തിരുവനന്തപുരം | ലൈംഗിക കുറ്റകൃത്യങ്ങളുടെ പേരില്‍ നിയമ നടപടി നേരിടുന്നതിന്റെ പേരില്‍ കോണ്‍ഗ്രസ് പുറത്താക്കിയ രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പമുള്ള സെല്‍ഫി പോസ്റ്റ് ചെയ്ത നിയുക്ത മുസ്്‌ലിം ലീഗ് എം എല്‍ എ പി കെ ഫിറോസിന് സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം.വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാകാന്‍ എത്തിയപ്പോള്‍ എടുത്ത ചിത്രമാണ് ഫിറോസ് പങ്കുവച്ചത്. ബലാത്സംഗ കേസില്‍ പ്രതിയായി കോണ്‍ഗ്രസ് പുറത്താക്കിയ ആളെ കൂടെനിര്‍ത്തി വെളുപ്പിച്ചെടുക്കുകയാണ് എന്നതടക്കമുള്ള കമന്റുകള്‍ പോസ്റ്റിന് താഴെ കാണാം.പിണറായി സര്‍ക്കാറിനെതിരെ സമരം ചെയ്തതിന്റെ പേരിലുള്ള കേസിന് ഇന്ന് വഞ്ചിയൂര്‍ കോടതിയില്‍ ഹാജരായി. പ്രിയ സുഹൃത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍, നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച വിഷ്ണു മോഹന്‍, ഉല്ലാസ് കോവൂര്‍, ഫാത്തിമ തെഹലിയ ഉള്‍പ്പടെ യു ഡി എസ് എഫിന്റെ സഹപ്രവര്‍ത്തകരും കേസിലെ പ്രതികളാണ്. സംസ്ഥാനത്തുടനീളം ഇക്കഴിഞ്ഞ പത്ത് വര്‍ഷമായി കേസിലകപ്പെട്ട ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ക്ക് കള്ളക്കേസുകളില്‍ നിന്നുള്ള മോചനം കൂടിയായിരിക്കും കേരളത്തിലെ ഭരണ മാറ്റം- എന്ന അടിക്കുറിപ്പിനൊപ്പമാണ് പി കെ ഫിറോസ് വിവാദ ചിത്രം പോസ്റ്റ് ചെയ്തത്.മൂന്ന് ബലാത്സംഗ, ഗര്‍ഭഛിദ്ര കേസ് പ്രതിയുമൊന്നിച്ച് സെല്‍ഫി, ഭരണത്തില്‍ എത്തിയാലുടന്‍ കേസുകളില്‍ നിന്ന് കോടതി കുറ്റവിമുക്തനാക്കുമോ, തൊലിക്കട്ടി സമ്മതിക്കണം, ഇനി വിശുദ്ധന്‍ ആയി പ്രഖ്യാപിക്കുമോ, ഇതിനാണോ സ്ത്രീകള്‍ യുഡിഎഫിന് വോട്ട് ചെയ്തത്, കള്ളക്കേസ് എന്ന് പറയുമ്പോള്‍ രാഹുലിന്റെ കേസും ഇല്ലാതാകുമോ, മാക്‌സിമം വെളുപ്പിച്ചെടുക്കണം കേട്ടോ… എന്നെല്ലാമാണ് കമന്റുകള്‍.പി കെ ഫിറോസിനെ കണ്ടത് രാഹുല്‍ മാങ്കൂട്ടത്തില്‍ റീലാക്കി പോസ്റ്റ് ചെയ്തിട്ടുണ്ട്. പി കെ ഫിറോസ് ‘എംഎല്‍എ’യെ ആദ്യമായി കാണുകയാണ്, അപ്പോള്‍ തന്നെ റീല്‍സായി, പ്രിയപ്പെട്ടവനെ എന്ന പേരിലാണ് റീല്‍ പോസ്റ്റ് ചെയ്തത്. ആലിംഗനം ചെയ്ത് സൗഹൃദം പങ്കിടുന്നതും ഒന്നിച്ച് നടക്കുന്നതുമാണ് റീല്‍സിലുള്ളത്.