ഇന്ത്യയിയിൽ യൂസ്ഡ് കാറുകൾക്ക് ഡിമാൻഡ് കൂടുന്നു; കുതിച്ചുയർന്ന് വിപണി; 2031 ഓടെ പത്ത് മില്യൺ യൂണിറ്റിലെത്തുമെന്ന് റിപ്പോർട്ട്

Wait 5 sec.

ന്യൂഡൽഹി | ഇന്ത്യയിലെ ഉപയോഗിച്ച കാറുകളുടെ (യൂസ്ഡ് കാർ) വിപണി വരും വർഷങ്ങളിൽ വൻ വളർച്ച കൈവരിക്കുമെന്ന് പ്രമുഖ കൺസൾട്ടൻസി സ്ഥാപനമായ റെഡ്സീർ സ്ട്രാറ്റജി കൺസൾട്ടന്റ്സിന്റെ പുതിയ റിപ്പോർട്ട്. 2026 സാമ്പത്തിക വർഷത്തിൽ ആറ് മില്യൺ (60 ലക്ഷം) യൂണിറ്റായിരുന്ന വാർഷിക വിൽപ്പന 2031 സാമ്പത്തിക വർഷത്തോടെ ഒമ്പത് മുതൽ പത്ത് മില്യൺ (90 ലക്ഷം മുതൽ ഒരു കോടി വരെ) യൂണിറ്റായി ഉയരുമെന്നാണ് പ്രവചനം. വിപണി മൂല്യത്തിന്റെ കാര്യത്തിലും വലിയ മുന്നേറ്റമാകും ഉണ്ടാകുക. 2031 ഓടെ ഈ വിപണിയുടെ മൂല്യം 68 മുതൽ 78 ബില്യൺ യു എസ് ഡോളർ (ഏകദേശം 6.5 ലക്ഷം കോടി മുതൽ 7.5 ലക്ഷം കോടി രൂപ വരെ) ആയി ഉയരുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.നിലവിൽ ആഗോളതലത്തിൽ തന്നെ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സെക്കൻഡ് ഹാൻഡ് കാർ വിപണികളിലൊന്നാണ് ഇന്ത്യ. ഈ ദശകത്തിന്റെ അവസാനത്തോടെ അമേരിക്കയ്ക്കും ചൈനയ്ക്കും തൊട്ടുപിന്നാലെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ യൂസ്ഡ് കാർ വിപണിയായി ഇന്ത്യ മാറുമെന്നാണ് കണക്കാക്കപ്പെടുന്നത്. കാറുകൾ കൈവശം വെക്കുന്ന കാലയളവ് കുറയുന്നതും, വിപണിയിൽ സംഘടിത മേഖലയിലെ (ഓർഗനൈസ്ഡ് പ്ലെയേഴ്സ്) കമ്പനികളുടെ സ്വാധീനം വർധിക്കുന്നതും, എസ്‌യുവികൾക്കും പ്രീമിയം മോഡലുകൾക്കുമുള്ള വർധിച്ച ഡിമാൻഡുമാണ് ഈ വലിയ മുന്നേറ്റത്തിന് പിന്നിലെ പ്രധാന കാരണങ്ങൾ.ഇന്ത്യൻ കാർ വാങ്ങലുകാർക്കിടയിൽ വാഹനം മാറ്റുന്നതിനുള്ള കാലയളവ് ചുരുങ്ങുന്നത് വിപണിയിലെ വലിയൊരു ചാലകശക്തിയാണ്. മുൻകാലങ്ങളിൽ ആളുകൾ ഒരു കാർ വാങ്ങി ഏഴ് മുതൽ എട്ട് വർഷം വരെ ഉപയോഗിച്ച ശേഷമാണ് മാറ്റിയിരുന്നതെങ്കിൽ, നിലവിൽ അത് അഞ്ച് മുതൽ ആറ് വർഷമായി കുറഞ്ഞിട്ടുണ്ടെന്ന് റെഡ്സീർ സ്ട്രാറ്റജി കൺസൾട്ടന്റ്സിന്റെ അസോസിയേറ്റ് പാർട്ണർ കുശാൽ ഭട്നാഗർ വ്യക്തമാക്കുന്നു. ഈ ദശകത്തിന്റെ അവസാനത്തോടെ ഇത് നാല് മുതൽ അഞ്ച് വർഷമായി വീണ്ടും ചുരുങ്ങാൻ സാധ്യതയുണ്ട്. ഇത് വിപണിയിൽ മികച്ച അവസ്ഥയിലുള്ള പുതിയ പ്രീ ഓൺഡ് കാറുകളുടെ ലഭ്യത വർധിപ്പിക്കുകയും വാങ്ങാൻ എത്തുന്നവരുടെ ആത്മവിശ്വാസം ഉയർത്തുകയും ചെയ്യും.