ആഗോള രാഷ്ട്രീയവും സാമ്പത്തിക വ്യവസ്ഥയും ഒരു പോലെ ഉറ്റുനോക്കിയ നയതന്ത്ര നീക്കമായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചൈനാ സന്ദര്‍ശനം. ഉഭയകക്ഷി പ്രശ്‌നമെന്നതിലുപരി ആഗോള രാഷ്ട്രീയ മേഖലകളെ ബാധിക്കുന്നതാണ് അമേരിക്ക- ചൈനാ ബന്ധം. ആഗോള വ്യാപാരത്തില്‍ മേല്‍ക്കോയ്മക്കായുള്ള കിടമത്സരം ഇരു രാഷ്ട്രങ്ങളും തുടരുകയാണ്. സ്വാഭാവികമായും മറ്റു രാജ്യങ്ങളിലും അത് പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. എണ്ണവില, വിതരണ ശൃംഖല, സാങ്കേതിക നിക്ഷേപങ്ങള്‍, കയറ്റുമതി വിപണികള്‍ തുടങ്ങിയ മേഖലകളില്‍ ആഗോളതലത്തില്‍ തന്നെ ഇത് പ്രതിഫലിക്കും.ചൈനാ സന്ദര്‍ശനവും ഷീ ജിന്‍പിംഗുമായുള്ള ചര്‍ച്ചയും വന്‍വിജയമായെന്നാണ് സന്ദര്‍ശനാനന്തരം ട്രംപിന്റെ പ്രഖ്യാപനം. സാധാരണഗതിയില്‍ രാഷ്ട്രനേതാക്കളുടെ വിദേശ സന്ദര്‍ശനങ്ങള്‍ക്ക് രണ്ട് ലക്ഷ്യങ്ങളുണ്ടാകും. സ്വന്തം പ്രതിഛായ വര്‍ധിപ്പിക്കുകയും അന്താരാഷ്ട്രതലത്തില്‍ സ്വീകാര്യതയും അംഗീകാരവുമുള്ള നേതാവെന്ന ഖ്യാതി സൃഷ്ടിക്കുകയുമാണ് ഒന്ന്. രാജ്യത്തിന്റെ രാഷ്ട്രീയ- സാമ്പത്തിക മേഖലക്ക് ഗുണകരമായ കരാറുകള്‍ രൂപപ്പെടുത്തുകയാണ് മറ്റൊന്ന്. ട്രംപിനു ഷീ ജിന്‍പിംഗിന്റെ നേതൃത്വത്തില്‍ ചൈനയില്‍ പരവതാനി സ്വീകരണവും സാംസ്‌കാരിക വിരുന്നുകളും ലഭിച്ചു. ഇത് തന്റെ അന്തസ്സ് ഉയര്‍ത്തിക്കാട്ടാനും പ്രതിഛായ മെച്ചപ്പെടുത്താനും ട്രംപിനെ സഹായിച്ചിരിക്കാം.ഇതിലപ്പുറം രാഷ്ട്രീയവും സാമ്പത്തികവുമായ എന്തെങ്കിലും നേട്ടം കൈവരിക്കാന്‍ സന്ദര്‍ശനം സഹായിച്ചോ? ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനും ഹോര്‍മുസ് കടലിടുക്ക് തുറന്നു കിട്ടാനും ചൈനയുടെ സഹായം തേടുകയും അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ചൈനീസ് വിപണിയില്‍ കൂടുതല്‍ ഇളവുകള്‍ ലഭ്യമാക്കുകയുമായിരുന്നു ട്രംപിന്റെ സന്ദര്‍ശന ലക്ഷ്യം. പ്രമുഖ യു എസ് കമ്പനികളുടെ മേധാവികളടക്കം സന്ദര്‍ശക സംഘത്തിലുണ്ടായിട്ടും കാര്യമായ വ്യാപാര കരാറുകളോ ഉടമ്പടികളോ തരപ്പെടുത്താന്‍ ട്രംപിനായില്ല. അമേരിക്കന്‍ ബോയിംഗ് വാങ്ങാനും കാര്‍ഷികോത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാനും ചൈന താത്പര്യം പ്രകടിപ്പിച്ചതായി ട്രംപ് അവകാശപ്പെടുന്നുണ്ടെങ്കിലും ബീജിംഗ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. വിമാനം വാങ്ങുന്നതിനു പകരമായി ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്ന കമ്പനികള്‍ക്കെതിരെ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കണമെന്ന് ചൈന നിര്‍ദേശം വെച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അമേരിക്കയുടെ ഭാഗത്തു നിന്ന് അനുകൂലമായ നിലപാട് ഉണ്ടായെങ്കില്‍ മാത്രമേ ബോയിംഗ് വിമാന ഇടപാട് നടപ്പാകാന്‍ സാധ്യതയുള്ളൂ. തങ്ങളുടെ പരമാധികാര വിഷയങ്ങളിലോ നയങ്ങളിലോ ഒരു വീട്ടുവീഴ്ചക്കും ചൈന സന്നദ്ധമായിട്ടില്ല.ഇറാന്റെ പ്രധാന എണ്ണ ഉപഭോക്താവായ ചൈനക്ക് ഇറാനു മേലുള്ള സ്വാധീനം ഉപോയഗിച്ച് സമാധാന കരാര്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്നും ട്രംപ് വിശ്വസിക്കുന്നു. എന്നാല്‍ ചൈനയുടെ ഭാഗത്തു നിന്ന് അനുകൂല നിലപാടോ പ്രതീക്ഷാനിര്‍ഭരമായ പ്രതികരണങ്ങളോ ഉണ്ടായില്ലെന്നാണ് ലഭ്യമായ വിവരം. അമേരിക്ക തുടങ്ങിവെച്ച യുദ്ധം അവസാനിപ്പിക്കാന്‍ അവര്‍ തന്നെ മുന്‍കൈയെടുക്കട്ടെയെന്നാണ് ചൈനയുടെ നിലപാട്. ചര്‍ച്ചയിൽ മറ്റു വിഷയങ്ങളേക്കാള്‍ തായ്‌വാന്‍ പ്രശ്‌നത്തിനാണ് ഷീ ജിന്‍പിംഗ് പ്രാമുഖ്യം നല്‍കിയത്. തായ്‌വാനെച്ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ചൈനയും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷത്തിലേക്കോ ഏറ്റുമുട്ടലിലേക്കോ നയിച്ചേക്കാമെന്നും ഷീ ജിന്‍പിംഗ് ട്രംപിന് മുന്നറിയിപ്പ് നല്‍കുകയുണ്ടായി. തായ്‌വാന് 11 ബില്യൺ ഡോളറിന്റെ ആയുധങ്ങള്‍ നല്‍കാനുള്ള അമേരിക്കന്‍ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ചൈനയുടെ ഈ മുന്നറിയിപ്പ്. എങ്കിലും ചൈനയുടെ ഭീഷണിക്ക് വഴങ്ങാതെ തായ്‌വാനുള്ള സഹായം അമേരിക്ക തുടരുമെന്നാണ് അറിയുന്നത്. യു എസ് നയത്തില്‍ മാറ്റമുണ്ടാകില്ലെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ തായ്‌വാന് ഉറപ്പു നല്‍കിയതായി റിപോര്‍ട്ടുണ്ട്.