കോഴിക്കോട് | സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി സംഘടനാ ശാക്തീകരണം മുഖ്യലക്ഷ്യമാക്കി മുന്നോട്ടുവെച്ച മെമ്പർഷിപ്പ് ക്യാമ്പയിൻ പ്രവർത്തനങ്ങൾ ആരംഭിച്ചു. നിലവിലുള്ളതിനേക്കാൾ 25 ശതമാനം പണ്ഡിതരെ അംഗങ്ങളാക്കുകയെന്ന ലക്ഷ്യസാക്ഷാത്കാരത്തിന് ആവശ്യമായ കർമ പദ്ധതികൾക്ക് കഴിഞ്ഞ ദിവസം എറണാകുളത്തും കോഴിക്കോടും നടന്ന മേഖലാതല ശിൽപ്പശാലകൾ അന്തിമ രൂപം നൽകി. ജില്ലാ മേഖലാ തലങ്ങളിൽ മെമ്പർഷിപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മുശ്‌രിഫുമാരും ജില്ലാ പ്രസിഡന്റ്, സെക്രട്ടറിമാരും മെമ്പർഷിപ്പ് കൗൺസിൽ അംഗങ്ങളും ശിൽപ്പശാലകളിൽ പങ്കെടുത്തു.കോഴിക്കോട് സമസ്ത സെന്ററിൽ ചേർന്ന ശിൽപ്പശാല കേന്ദ്ര മുശാവറ അംഗം വി പി എം ഫൈസി വില്യാപ്പള്ളിയുടെ അധ്യക്ഷതയിൽ അഖീദ കൗൺസിൽ ചെയർമാൻ കെ പി മുഹമ്മദ് മുസ്‌ലിയാർ കൊമ്പം ഉദ്ഘാടനം ചെയ്തു. കേന്ദ്ര മുശാവറ സെക്രട്ടറി പേരോട് അബ്ദുർറഹ്്മാൻ സഖാഫി, സെൻട്രൽ മെമ്പർഷിപ്പ് കൗൺസിൽ കൺവീനർ പി എസ് കെ മൊയ്തു ബാഖവി മാടവന വിഷയം അവതരിപ്പിച്ചു. വണ്ടൂർ അബ്ദുർറഹ്്മാൻ ഫൈസി, അലവി സഖാഫി കൊളത്തൂർ, പരിയാരം അബ്ദുർറഹ്്മാൻ മുസ്‌ലിയാർ, തൃക്കരിപ്പൂർ മുഹമ്മദലി സഖാഫി, അബ്ദുന്നാസർ അഹ്‌സനി ഒളവട്ടൂർ ചർച്ചകൾക്ക് നേതൃത്വം നൽകി.എറണാകുളം ജാമിഅ അശ്അരിയ്യയിൽ ത്വാഹ മുസ്‌ലിയാർ കായംകുളം അധ്യക്ഷത വഹിച്ചു. ഇസ്സുദ്ദീൻ സഖാഫി കൊല്ലം, അബ്ദുർറഹ്്മാൻ സഖാഫി വിഴിഞ്ഞം ചർച്ചകൾക്ക് നേതൃത്വം നൽകി.