ദേശീയപാത 66 വികസനം: നീലേശ്വരം മാര്‍ക്കറ്റ് ജങ്ഷനില്‍ ഫ്ളൈഓവര്‍ നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ റിപോര്‍ട്ട് നല്‍കി

Wait 5 sec.

കാസര്‍കോട് | ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി നീലേശ്വരം അങ്ങാടി കവലയില്‍ നിലവില്‍ നടന്നു വരുന്ന മണ്ണ് തിട്ടപ്പെടുത്തിയുള്ള നിര്‍മാണരീതി ഒഴിവാക്കി പകരം സമഗ്രമായ ആകാശപാത നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ഭരണാധികാരി അര്‍ജുന്‍ പാണ്ഡ്യന്‍ സംസ്ഥാന സര്‍ക്കാരിന് അടിയന്തര റിപോര്‍ട്ട് സമര്‍പ്പിച്ചു. ജില്ലാ ഭരണാധികാരി നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശിപാര്‍ശ തയ്യാറാക്കിയത്.പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, റവന്യൂ-ദുരന്തനിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എന്നിവര്‍ക്കാണ് വിശദമായ ശിപാര്‍ശകള്‍ ഉള്‍പ്പെടുത്തിയ റിപോര്‍ട്ട് കൈമാറിയത്. നിലവിലെ രൂപരേഖ പ്രകാരം അങ്ങാടി കവലയില്‍ വന്‍തോതില്‍ മണ്ണ് നിറച്ച് തിട്ടപ്പെടുത്തിയുള്ള നിര്‍മാണമാണ് പുരോഗമിക്കുന്നത്. ഇത് പൂര്‍ത്തിയാകുന്നതോടെ നീലേശ്വരം നഗരം മണ്‍മതിലുകളാല്‍ രണ്ടായി വിഭജിക്കപ്പെടുകയും ഗുരുതരമായ ഗതാഗതക്കുരുക്കിന് ഇടയാക്കുകയും നഗരത്തിന്റെ സ്വാഭാവിക വികസനത്തിന് തിരിച്ചടിയാകുകയും ചെയ്യുമെന്ന് റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനെതിരെ പ്രദേശത്ത് ശക്തമായ ജനകീയ പ്രതിഷേധങ്ങളും സമരങ്ങളും നിലനില്‍ക്കുന്നുണ്ടെന്നും ജില്ലാ ഭരണാധികാരി വ്യക്തമാക്കി.നീലേശ്വരം കാവല്‍നിലയം മുതല്‍ കോട്ടപ്പുറം റോഡ് വരെ നിലവില്‍ പദ്ധതിയിട്ടിരിക്കുന്ന മണ്ണ് നിറച്ച നിര്‍മാണം പൂര്‍ണമായും ഒഴിവാക്കി, തൂണുകളില്‍ അധിഷ്ഠിതമായ ആകാശപാത നിര്‍മിക്കാന്‍ ദേശീയപാത അതോറിറ്റിക്ക് അടിയന്തര നിര്‍ദേശം നല്‍കണമെന്നാണ് റിപോര്‍ട്ടിലെ പ്രധാന ശിപാര്‍ശ. നിലവിലുള്ള പാര്‍ശ്വവഴികളില്‍ സ്ഥലപരിമിതി കാരണം വാഹനങ്ങള്‍ തിരിയുന്നതിനും ഗതാഗത നിയന്ത്രണത്തിനും ബുദ്ധിമുട്ടുകള്‍ നേരിടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ആകാശപാത നിര്‍മാണം നടപ്പിലാക്കുകയാണെങ്കില്‍ പാര്‍ശ്വവഴികള്‍ക്ക് കൂടുതല്‍ വീതി ലഭ്യമാകുകയും, പാലത്തിന് താഴെയുള്ള വിശാലമായ സ്ഥലം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഉപയോഗിക്കാനാകുകയും ചെയ്യുമെന്നും റിപോര്‍ട്ടില്‍ പറയുന്നു.