ദമാം | ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷം അവസാനിപ്പിക്കാനും സമുദ്ര സുരക്ഷ പുനഃസ്ഥാപിക്കാനും നയതന്ത്രത്തിന് അവസരം നല്‍കാനുമുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെ സഊദി അറേബ്യ സ്വാഗതം ചെയ്തു. കൂടുതല്‍ പ്രാദേശിക സംഘര്‍ഷങ്ങള്‍ തടയുന്നതിനുള്ള പാകിസ്താന്റെ മധ്യസ്ഥ ശ്രമങ്ങളെ പ്രശംസിക്കുകയും ചെയ്തു.ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷയും സമുദ്ര ഗതാഗത സ്വാതന്ത്ര്യവും പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി നയതന്ത്ര പരിഹാരം പിന്തുടരാനുള്ള ട്രംപിന്റെ നീക്കത്തെ രാജ്യം വളരെയധികം അഭിനന്ദിക്കുന്നുവെന്ന് സഊദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ‘എക്സില്‍’ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു. പ്രാദേശിക സുരക്ഷക്കും സ്ഥിരതക്കും സഹായകമാകുന്ന രീതിയില്‍ നിലനില്‍ക്കുന്ന എല്ലാ തര്‍ക്ക വിഷയങ്ങളും പരിഹരിക്കുന്ന ‘സ്വീകാര്യമായ ഒരു കരാറില്‍’ എത്തിച്ചേരാനുള്ള ശ്രമങ്ങളെ സഊദി അറേബ്യ പിന്തുണക്കുന്നുതായും അദ്ദേഹം വ്യക്തമാക്കി.മേഖലയില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള പ്രധാന നടപടികളാണിതെന്നും പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പറഞ്ഞു.