സംഭവബഹുലവും ചരിത്രപരവുമായ അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കി പതിനഞ്ചാം കേരള നിയമസഭ പടിയിറങ്ങുമ്പോൾ, നിയമസഭയുടെ നേട്ടങ്ങൾ ചൂണ്ടിക്കാട്ടി സ്പീക്കറുടെ വികാരനിർഭരമായ വിടവാങ്ങൽ സന്ദേശവുമായി മുൻ സ്പീക്കർ എ എൻ ഷംസീർ. കേരളത്തിന്റെ ജനാധിപത്യ ചരിത്രത്തിൽ സുവർണ്ണലിപികളിൽ എഴുതിച്ചേർക്കാവുന്ന ഒട്ടേറെ അധ്യായങ്ങൾ ഈ സഭ സൃഷ്ടിച്ചുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.നവകേരള നിർമ്മിതിക്ക് അടിത്തറ പാകുന്ന നിരവധി നിയമനിർമ്മാണങ്ങൾ ഈ കാലയളവിൽ നടപ്പാക്കി. രാജ്യത്തിനുതന്നെ മാതൃകയായ നിയമനിർമ്മാണ പ്രവർത്തനങ്ങൾക്കാണ് സഭ വേദിയായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നാല് എഡിഷനുകളിലായി സംഘടിപ്പിച്ച നിയമസഭാ പുസ്തകോത്സവം സഭയെ ജനകീയ ഉത്സവമാക്കി മാറ്റിയതായും നിയമസഭാ ലൈബ്രറിയുടെ ശതാബ്ദിയോടനുബന്ധിച്ച് പൊതുജനങ്ങൾക്ക് ലൈബ്രറി അംഗത്വം നൽകാനും പുസ്തകോത്സവ സമയത്ത് സഭ ജനങ്ങൾക്കായി തുറന്നുകൊടുക്കാനും കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.ALSO READ: ദേശാഭിമാനി മുൻ ന്യൂസ് എഡിറ്റർ ടി കെ രമേഷ് ബാബുവിന്റെ വേർപാടിൽ അനുശോചിച്ച് എം വി ഗോവിന്ദൻ മാസ്റ്റർമഹദ് പ്രതിഭകളെ ആദരിക്കാൻ “നിയമസഭാ അവാർഡ്” ഏർപ്പെടുത്തിയതും ഈ സഭയുടെ നേട്ടങ്ങളിലൊന്നായി അദ്ദേഹം ചൂണ്ടിക്കാട്ടി. പാർലമെന്റിലെയും വിവിധ സംസ്ഥാനങ്ങളിലെയും വനിതാ ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് രാജ്യത്ത് ആദ്യമായി ‘വിമൻസ് ലെജിസ്ലേച്ചേഴ്സ് കോൺഫറൻസ്’ സംഘടിപ്പിച്ചതും ശ്രദ്ധേയമായ നേട്ടമായെന്ന് അദ്ദേഹം പറഞ്ഞു.ഭരണ-പ്രതിപക്ഷ ഭേദമന്യേ എല്ലാ അംഗങ്ങളുടെയും സഹകരണം ഈ നേട്ടങ്ങൾക്ക് പിന്നിലുണ്ടെന്ന് പറഞ്ഞ സ്പീക്കർ, നിയമസഭാ സെക്രട്ടേറിയറ്റ് ജീവനക്കാർക്കും പൊതുമരാമത്ത്, ആരോഗ്യം, പൊലീസ്, ഫയർഫോഴ്സ്, ടെലികോം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കും നന്ദി രേഖപ്പെടുത്തി. കൂടുതൽ കരുത്തുറ്റതും ചലനാത്മകവുമായ പുതിയ നിയമസഭയ്ക്കായി കാത്തിരിക്കാമെന്ന സന്ദേശത്തോടെയാണ് സ്പീക്കർ തന്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചത്.ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപംപ്രിയമുള്ളവരെ,പതിനഞ്ചാം കേരള നിയമസഭ അതിൻ്റെ അഞ്ച് വർഷത്തെ സംഭവബഹുലവും ചരിത്രപരവുമായ കാലാവധി പൂർത്തീകരിക്കുകയാണ്. കേരളത്തിൻ്റെ ജനാധിപത്യ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതിച്ചേർക്കാൻ ഒട്ടേറെ അധ്യായങ്ങൾ ഈ സഭയ്ക്ക് കഴിഞ്ഞു എന്ന അതിയായ ചാരിതാർത്ഥ്യത്തോടെയാണ് സ്പീക്കർ എന്ന നിലയിൽ ഞാൻ പടിയിറങ്ങുന്നത്. നവകേരള നിർമ്മിതിക്ക് അടിത്തറ പാകിയതും രാജ്യത്തിനുതന്നെ മാതൃകയായതുമായ ഒട്ടേറെ നിയമനിർമ്മാണങ്ങൾക്ക് ഈ കാലയളവിൽ സഭ വേദിയായി. നാല് എഡിഷനുകളിലായി നടന്ന നിയമസഭാ പുസ്തകോത്സവം നിയമസഭയെ ഒരു ജനകീയ ഉത്സവമാക്കി മാറ്റുകയും, നിയമസഭാ ലൈബ്രറിയുടെ ശതാബ്ദിയാഘോഷ നിറവിൽ പൊതുജനങ്ങൾക്ക് ലൈബ്രറിയിൽ അംഗത്വം നൽകാനും പുസ്തകോത്സവ കാലയളവിൽ സഭയെ ജനങ്ങൾക്കായി തുറന്നുകൊടുക്കാനും നമുക്ക് സാധിച്ചു.