കോട്ടപ്പുറം തൈക്കടപ്പുറം റോഡിലേക്കുള്ള പ്രവേശനം സുരക്ഷിതമായി നിലനിര്‍ത്താനും പ്രദേശത്തെ വിനോദസഞ്ചാര, മത്സ്യബന്ധന മേഖലകള്‍ക്ക് തിരിച്ചടി ഒഴിവാക്കാനും ഈ മാതൃക സഹായകരമാകുമെന്ന് ജില്ലാ ഭരണാധികാരി നിയോഗിച്ച വിദഗ്ധ സമിതി വിലയിരുത്തി. അതേസമയം, നീലേശ്വരം പുഴക്ക് കുറുകെ 1958-ല്‍ നിര്‍മിച്ച നിലവിലെ ദേശീയപാത പാലം അപകടാവസ്ഥയിലാണെന്നും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. നിലവിലെ പദ്ധതിപ്രകാരം പഴയ പാലം നിലനിര്‍ത്തി പുതിയ മൂന്ന് വരി പാലം മാത്രം നിര്‍മിച്ചാല്‍ ആകെ അഞ്ച് വരി ഗതാഗതം മാത്രമേ സാധ്യമാകൂ. ഇത് ഭാവിയില്‍ ഗതാഗതക്കുരുക്കിന് ഇടയാക്കുമെന്നതിനാല്‍ പഴയ പാലം പൊളിച്ചുനീക്കി അതിന്റെ സ്ഥാനത്ത് പുതിയ മൂന്ന് വരി പാലം കൂടി നിര്‍മിച്ച് ആകെ ആറ് വരി ഗതാഗത സൗകര്യം ഉറപ്പാക്കണമെന്നും റിപോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്.ഭൂമിശാസ്ത്രപരമായും പരിസ്ഥിതി സംബന്ധമായും ശാസ്ത്രീയ പഠനം നടത്തി ആവശ്യമായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്ന് വിദഗ്ദ സമിതി അഭിപ്രായപ്പെട്ടു. വരാനിരിക്കുന്ന കാലവര്‍ഷം മുന്നില്‍ക്കണ്ട് പൊതുജനങ്ങളുടെ സുരക്ഷയും യാത്രാസൗകര്യവും ഉറപ്പാക്കുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ അടിയന്തര ഇടപെടല്‍ അനിവാര്യമാണെന്നും ജില്ലാ ഭരണാധികാരി റിപോര്‍ട്ടില്‍ പറഞ്ഞു.നീലേശ്വരം ആകാശപാത സമരം: അറുപതാം ദിനത്തില്‍ ശയനപ്രദക്ഷിണംനീലേശ്വരം | ആകാശപാതക്കായി ജനകീയ സമര സമിതി നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ 60-ാം ദിനത്തില്‍, പ്രതിഷേധക്കാര്‍ ശയനപ്രദക്ഷിണ സമരം നടത്തി.ദേശീയപാതാ നിര്‍മാണത്തിന്റെ ഭാഗമായി ആദ്യം പൂര്‍ത്തിയാക്കേണ്ട സര്‍വീസ് റോഡും ഡ്രെയിനേജും തികച്ചും അശാസ്ത്രീയവും സമയബന്ധിതമല്ലാത്തതുമായ രീതിയിലാണ് നിര്‍മിക്കുന്നത്. ഇത് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്രദേശവാസികളെ കടുത്ത ദുരിതത്തിലാഴ്ത്തിയിട്ടുണ്ട്. കാലവര്‍ഷം അടുത്തെത്തിയിട്ടും നിര്‍മാണ കമ്പനി മെല്ലെപ്പോക്ക് തുടരുകയാണ്.നേരിയ മഴ പെയ്താല്‍ പോലും നീലേശ്വരം മാര്‍ക്കറ്റ് പ്രദേശം പുഴ പോലെയാകുന്ന സ്ഥിതിയാണ്. ആംബുലന്‍സുകളും വലിയ ലോറികളും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ വെള്ളക്കെട്ടില്‍പ്പെട്ട് കേടുപാടുകള്‍ സംഭവിക്കുന്നതും വലിയ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നതും പതിവായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് സമരം ശക്തമാക്കിയത്.സര്‍വീസ് റോഡ് നിര്‍മാണം അടിയന്തിരമായി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ നിര്‍മാണ കമ്പനിയുടെ ഓഫീസ് ഉപരോധിക്കുന്നത് അടക്കമുള്ള കടുത്ത സമരമുറകളിലേക്ക് നീങ്ങുമെന്ന് സമര സമിതി മുന്നറിയിപ്പ് നല്‍കി. ശയനപ്രദക്ഷിണ സമരം ടി വി വിജയന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഗോപിനാഥന്‍ മുതിരക്കാല്‍ അധ്യക്ഷത വഹിച്ചു. രാജു രാമുട്ടി മുഖ്യപ്രഭാഷണം നടത്തി. പത്മരാജന്‍ ഐങ്ങോത്ത് സ്വാഗതം പറഞ്ഞു.