തെഹ്‌റാന്‍/വാഷിങ്ടണ്‍ | ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം ഭാവിയില്‍ എങ്ങനെ ആയിരിക്കണമെന്നത് സംബന്ധിച്ച തങ്ങളുടെ പദ്ധതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് ഇറാന്‍. ഹോര്‍മുസില്‍ ചുങ്കം ഏര്‍പ്പെടുത്തുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് ഇറാന്‍ വ്യക്തമാക്കി.അതിനിടെ, സമാധാന കരാറിലെത്താന്‍ തയ്യാറായില്ലെങ്കില്‍ ഇറാന്‍ വളരെ മോശം സമയത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പു നല്‍കി. എന്നാല്‍, ലോകം പുതിയ ക്രമം രൂപവത്കരിക്കുന്നതിന്റെ വക്കിലാണെന്ന് ഇറാന്‍ പാര്‍ലിമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗലിബാഫ് പ്രസ്താവിച്ചു.ഈ സംഭവവികാസങ്ങള്‍ക്കിടയിലും ഗസയിലും ലബനാനിലും ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണങ്ങള്‍ തുടരുകയാണ്. ഇന്നലെയുണ്ടായ ആക്രമണത്തില്‍ 11 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 60 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.വെടിനിര്‍ത്തല്‍ കരാര്‍ 45 ദിവസത്തേക്ക് നീട്ടിയ ശേഷവും ദക്ഷിണ ലബനാനിലെ നൂറോളം കേന്ദ്രങ്ങളില്‍ ഇസ്‌റാഈല്‍ ആക്രമണം നടത്തി.