വ്യാപാര ഇറക്കുമതി- കയറ്റുമതി ചുങ്കവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ചൈനയെ മുട്ടുകുത്തിക്കുമെന്നായിരുന്നു കഴിഞ്ഞ വര്‍ഷം ട്രംപിന്റെ പ്രഖ്യാപനം. ഇന്നിപ്പോള്‍ ഞങ്ങളെ സഹായിക്കൂവെന്ന് ബീജിംഗിനോട് അഭ്യര്‍ഥിക്കേണ്ട ഗതികേടിലാണ് അദ്ദേഹം. ഇറാനുമായുള്ള യുദ്ധം അമേരിക്കയെ എത്രമാത്രം ദുര്‍ബലമാക്കിയെന്നതിന്റെ സൂചനയായാണ് ട്രംപിന്റെ സന്ദര്‍ശനത്തെ നിരീക്ഷകര്‍ വിലയിരുത്തുന്നത്. വിരലിലെണ്ണാകുന്ന ദിവസങ്ങള്‍ കൊണ്ട് ഇറാനെ മുട്ടുകുത്തിച്ച് യുദ്ധം അവസാനിപ്പിക്കാമെന്ന ഹുങ്കിലാണ് അമേരിക്ക പടനയിച്ചത്. യുദ്ധം നീണ്ടുപോയതോടെ അമേരിക്കയുടെ സാമ്പത്തിക മേഖല ദുര്‍ബലമാകുകയും സൈനിക ശേഷിക്ക് ശോഷണം നേരിട്ടുകൊണ്ടിരിക്കുകയുമാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷാവസ്ഥ തുടര്‍ന്നാല്‍ ആഗോള സാമ്പത്തിക സൂചികയെ പ്രതികൂലമായി ബാധിക്കുമെന്നും പണപ്പെരുപ്പം ഉയരുമെന്നും എം എഫ് എഫ് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.ആഗോളതലത്തില്‍ ഒറ്റപ്പെടാതിരിക്കാനും യുദ്ധത്തില്‍ നിന്ന് തലയൂരാനും ട്രംപിന് ഒരു മൂന്നാം കക്ഷിയുടെ സഹായം ആവശ്യമാണ്. ഹോങ്കോംഗ് സര്‍വകലാശാലയിലെ ചൈനീസ് വിദേശ നയ വിഭാഗം പ്രൊഫസര്‍ അലഹാന്‍ഡ്രോ റെയ്‌സ് അഭിപ്രായപ്പെട്ടതു പോലെ “ചൈനക്ക് ട്രംപിനെ ആവശ്യമുള്ളതിലും കൂടുതല്‍ ഇന്ന് ട്രംപിന് ചൈനയെ ആവശ്യമുണ്ട്’. ലോകക്രമം അമേരിക്കന്‍ കേന്ദ്രീകൃതമായ ഏകധ്രുവ വ്യവസ്ഥയില്‍ നിന്ന് ചൈനയുടെ സ്വാധീനമുള്ള ബഹുധ്രുവ ക്രമത്തിലേക്ക് മാറുന്നതിന്റെ സൂചനയായി വേണം ഇതിനെ കാണാന്‍. എന്തൊക്കെ വീമ്പ് പറഞ്ഞാലും ബീജിംഗിനെ അവഗണിക്കാന്‍ കഴിയില്ലെന്ന സന്ദേശമാണ് സന്ദര്‍ശനത്തിലൂടെ ട്രംപ് ലോകത്തിനു നല്‍കിയത്.കാതലായ പ്രശ്‌നങ്ങളൊന്നും പരിഹരിക്കപ്പെടാതെ അതേപടി തുടരുകയും താത്കാലിക പ്രഖ്യാപനത്തില്‍ മാത്രം കാര്യങ്ങള്‍ അവസാനിക്കുകയും ചെയ്ത സാഹചര്യത്തില്‍ ട്രംപിന്റെ സന്ദര്‍ശനം, ഇരുരാജ്യങ്ങളും തമ്മിലുളള സംഘര്‍ഷം കുറക്കാന്‍ എത്രത്തോളം സഹായകമാകുമെന്ന് വരും നാളുകളില്‍ കണ്ടു തന്നെ അറിയണം. നയതന്ത്ര പ്രഖ്യാപനങ്ങളിലെ വാക്കുകളിലല്ല, തുടര്‍ന്നുള്ള ഇരുരാജ്യങ്ങളുടെയും പ്രായോഗിക സമീപനത്തിലാണ് സന്ദർശനത്തിന്റെ വിജയ- പരാജയങ്ങള്‍ ഒളിഞ്ഞിരിക്കുന്നത്.