മഹദ് പ്രതിഭകളെ ആദരിക്കാൻ “നിയമസഭാ അവാർഡ്” ഏർപ്പെടുത്തിയതും ഈ കാലയളവിലാണ്. സ്ത്രീ ശാക്തീകരണത്തിന്റെ പുതിയ മാതൃകകൾ തീർത്തുകൊണ്ട്, പാർലമെന്റിലേയും വിവിധ സംസ്ഥാനങ്ങളിലേയും വനിതാ ജനപ്രതിനിധികളെ അണിനിരത്തി രാജ്യത്ത് ആദ്യമായി ‘വിമൻസ് ലെജിസ്ലേച്ചേഴ്സ് കോൺഫറൻസ്’ സംഘടിപ്പിച്ചു. സഭ നിയന്ത്രിക്കുന്ന ചെയർപേഴ്സൺമാരുടെ പാനലിൽ മുഴുവൻ പേരും വനിതകളായ ചരിത്ര മുഹൂർത്തത്തിന് ഈ സഭ രണ്ട് വട്ടം സാക്ഷ്യം വഹിക്കുകയും ചെയ്തു.രാജ്യത്താദ്യമായി ഭരണഘടനാ നിർമ്മാണസമിതിയുടെ സംവാദങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തതിനൊപ്പം സഭാ നടപടികളുടെ പ്രസിദ്ധീകരണത്തിൽ വർഷങ്ങളായി ഉണ്ടായിരുന്ന കുടിശ്ശിക തീർക്കാനും കഴിഞ്ഞു. അമ്പതാണ്ടുകൾ തുടർച്ചയായി സാമാജികനായ മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻചാണ്ടിയെ ആദരിക്കുകയും, ആദ്യ മുഖ്യമന്ത്രി ഇ.എം.എസ്-ന്റെ സ്മരണയ്ക്കായി മ്യൂസിയത്തിൽ പ്രത്യേക സെഗ്മെന്റ് ഒരുക്കുകയും, മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ നിയമസഭാ ജീവിതം പുസ്തകമാക്കി പ്രസിദ്ധീകരിക്കുകയും ചെയ്തു.ഡിജിറ്റൽ മുന്നേറ്റത്തിന്റെ ഭാഗമായി കടലാസ് രഹിത സഭ എന്ന ലക്ഷ്യത്തോടെയുള്ള ‘ഇ-നിയമസഭ’ പദ്ധതി പൂർത്തീകരണ ഘട്ടത്തിലാണ്. ഒരു ലക്ഷം സബ്സ്ക്രൈബേഴ്സ് എന്ന നേട്ടം കൈവരിച്ച സഭാ ടി. വിക്ക് സ്വന്തമായി പുതിയ സ്റ്റുഡിയോ വരുന്നു. എം.എൽ.എമാർക്കായി 60 ഫ്ലാറ്റുകളുള്ള പുതിയ സമുച്ചയം, ഊർജ്ജ സ്വയംപര്യാപ്തതയ്ക്കായി 650 കിലോവാട്ട് സൗരോർജ്ജ പാനലുകൾ, നിയമസഭാ സെക്രട്ടേറിയറ്റിൽ ഇ-ഓഫീസ് സംവിധാനം എന്നിവ നടപ്പിലാക്കി.മുൻ സാമാജികർക്കും നിലവിലെ സാമാജികർക്കും ഒത്തുചേരാൻ ‘പെയ്തിറങ്ങുന്ന ഓർമ്മകൾ’ എന്ന സ്നേഹക്കൂട്ടായ്മ ഒരുക്കിയതിനൊപ്പം, സഭാനടപടികൾ അനിശ്ചിതമായി നീണ്ടുപോകാതെയും പ്രതിപക്ഷാംഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ടും സമയബന്ധിതമായി പൂർത്തീകരിക്കാനും കഴിഞ്ഞു. ഈ നേട്ടങ്ങൾക്ക് പിന്നിൽ ഭരണ-പ്രതിപക്ഷ ഭേദമന്യേ ബഹുമാനപ്പെട്ട എല്ലാ സാമാജികരുടേയും പൂർണ്ണമായ പിന്തുണയുണ്ട്.ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയുടെ അന്തസ്സും ഔന്നത്യവും കാത്തുസൂക്ഷിക്കാൻ അഹോരാത്രം പ്രയത്നിച്ച നിയമസഭാ സെക്രട്ടേറിയറ്റിലെ ജീവനക്കാർ, മികച്ച സേവനം നൽകിയ പൊതുമരാമത്ത്, ആരോഗ്യം, പോലീസ്, ഫയർഫോഴ്സ്, ടെലിക്കോം തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ സഹായിച്ച, നിയമസഭയുമായി സഹകരിച്ച ഓരോരുത്തരോടുമുള്ള എന്റെ ഹൃദയം നിറഞ്ഞ നന്ദി ഈയവസരത്തിൽ രേഖപ്പെടുത്തുന്നു.കൂടുതൽ കരുത്തുറ്റതും ചലനാത്മകവുമായ ഒരു പുതിയ നിയമസഭയുടെ രൂപീകരണത്തിനായി നമുക്ക് കാത്തിരിക്കാം. ഏവർക്കും സ്നേഹം, നന്ദിThe post ‘കേരള ജനാധിപത്യ ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ എഴുതിച്ചേർക്കാവുന്ന ഒട്ടേറെ അധ്യായങ്ങൾ സൃഷ്ടിച്ചു; പടിയിറങ്ങുമ്പോള് നേട്ടങ്ങള് ചൂണ്ടിക്കാട്ടി എ എൻ ഷംസീർ appeared first on Kairali News | Kairali News Live.