ന്യൂഡൽഹി | രാജ്യത്തെ പ്രമുഖ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് തങ്ങളുടെ ആദ്യ ഫ്ലെക്സ് ഫ്യുവൽ പാസഞ്ചർ വാഹനം വിപണിയിലെത്തിക്കാനൊരുങ്ങുന്നു. ഈ കലണ്ടർ വർഷം അവസാനമോ അല്ലെങ്കിൽ 2027 ആദ്യമോ പുതിയ മോഡൽ നിരത്തിലിറങ്ങുമെന്ന് ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും സി ഇ ഒ യുമായ ശൈലേഷ് ചന്ദ്ര അറിയിച്ചു. പെട്രോളിൽ ഉയർന്ന അളവിൽ എഥനോൾ കലർത്തി ഇന്ധന ചിലവ് കുറയ്ക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിന് വലിയ കരുത്തുപകരുന്നതാണ് ടാറ്റയുടെ ഈ തീരുമാനം.വിവിധ അളവിലുള്ള എഥനോൾ മിശ്രിതങ്ങളിൽ പ്രവർത്തിക്കാൻ കഴിയുന്ന ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങൾക്കായി പ്രത്യേക കാറ്റഗറി രൂപീകരിക്കാനുള്ള സർക്കാർ വിജ്ഞാപനം സ്വാഗതാർഹമാണെന്ന് ശൈലേഷ് ചന്ദ്ര പറഞ്ഞു. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (എസ് ഐ എ എം) വഴി ഉയർന്ന എഥനോൾ മിശ്രിതങ്ങൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് സർക്കാറുമായി ചർച്ചകൾ നടന്നുവരികയാണ്. 2023 മുതൽ തന്നെ ടാറ്റ മോട്ടോഴ്സ് തങ്ങളുടെ വാഹനങ്ങളെ ഇ 20 ഇന്ധനത്തിന് അനുയോജ്യമാക്കി മാറ്റിയിട്ടുണ്ട്. ഇലക്ട്രിക്, സി എൻ ജി, ഹൈഡ്രജൻ സാങ്കേതികവിദ്യകൾക്കൊപ്പം ക്ലീൻ ഫ്യുവൽ എന്ന നിലയിലാണ് ഫ്ലെക്സ് ഫ്യുവൽ എൻജിനുകളെ ടാറ്റ പരിഗണിക്കുന്നത്.ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ 2025 ലും ഓട്ടോ എക്സ്പോ 2025 ലും ടാറ്റ തങ്ങളുടെ ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങൾ പ്രദർശിപ്പിച്ചിരുന്നു. ടാറ്റ പഞ്ച് ഫ്ലെക്സ് ഫ്യുവൽ കൺസെപ്റ്റാണ് പ്രധാനമായും ശ്രദ്ധിക്കപ്പെട്ടത്. സ്റ്റാൻഡേർഡ് പതിപ്പിലുള്ള 1.2 ലിറ്റർ, ത്രീ സിലിണ്ടർ എൻജിൻ തന്നെയാണ് ഇതിലും ഉപയോഗിക്കുന്നത്. എന്നാൽ ഉയർന്ന അളവിലുള്ള എഥനോൾ മിശ്രിതം ഉപയോഗിക്കുമ്പോൾ എൻജിന് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ ഇ സി യു, ഫ്യുവൽ ഇൻജക്ഷൻ സിസ്റ്റം, എക്സോസ്റ്റ് ട്രീറ്റ്മെന്റ് എന്നിവയിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. നിലവിൽ പെട്രോൾ, സി എൻ ജി, ഇലക്ട്രിക് പതിപ്പുകളിൽ ലഭ്യമായ പഞ്ച് മോഡലിന് ഫ്ലെക്സ് ഫ്യുവൽ വകഭേദം കൂടി എത്തുന്നതോടെ ടാറ്റയുടെ വിപണി സാന്നിധ്യം കൂടുതൽ ശക്തമാകും.എന്താണ് ഫ്ലെക്സ് ഫ്യുവൽ?പെട്രോളിലോ എഥനോളിലോ അല്ലെങ്കിൽ ഇവ രണ്ടിന്റെയും മിശ്രിതത്തിലോ ഒരേപോലെ പ്രവർത്തിക്കാൻ കഴിയുന്ന വാഹനങ്ങളെയാണ് ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങൾ (എഫ് എഫ് വി) എന്ന് വിളിക്കുന്നത്. കരിമ്പ്, ചോളം എന്നിവയിൽ നിന്ന് നിർമ്മിക്കുന്ന ജൈവ ഇന്ധനമായ എഥനോൾ പെട്രോളിനേക്കാൾ ശുദ്ധമാണ്.സാധാരണ കാറുകളിലെ എൻജിനുകളെ അപേക്ഷിച്ച് ഫ്ലെക്സ് ഫ്യുവൽ എൻജിനുകളിൽ പ്രത്യേക ഫ്യുവൽ പമ്പുകളും ഇൻജക്ടറുകളും ഘടിപ്പിക്കും. എഥനോളിന്റെ തുരുമ്പിക്കാനുള്ള കഴിവ് പ്രതിരോധിക്കാൻ ഈ ഘടകങ്ങൾ സഹായിക്കും. ഇന്ത്യയിലെ മിക്ക ആധുനിക കാറുകളും ഇ 20 (20 ശതമാനം എഥനോൾ മിശ്രിതം) അനുയോജ്യമാണെങ്കിലും ഇ 85 വരെയുള്ള ഉയർന്ന മിശ്രിതങ്ങളാണ് സർക്കാർ ലക്ഷ്യമിടുന്നത്.Content Highlights:Tata Motors is set to launch its first flex-fuel passenger vehicle in India by the end of 2026 or early 2027. This move aligns with the government’s push for higher ethanol blending to reduce fuel costs and emissions. The company had previously showcased the Punch flex-fuel concept, featuring modified engine components for ethanol compatibility.