ഇക്കാലത്ത് സെക്കൻഡ് ഹാൻഡ് കാറുകളെ ഒരു വിട്ടുവീഴ്ചയായി കാണുന്നതിന് പകരം, സാമ്പത്തികമായി മികച്ചൊരു ബദൽ മാർഗ്ഗമായാണ് ആളുകൾ കാണുന്നത്. കുറഞ്ഞ ചെലവിൽ മികച്ച ഫീച്ചറുകളുള്ള ഉയർന്ന വേരിയന്റുകളും എസ്‌യുവികളും സ്വന്തമാക്കാൻ ആളുകൾ പ്രീ ഓൺഡ് വിപണിയെ ആശ്രയിക്കുന്നു. വിപണിയിൽ എത്തുന്നവരിൽ 65 ശതമാനത്തോളം പേരും ആദ്യമായി കാർ വാങ്ങുന്നവരാണ് എന്നതും ശ്രദ്ധേയമാണ്. എസ്‌യുവികളോടുള്ള താല്പര്യം വർധിച്ചതോടെ സെക്കൻഡ് ഹാൻഡ് കാറുകളുടെ ശരാശരി വിൽപന വില നിലവിലെ അഞ്ച് ലക്ഷം രൂപയിൽ നിന്ന് 2031 ഓടെ 6.5 ലക്ഷം മുതൽ 6.9 ലക്ഷം രൂപയായി ഉയരും. പുതിയ കാർ വിപണിയിലേത് പോലെ തന്നെ സെക്കൻഡ് ഹാൻഡ് വിപണിയിലും ഹാച്ച്ബാക്ക് മോഡലുകളുടെ പങ്ക് ക്രമേണ കുറയുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.ശക്തമായ വളർച്ചാ സാധ്യതകൾ ഉണ്ടെങ്കിലും വിശ്വാസ്യത തന്നെയാണ് ഈ രംഗത്തെ ഏറ്റവും വലിയ വെല്ലുവിളി. നിലവിൽ 80 ശതമാനത്തോളം ഇടപാടുകളും നടക്കുന്നത് അസംഘടിത മേഖലയിലൂടെയാണ്. വാഹനങ്ങളുടെ ഗുണനിലവാരമില്ലായ്മ, മുൻകാല ചരിത്രം കൃത്യമായി അറിയാൻ സാധിക്കാത്ത അവസ്ഥ, വിൽപ്പനാനന്തര സേവനങ്ങളുടെ കുറവ് എന്നിവ ഉപഭോക്താക്കളെ അലട്ടുന്നുണ്ട്. എന്നാൽ കൃത്യമായ പരിശോധനകൾ, നവീകരണ പ്രവർത്തനങ്ങൾ, ഫിനാൻസിങ് സൗകര്യങ്ങൾ, വാറന്റി, കൃത്യമായ ഡോക്യുമെന്റേഷൻ എന്നിവ നൽകിക്കൊണ്ട് സംഘടിത മേഖലയിലെ ബ്രാൻഡുകൾ വിപണി വിഹിതം ഉയർത്തുകയാണ്.എൻ ബി എഫ് സി കളുടെ പങ്കാളിത്തം, ഡിജിറ്റൽ വായ്പ അനുമതികൾ, ഓൺലൈൻ ഡോക്യുമെന്റേഷൻ എന്നിവ വഴി സെക്കൻഡ് ഹാൻഡ് കാർ ഫിനാൻസിങ് എളുപ്പമായതും വിപണിക്ക് കരുത്താകുന്നു. 2031 ഓടെ ഉപയോഗിച്ച കാർ വിപണിയുടെ 30 ശതമാനവും സംഘടിത മേഖല കൈക്കലാക്കുമെന്നാണ് റെഡ്സീർ വ്യക്തമാക്കുന്നത്.Content Highlights:India’s used-car market is projected to reach annual sales of 9-10 million units and hit a market value of USD 68-78 billion by FY2031, according to a report by Redseer Strategy Consultants. Shorter car replacement cycles and a growing preference for premium variants and SUVs are key factors driving this growth. Although the unorganized sector currently dominates 80 percent of the market, organized players offering standardized inspections, digital financing, and warranties are expected to capture a 30 percent market share by FY2031.