കല്‍ബയിലും ഖോര്‍ഫക്കാനിലും വന്‍ വികസന പദ്ധതികള്‍; ഷാര്‍ജയില്‍ ആഡംബര തീരദേശ റിസോര്‍ട്ട് ഉദ്ഘാടനം ചെയ്തു

Wait 5 sec.

ഷാര്‍ജ | പ്രകൃതിഭംഗിയും ആധുനികതയും സമന്വയിപ്പിച്ച് ടൂറിസം, നിക്ഷേപ മേഖലകള്‍ക്ക് വന്‍ ഉത്തേജനം നല്‍കുന്ന നിരവധി തന്ത്രപ്രധാന വികസന പദ്ധതികള്‍ക്ക് ഷാര്‍ജയുടെ കിഴക്കന്‍ മേഖലയില്‍ തുടക്കമാകുന്നു. ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ പ്രത്യേക കാഴ്ചപ്പാടില്‍ ഒരുങ്ങുന്ന ഈ പദ്ധതികള്‍ നഗരസൗന്ദര്യം വര്‍ധിപ്പിക്കുന്നതിനൊപ്പം ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താനും ലക്ഷ്യമിട്ടുള്ളതാണ്. ഖോര്‍ഫക്കാന്‍ റിസോര്‍ട്ടും അബു കിസാന്‍ മറൈന്‍ വില്ലേജും കല്‍ബയിലെ വികസന പദ്ധതികളും യാഥാര്‍ഥ്യമാകുന്നതോടെ രാജ്യത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായി കിഴക്കന്‍ മേഖല മാറും.ഇതിന്റെ ഭാഗമായി ഷാര്‍ജ ഇസ്‌ലാമിക് ബേങ്കിന്റെ കീഴിലുള്ള അസാസ് റിയല്‍ എസ്റ്റേറ്റ് കമ്പനി 700 ദശലക്ഷം ദിര്‍ഹം ചെലവില്‍ വികസിപ്പിക്കുന്ന ആഡംബര തീരദേശ റിസോര്‍ട്ട് ശൈഖ് സുല്‍ത്താന്‍ ഉദ്ഘാടനം ചെയ്തു. ഒന്ന് മുതല്‍ നാല് വരെ ബെഡ്‌റൂമുകളുള്ള 573 റെസിഡന്‍ഷ്യല്‍ യൂണിറ്റുകളും 16 വാണിജ്യ ഔട്ട്‌ലെറ്റുകളും ഇവിടെയുണ്ടാകും. കടല്‍, ബീച്ച്, നഗരം, മലനിരകള്‍ എന്നിവയുടെ മനോഹരമായ കാഴ്ചകള്‍ സമ്മാനിക്കുന്നതാണ് പ്രൊജക്ട്. ഖോര്‍ഫക്കാന്റെ തെക്കേ കവാടത്തില്‍ ഇസ്‌ലാമിക വാസ്തുവിദ്യാ ശൈലിയിലുള്ള താഴികക്കുടവും വലിയ അലങ്കാര ആര്‍ച്ചുകളുമായി ആകര്‍ഷകമായ ക്ലോക്ക് ടവര്‍ നിര്‍മിക്കുന്നുണ്ട്. ഇറ്റലിയിലെ പ്രശസ്തമായ തീരദേശ ഗ്രാമങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഇസ്‌ലാമിക പൈതൃകം സമന്വയിപ്പിച്ച് 70 ലക്ഷം ചതുരശ്ര അടിയിലാണ് അബു കിസാന്‍ മറൈന്‍ വില്ലേജ് നിര്‍മിക്കുന്നത്. പ്രകൃതിദത്ത തുറമുഖത്തിന് ചുറ്റുമുള്ള ബഹുവര്‍ണ കെട്ടിടങ്ങള്‍, പ്രസിഡന്‍ഷ്യല്‍ ബൊളിവാര്‍ഡ്, ബീച്ച് ഏരിയ എന്നിവ ഇതിന്റെ ഭാഗമായിരിക്കും.കല്‍ബയിലെ അഞ്ച് പ്രധാന പദ്ധതികള്‍ അടുത്ത ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കാനുള്ള ദ്രുതഗതിയിലുള്ള നീക്കങ്ങളാണ് നടക്കുന്നത്. തടാകവും വിശ്രമകേന്ദ്രവുമടങ്ങുന്ന അല്‍ ഹയാര്‍ പ്രൊജക്ട് ഉടന്‍ തുറക്കും. വിനോദസഞ്ചാരികളുടെ ട്രെയിലറുകള്‍ പാര്‍ക്ക് ചെയ്യാനും വിശ്രമിക്കാനുമുള്ള പ്രത്യേക സൗകര്യങ്ങള്‍ ഇവിടെയുണ്ടാകും. കല്‍ബ യൂണിവേഴ്സിറ്റിക്ക് പിന്നില്‍ കടല്‍ത്തീരം വരെ നീളുന്ന പ്രദേശത്തെ വീടുകള്‍ മനോഹരമായ ലോഡ്ജുകളും ഹോട്ടലുകളുമായി പുനര്‍നിര്‍മിക്കും. വെള്ളത്തിനടിയിലൂടെ സന്ദര്‍ശകര്‍ പ്രവേശിക്കുന്ന രീതിയിലുള്ള ഷെല്‍ തിയേറ്റര്‍ കല്‍ബയുടെ പ്രകൃതിഭംഗിക്ക് മാറ്റുകൂട്ടുന്ന ഒരു വാസ്തുവിദ്യാ വിസ്മയമായിരിക്കും. മലനിരകളില്‍ നിന്ന് കടലിലേക്ക് ഒഴുകുന്ന വെള്ളച്ചാട്ടങ്ങളും പാര്‍ക്കുകളുമടങ്ങുന്ന 750 മീറ്റര്‍ നീളമുള്ള അല്‍ ഫുറൈശ് ലേക്ക് പ്രൊജക്ട് കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ആസ്വദിക്കാന്‍ പറ്റിയ കേന്ദ്രമായിരിക്കും.പരമ്പരാഗത കലകളും കരകൗശലവസ്തുക്കളും തത്സമയം പ്രദര്‍ശിപ്പിക്കുന്ന എയര്‍കണ്ടീഷന്‍ ചെയ്ത കല്‍ബ ഹെറിറ്റേജ് മ്യൂസിയം ഒരു ലിവിംഗ് മ്യൂസിയം ആയിട്ടായിരിക്കും പ്രവര്‍ത്തിക്കുക. കല്‍ബയുടെ പടിഞ്ഞാറ് ഭാഗത്ത് പനിനീര്‍ തളിക്കുന്ന മനോഹരമായ ഫൗണ്ടേഷനോടു കൂടിയ റൗണ്ട് എബൗട്ട് നിര്‍മിക്കുന്നുണ്ട്. ഇതിന്റെ മധ്യഭാഗത്തേക്ക് സന്ദര്‍ശകര്‍ക്ക് എത്താന്‍ ഭൂഗര്‍ഭ തുരങ്കവുമുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.