തിരുവനന്തപുരം | മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് കൂടുതല്‍ മോടി പിടിപ്പിക്കേണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍ദ്ദേശം പൊതുഭരണ വകുപ്പിന് നല്‍കി. വന്‍ തുക ചെലവില്‍ മോടി പിടിപ്പിക്കേണ്ടെന്നും ചില്ലറ അറ്റകുറ്റപണി മാത്രം മതിയെന്നുമാണ് നിര്‍ദ്ദേശം.മന്ത്രി മന്ദിരങ്ങള്‍ മോടി പിടിപ്പിക്കേണ്ടെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ഏഴ് കിടപ്പ് മുറികളാണുള്ളത്. 15,000 ചതുരശ്ര അടിയാണ് വലുപ്പം. ഒരു ഓഫിസ് മുറി, ഒരു കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയുള്ള പ്രധാന കെട്ടിടം, സുരക്ഷാ ഉദ്യോഗസ്ഥരുടെയും പരിചാരകരുടെയും ഉപയോഗത്തിനായി രണ്ടു ചെറിയ കെട്ടിടങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് കോംപൗണ്ട്. മൊത്തം 4.2 ഏക്കറാണ് ക്ലിഫ് ഹൗസ് കോംപൗണ്ട്.എല്‍ ഡി എഫ് സര്‍ക്കാറിന്റെ ഭരണക്കാലത്ത് ക്ലിഫ് ഹൗസിലെ നീന്തല്‍ കുളത്തിന്റെ അടക്കമുള്ള മോടി പിടിപ്പിക്കല്‍ ഏറെ വിവാദത്തിന് ഇടയാക്കിയിരുന്നു. ക്ലിഫ് ഹൗസ് ഉള്‍പ്പെടെ മന്ത്രിമന്ദിരങ്ങളില്‍ മരപ്പട്ടി ശല്യം രൂക്ഷമാണെന്ന മുഖ്യമന്ത്രിയുടെ പരസ്യ പ്രതികരണവും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2016 മെയ് മുതല്‍ 2022 നവംബര്‍ 14 വരെ മാത്രം ക്ലിഫ് ഹൗസിലെ നീന്തല്‍ കുളത്തിനായി 31,92, 360 രൂപയാണ് ചെലവിട്ടത്. ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് പണിയാന്‍ 25.50 ലക്ഷം രൂപ അനുവദിച്ചതും ഏറെ വിമര്‍ശങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ധൂര്‍ത്തില്ലാതെ ഭരണം തുടങ്ങാനാണ് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്റെ തീരുമാനം.