അധികാരക്കസേരകള്‍ ഉറപ്പായതോടെ മുസ്‌ലിം ലീഗ് കടുത്ത ഹിന്ദുവിരുദ്ധ നിലപാടിലേക്ക് മാറി: വെള്ളാപ്പള്ളി

Wait 5 sec.

ആലപ്പുഴ | മുസ്‌ലിം ലീഗിനെതിരെ കടുത്ത വിമര്‍ശനവുമായി എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സംഘടനയുടെ മുഖമാസികയായ യോഗനാദം മുഖപ്രസംഗത്തിലാണ് വിമര്‍ശനം. അധികാരക്കസേരകള്‍ ഉറപ്പായതോടെ യു ഡി എഫിലെ പ്രധാന ഘടകകക്ഷിയായ മുസ്‌ലിം ലീഗ് കടുത്ത ഹിന്ദുവിരുദ്ധ നിലപാടിലേക്ക് മാറിയെന്ന് മുഖപ്രസംഗത്തില്‍ ആരോപിച്ചു.ലീഗിന്റെ മതേതര, ജനാധിപത്യ വിരുദ്ധതയെ എതിര്‍ക്കുന്നവരെ മുസ്‌ലിം വിരുദ്ധരായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നു. എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറിയായ എന്നെ വര്‍ഗീയവാദിയെന്ന് വിളിച്ച് തെരുവില്‍ അധിക്ഷേപിക്കുന്നു. സംസ്ഥാന ഭരണത്തിന്റെ മറവില്‍ മതതീവ്രവാദ ശക്തികള്‍ക്ക് സംരക്ഷണം ഒരുക്കാമെന്ന ലീഗ് നേതാക്കളുടെ മോഹം പുതിയ സര്‍ക്കാര്‍ സാധിച്ചുകൊടുക്കുമോയെന്ന് കാത്തിരുന്നു കാണാം. എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും വെള്ളാപ്പള്ളി നടേശനുമാണ് ഇപ്പോള്‍ ലീഗിന്റെ മുഖ്യ ശത്രുക്കളെന്നും മുഖപ്രസംഗത്തില്‍ പറഞ്ഞു.ലീഗ് നേതാവ് കെ എം ഷാജിയെയും വെള്ളാപ്പള്ളി വിമര്‍ശിച്ചു. വര്‍ഗീയ വിഷം ചീറ്റുന്ന നേതാവാണ് ഷാജി. ഷാജിയെപ്പോലെ വര്‍ഗീയ വിഷം ചീറ്റുന്ന നേതാക്കളെ മന്ത്രിയാക്കിയാല്‍ കേരളത്തില്‍ മതസൗഹാര്‍ദം പൂത്തുലയുമെന്നാണ് ലീഗ് നേതൃത്വത്തിന്റെ നിലപാട്. ഈ ഇരട്ടത്താപ്പ് ഞങ്ങളെല്ലാം തിരിച്ചറിയുന്നുണ്ടെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.