എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു ; വിജയ ശതമാനം 99.07

Wait 5 sec.

2026 ലെ എസ്എസ്എൽസി പരീക്ഷയിൽ 99.07 ശതമാനം വിജയം. പരീക്ഷ എഴുതിയ 4,14,290 വിദ്യാർഥികളിൽ 4,10,456 പേർ ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടി. ഇത്തവണ പരീക്ഷയെഴുതിയവരിൽ 30514 പേർ (20,771 പെൺകുട്ടികളും 9,743 ആൺകുട്ടികളും) എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയതായി ഫലപ്രഖ്യാപന വേളയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ് അറിയിച്ചു.       767 സർക്കാർ സ്‌കൂളുകളും 930 എയ്ഡഡ് സ്‌കൂളുകളും 408 അൺ എയ്ഡഡ് സ്‌കൂളുകളും ഉൾപ്പടെ 2105 സ്‌കൂളുകൾക്ക് നൂറ് ശതമാനം വിജയം ലഭിച്ചു.       വിജയശതമാനത്തിൽ മുന്നിൽ നിൽക്കുന്ന റവന്യൂ ജില്ല പത്തനംതിട്ടയാണ് (99.5%). നൂറ് ശതമാനം വിജയവുമായി വിദ്യാഭ്യാസ ജില്ലകളിൽ കുട്ടനാട് ഒന്നാമതെത്തി. കൊല്ലം ജില്ലയാണ് കൂടുതൽ എ പ്ലസ് ശതമാനം കരസ്ഥമാക്കിയത് (11.6%). ഏറ്റവും കുറഞ്ഞ വിജയശതമാനം തിരുവനന്തപുരം ജില്ലയിലാണ് (97.99%). 377 വിദ്യാർഥികളാണ് ലക്ഷദ്വീപിൽ വിജയിച്ചത് (97.67%). ഗൾഫ് മേഖലയിലെ എല്ലാ വിദ്യാർഥികളും വിജയിച്ചു (631 പേർ).       ഏറ്റവുമധികം വിദ്യാർഥികൾ പരീക്ഷ എഴുതിയത് മലപ്പുറം ജില്ലയിലാണ് (80,108 പേർ). ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷകൾ എഴുതിയത് മലപ്പുറം എടരിക്കോട് പികെഎംഎംഎച്ച്എസ്എസിലാണ്. 2030 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 2026 വിദ്യാർഥികൾ വിജയിച്ചു (99.08%).       എസ്.സി വിഭാഗത്തിൽ 39,391 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 97.82 ശതമാനം പേർ വിജയിച്ചു (871 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ്). എസ്.ടി വിഭാഗത്തിൽ 7,172 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 97.91 ശതമാനം പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി (56 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ്).       പ്രൈവറ്റായി പരീക്ഷ എഴുതിയ 251 പേരിൽ 189 പേർ വിജയിച്ചു (75.3% ആണ് വിജയശതമാനം). ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ 2683 കുട്ടികളിൽ 2649 പേർ വിജയിച്ച് 98.73 ശതമാനം വിജയം കരസ്ഥമാക്കി. കേരള കലാമണ്ഡലത്തിലെ എ.എച്ച്.എസ്.എൽ.സി പരീക്ഷയിൽ 98.64 ശതമാനമാണ് വിജയം.മാർച്ച് 5 മുതൽ 30 വരെയാണ് സംസ്ഥാനത്തെയും ഗൾഫ്, ലക്ഷദ്വീപ് മേഖലകളിലെയും കേന്ദ്രങ്ങളിൽ പരീക്ഷകൾ നടന്നത്. ഏപ്രിൽ 16 മുതൽ മെയ് 2 വരെയുള്ള 14 പ്രവൃത്തി ദിനങ്ങളിലായി 72 ക്യാമ്പുകളിൽ 9968 അധ്യാപകരാണ് മൂല്യനിർണയം പ്രക്രിയയിൽ പങ്കെടുത്തത്.       ഉത്തര കടലാസുകളുടെ പുനർ മൂല്യനിർണ്ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കായി മേയ് 16 മുതൽ 21 വരെ ഓൺലൈനായി അപേക്ഷ നൽകാം. ഉപരിപഠനത്തിന് അർഹത നേടാത്ത റെഗുലർ വിഭാഗം വിദ്യാർഥികൾക്കുളള സേ പരീക്ഷ ജൂൺ ആദ്യ വാരം മുതൽ നടത്തും. ജൂൺ അവസാന വാരം ഫലം പ്രഖ്യാപിക്കും. ഉപരിപഠനത്തിന് യോഗ്യത നേടാത്ത വിദ്യാർത്ഥികൾക്ക് പരമാവധി 3 വിഷയങ്ങൾക്ക് വരെ സേ പരീക്ഷ എഴുതാം. 2026 മാർച്ച് പരീക്ഷയിൽ ഉപരിപഠനത്തിന് അർഹത നേടിയവരുടെ സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരം മുതൽ ഡിജിലോക്കറിൽ ലഭ്യമാകുമെന്നും പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചു.       പത്താം ക്ലാസ് പാസായ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി സംസ്ഥാനത്തെ എല്ലാ ഹയർ സെക്കണ്ടറി സ്‌കൂളുകളിലും മെയ് 20-ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ ‘ആഫ്റ്റർ 10 ഫോക്കസ് പോയിന്റ്’ എന്ന പേരിൽ ഓറിയന്റേഷൻ പ്രോഗ്രാം നടത്തുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ എസ് കെ ഉമേഷ് അറിയിച്ചു.