍ചാര്‍ജുകളും ഒഴിവാക്കി നികുതി ഘടന ലഘൂകരിക്കണം. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും സി എന്‍ ജി പോലുള്ള ഇന്ധനങ്ങളിലേക്ക് മാറുകയും ചെയ്യുന്നതും പരിഹാരമായി നിര്‍ദേശിക്കാവുന്നതാണ്. എന്നാല്‍ ഇതിന് സര്‍ക്കാറിന്റെ പിന്തുണ ഇപ്പോഴുള്ളതിനേക്കാള്‍ ഏറെ കൂടേണ്ടതുണ്ട്.